അഡ് ലെയ്ഡിൽ സീറോ മലബർ ദേവാലയ കൂദാശ ഒക്ടോബർ 20 ന്
Saturday, October 19, 2019 3:32 PM IST
അഡ് ലെയ്ഡ്: വിശുദ്ധ എവുപ്രാസ്യമ്മയുടെ നാമധേയത്തിൽ ഓസ്‌ട്രേലിയയിൽ സ്ഥാപിതമാകുന്ന ദേവാലയത്തിന്‍റെ കൂദാശ ഒക്ടോബർ 20ന് (ഞായർ) നടക്കും.

ഏകദേശം 700 ൽ പരം പേർക്ക് ആരാധന നടത്തുവാൻ സാധിക്കുന്ന ദേവാലയത്തിന്‍റെ നിർമാണം പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന് അനുസൃതമായി സീറോ മലബാർ സിനഡ് നിർദ്ദേശിക്കുന്ന രീതിയിലാണ് പൂർത്തിയാക്കുന്നത്. ദൈവശാസ്ത്രപരമായ ദേവാലയ ഘടന പരമാവധി നിലനിർത്തുവാൻ ശ്രമിച്ചിട്ടുണ്ടെന്ന് ദേവാലയനിർമാണ കമ്മിറ്റി അറിയിച്ചു. പൈതൃകവും ദേവാലയ കലയും നിലനിർത്തിക്കൊണ്ടുള്ള ഈ ദേവാലയം സീറോ മലബാർ സഭക്ക് മുതൽക്കൂട്ട് ആകുമെന്ന് പ്രതീക്ഷിക്കുന്നു.

പരസ്യ വണക്കത്തിനായി മൂന്നു വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന ഓസ്‌ട്രേലിയയിലെ ഏക ദേവാലയമാണ് അഡ്‌ലൈഡ് നോർത്തിലെ ഈ ദേവാലയം. ഇറ്റലിയിലെ പാദുവായിൽ നിന്ന് മാർ ബോസ്കോ പുത്തൂർ നേരിട്ടു കൊണ്ടുവന്ന വിശുദ്ധ അന്തോനീസിന്‍റെ തിരുശേഷിപ്പിനൊപ്പം സീറോ മലബാർ സഭയിലെ ആദ്യ വിശുദ്ധയായ അൽഫോൻസാമ്മയുടെയും, ഇടവക മധ്യസ്ഥയായ വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകൾ ഈ ദേവാലയത്തിൽ സൂക്ഷിക്കുന്നുണ്ട്. തിരുശേഷിപ്പുകൾ ലഭ്യമായത് മാർ ബോസ്കോ പുത്തൂരിന്‍റെ താല്പര്യപൂർവമായ ഇടപെടൽ മൂലമാണെന്ന് വികാരി ഫാ.ഫ്രാൻസിസ് പുല്ലുകാട്ട് അറിയിച്ചു.

ദേവാലയ കൂദാശയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് പള്ളി കൈക്കാരന്മാരായ മാർട്ടിൻ, ജോയി, ബിബിൻ എന്നിവർ അറിയിച്ചു.

ഉച്ചക്ക് 1.30 ന് വിശിഷ്ടാധിതികൾക്കുള്ള സ്വീകരണവും തുടർന്ന് ആരാധന ക്രമാധിഷ്തിതമായ സ്വാഗതം, തുടർന്ന് ദേവാലയ വാതിൽ ദൈവജനത്തിനായി തുറന്നു കൊടുക്കുന്ന കർമം അഡ്‌ലെയ്ഡ് രൂപതയുടെ വികാരി ജനറാൾ ഫിലിപ് മാർഷൽ നിർവഹിക്കും. ഗായകസംഗത്തിന്‍റെ സ്വാഗത ഗാനത്തോടെ തിരുകർമ്മങ്ങൾ ആരംഭിക്കും. തുടർന്നു ബോസ്കോ പിതാവിന്‍റെ കാർമികത്വത്തിൽ അഡ്‌ലെയ്ഡിലെ വിവിധ ഇടവകയിലെ വൈദികർ ഒന്നുചേർന്ന് ദിവ്യബലി അർപ്പിക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിന് മാർ ബോസ്കോ പുത്തൂർ അധ്യക്ഷത വഹിക്കും. വിവിധ കമ്മിറ്റികളിൽ ശുശ്രൂഷ ചെയ്തവരെ ചടങ്ങിൽ ആദരിക്കുമെന്ന് ദേവാലയനിർമാണ കമ്മിറ്റി അറിയിച്ചു.
വൈകുന്നേരം 7 നു നടക്കുന്ന സ്നേഹവിരുന്നിനുള്ള തയാറെടുപ്പുകൾ വിവിധ ഇടവകകളിൽ നിന്നുള്ള പാചകവിദഗ്ധരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

റിപ്പോർട്ട്:ടോം ജോസഫ്