ഓണാവധി: സ്പെഷൽ സർവീസുകളുമായി കേരള, കർണാടക ആർടിസികൾ
Tuesday, August 27, 2019 12:24 AM IST
ബംഗളൂരു: ഓണാവധിക്ക് നാട്ടിലേക്ക് യാത്രാത്തിരക്കേറിയതോടെ മലയാളികൾക്ക് ആശ്വാസമായി കേരള കർണാടക ആർടിസികളുടെ സ്പെഷൽ സർവീസുകൾ. കേരളത്തിലേക്ക് തിരക്ക് കൂടുതലുള്ള സെപ്റ്റംബർ നാലു മുതൽ 14 വരെ കേരള ആർടിസി ഏഴും കർണാടക ആർടിസി ആറും സ്പെഷൽ സർവീസുകളാണ് പ്രഖ്യാപിച്ചത്. തിരക്കനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കും.

എറണാകുളം, തൃശൂർ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് കേരള ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. അവധിക്കു ശേഷം ഇവിടങ്ങളിൽ നിന്ന് തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ സർവീസുകളുണ്ടാകും.

ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ മാസങ്ങൾക്കും മുമ്പു തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു. ഈ സാഹചര്യത്തിൽ കേരള, കർണാടക ആർടിസികളും സ്വകാര്യബസുകളുമാണ് യാത്രികർക്ക് ആശ്രയം. തിരക്ക് മുതലെടുക്കാൻ സ്വകാര്യ ബസുകൾ ഇരട്ടിയിലേറെ നിരക്ക് ഈടാക്കുന്നുവെന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഇരുആർടിസികളും സ്പെഷൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.

കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകൾ

രാത്രി 9.20, 9.45: ബംഗളൂരു- കോഴിക്കോട്
രാത്രി 7.15: ബംഗളൂരു- ‌തൃശൂർ
വൈകുന്നേരം 6.30: ബംഗളൂരു- എറണാകുളം
വൈകുന്നേരം 6.00: ബംഗളൂരു- കോട്ടയം
രാത്രി 9.01: ബംഗളൂരു- കണ്ണൂർ
രാത്രി 10.15: ബംഗളൂരു- പയ്യന്നൂർ