ജർമനിയിൽ സ്വകാര്യ സ്കൂളുകൾക്ക് പ്രിയമേറുന്നു
Monday, August 12, 2019 9:24 PM IST
ബർലിൻ: ജർമനിയിലെ സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുകയും സ്വകാര്യ സ്കൂളുകളോട് താത്പര്യം വർധിക്കുകയും ചെയ്യുന്നതായി കണക്കുകളിൽ വ്യക്തമാകുന്നു.

സർക്കാർ സ്കൂളുകളുടെ നിലവാരം കുറയുകയാണെന്നും അതാണ് പല മാതാപിതാക്കളും സ്വകാര്യ സ്കൂളുകളിൽ ചേർക്കാൻ കാരണമെന്നും ഭരണകക്ഷിയായ സിഡിയുവിന്‍റെ നേതാവ് കാർസ്റ്റൻ ലിൻമാൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനും കുടിയേറ്റക്കാരെയും അഭയാർഥികളെയുമാണ് ലിൻമാൻ പഴി ചാരുന്നത്. വിവിധ ഭാഷകൾ സംസാരിക്കുന്ന കുട്ടികൾ ഒരുമിച്ചിരിക്കുന്നത് പഠന നിലവാരം ഇടിയാൻ കാരണമാകുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വാദം. ജർമൻ ഭാഷയറിയാത്ത കുട്ടികളെ പ്രൈമറി ക്ലാസുകളിൽ ചേർക്കരുതെന്ന ’പരിഹാര’ നിർദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു.

എല്ലാ ജർമൻ സ്റ്റേറ്റുകളിലും സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറയുന്ന പ്രവണത ദൃശ്യമാണ്. എന്നാൽ, ഇതിനു കാരണം ഓരോ സ്റ്റേറ്റിലും വ്യത്യസ്തമാണ്. മതപരമായ കാരണങ്ങൾ മുതൽ മോണ്ടിസോറി പോലുള്ള പരീക്ഷണാത്മക അധ്യയന പരിപാടികളോടുള്ള താത്പര്യം വരെ ഇതിൽ ഉൾപ്പെടുന്നു.

25 വർഷത്തിനിടെ സ്വകാര്യ സ്കൂളുകളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ട്. 3200ൽ നിന്ന് 5850. ഇപ്പോൾ രാജ്യത്തെ ആകെ സ്കൂളുകളിൽ 14 ശതമാനം സ്വകാര്യ മേഖലയിലാണ്.

പൂർവ മേഖലയിലാണ് ഈ പ്രവണത ഏറ്റവും കൂടുതൽ ദൃശ്യമാകുന്നത്. കമ്യൂണിസ്റ്റ് ഭരണകാലത്ത് ഒരു സ്വകാര്യ സ്കൂൾ പോലും പൂർവ ജർമനിയിൽ ഉണ്ടായിരുന്നില്ല. സർക്കാർ സ്കൂളുകളിലും സർക്കാർ അംഗീകരിച്ച അർദ്ധ സർക്കാർ, മാനേജ്മെന്‍റ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികൾക്ക് ഫീസ് രഹിത വിദ്യാഭ്യാസമാണ് നൽകുന്നത്. എന്നാൽ സർക്കാരിന്‍റെ അംഗീകാരമുള്ള ഇംഗ്ലീഷ് മീഡിയം പോലെയുള്ള സ്കൂളുകളിലാണ് നിർബന്ധമായും ഫീസ് നൽകേണ്ടത്. ഇവിടുത്തെ ഫീസ് നിരക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല എന്നതാണ് സത്യം.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ