വിശ്വാസചങ്ങലയുമായി കുട്ടിക്കൂട്ടം
Saturday, October 26, 2019 7:47 PM IST
ന്യൂ ഡൽഹി: കോതമംഗലം മാർതോമാ ചെറിയ പള്ളിയിൽ അഖില മലങ്കര സൺ‌ഡേ സ്കൂൾ കുട്ടികളുടെ "കൂട്ടികൂട്ടം' പ്രാർഥന കൂട്ടായ്മക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി ഭദ്രാസനത്തിലെ സൺഡേസ്കൂൾ പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27ന് (ഞായർ) ഉച്ചകഴിഞ്ഞു മൂന്നിന് സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ വിശ്വാസചങ്ങല തീർക്കുന്നു.

സൺഡേ സ്കൂൾ ഡയറക്ടർ ഫാ. ഷിജു ജോർജ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും. ഭദ്രാസനത്തിലെ എല്ലാ വൈദീകരും സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളും നൂറുകണക്കിനു കുട്ടികളും ചടങ്ങിൽ പങ്കെടുക്കും.

രണ്ടാം കൂനൻ സത്യ വിശ്വാസ പ്രഖ്യാപനത്തിന്‍റെ അലയടികൾ മാറുന്നതിനു മുമ്പ് തന്നെയാണ് മാർതോമ ചെറിയ പള്ളി യാക്കോബായ സഭയുടെ മറ്റൊരു ചരിത്ര സംഭവത്തിന് അധിഥേയത്വം വഹിക്കുമ്പോൾ, അതിലൊരു ഭാഗമായി ഡൽഹി ഭദ്രാസനത്തിലെ വിദ്ധ്യാർഥി പ്രസ്ഥാനവും വിശ്വാസ സംരക്ഷണത്തിനായി അണി ചേരുന്നു.

മലങ്കരയുടെ 700 ൽ പരം സൺ‌ഡേ സ്കൂളിൽ നിന്നുമായി കാൽ ലക്ഷത്തിൽ അധികം കുട്ടികൾ കോതമംഗലത്ത് അണിചേരുമ്പോൾ, ഡൽഹിയിലെ നൂറുകണക്കിനു കുരുന്നുകൾ ഭദ്രാസന ആസ്ഥാനത്ത് പങ്കെടുക്കും.

സഭയോടൊപ്പം ചേർന്നു നിന്ന് ഡൽഹിയിൽ നടക്കുന്ന കുട്ടികളുടെ കൂട്ടായ്മ സഭാ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവം ആയി മാറുമെന്ന് ഭദ്രാസന മെത്രാപ്പൊലിത്ത കുര്യാക്കോസ് മോർ യൗസേബിയോസ് പറഞ്ഞു.