വത്തിക്കാന്റെ ആമസോണ്‍ സിനഡിനു തുടക്കം
Tuesday, October 8, 2019 12:27 PM IST
വത്തിക്കാന്‍സിറ്റി: ആമസോണ്‍ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിളിച്ചു ചേര്‍ത്ത പ്രത്യേക സിനഡിനു വത്തിക്കാനില്‍ തുടക്കമായി. മേഖലയിലെ നിക്ഷിപ്ത താത്പര്യങ്ങളുള്ളവരാണ് കാട്ടുതീക്കു പിന്നിലെന്ന് മാര്‍പാപ്പ ആരോപിച്ചു.

ആമസോണിലെ ഒറ്റപ്പെടുകയും ദാരിദ്ര്യത്തിലാകുകയും ചെയ്ത ആദിമ നിവാസികളുടെ അവസ്ഥയെക്കുറിച്ചും സിനഡ് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇവരുടെ പ്രതിനിധികളെ കൂടി പങ്കെടുപ്പിച്ച് കുര്‍ബാനയും നടത്തി.

സിനഡിനു മുന്നോടിയായി ആമസോണ്‍ മേഖലയില്‍ സംഘടിപ്പിച്ച 260 പരിപാടികളിലായി എണ്‍പതിനായിരം പേര്‍ പങ്കെടുത്തിരുന്നു. കാട്ടുതീയെക്കുറിച്ച് മാധ്യമങ്ങള്‍ കുപ്രചരണം നടത്തുന്നു എന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സോനരോ ആരോപിച്ചതിനു പിന്നാലെയാണ് മാര്‍പാപ്പയുടെ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയം.

അതേസമയം, കത്തോലിക്കാ പുരോഹിതര്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കുന്നതു സംബന്ധിച്ച ചര്‍ച്ചയും സിനഡില്‍ ലോകം ഉറ്റു നോക്കുന്ന അജന്‍ഡയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍