ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ബോറിസ് സുനാമയില്‍ തകര്‍ന്നടിഞ്ഞ് ലേബര്‍ പാര്‍ട്ടി ; കണ്‍സര്‍വേറ്റീവിന് തുടര്‍ഭരണത്തിനായി പച്ചക്കൊടി
Friday, December 13, 2019 11:05 PM IST
ലണ്ടന്‍: ബ്രിട്ടനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ബ്രെക്സിറ്റ് നയങ്ങള്‍ക്കു ജനങ്ങള്‍ നല്‍കിയ പിന്തുണയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ലേബര്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു.

അവസാന ഫലങ്ങൾ പുറഞ്ഞുവരുമ്പോള്‍ 650 അംഗ പാര്‍ലമെന്റില്‍ 365 സീറ്റുകള്‍ ടോറികള്‍ നേടി. ലേബര്‍ പാര്‍ട്ടി 203 സീറ്റിലേക്ക് ഒതുങ്ങി. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് 318 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്, എന്നാല്‍ ഇത്തവണ 47 സീറ്റുകള്‍ അനികം നേടി. ലേബര്‍ പാര്‍ട്ടിക്ക് 262 ല്‍ നിന്ന് 59 സീറ്റു നഷ്ടമാവുകയും ചെയ്തു.

ടോറികള്‍ക്ക് കോമണ്‍സ് സഭയില്‍ 1987 നു ശേഷം പാര്‍ട്ടിയുടെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.

കണ്‍സര്‍വേറ്റീവുകള്‍ ലേബറിനെ അതിന്‍റെ പരമ്പരാഗത ഹൃദയപ്രദേശങ്ങളായ മിഡ് ലാന്റിലും ഇംഗ്ളണ്ടിന്റെ വടക്കുഭാഗത്തും ഉഴുതുമറിച്ചു. വെയില്‍സില്‍ ഉടനീളം സീറ്റുകള്‍ നേടി.

ജനുവരി 10 ന് യുകെയെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തെടുക്കുമെന്ന തന്റെ പ്രതിജ്ഞ നിറവേറ്റുമെന്ന് പറഞ്ഞ് ജെറമി കോര്‍ബിന്റെ പാര്‍ട്ടി ഉപേക്ഷിച്ച് കണ്‍സര്‍വേറ്റീവുകളിലേക്ക് തിരിഞ്ഞ ആജീവനാന്ത ലേബര്‍ അനുഭാവികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പത്താം നമ്പര്‍ നമ്പറിനു പുറത്ത് സംസാരിച്ച ജോണ്‍സണ്‍.

നിങ്ങള്‍ എന്നില്‍ ചെലുത്തിയ വിശ്വാസത്തിന് ഞാന്‍ നന്ദി പറയുന്നു, നിങ്ങളുടെ വിശ്വാസം തിരിച്ചടയ്ക്കാനും നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ലമെന്റില്‍ നിങ്ങളുടെ മുന്‍ഗണനകള്‍ നോക്കിക്കണ്ട് ഞങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും".

കണ്‍സര്‍വേറ്റീവുകള്‍ക്ക് വോട്ട് ചെയ്യാത്തവരും ഇപ്പോഴും യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകളെ ജോണ്‍സണ്‍ അഭിസംബോധന ചെയ്യാനും മറന്നില്ല. ബ്രിട്ടന്‍ എന്ന ഏക രാഷ്ട്ര കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റില്‍ ഞങ്ങള്‍ ഒരിക്കലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളോടുള്ള ഊഷ്മളതയും സഹാനുഭൂതിയും മറ്റു സഹകരണവും നല്ലതുമായ വികാരങ്ങളും മാനിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രെക്സിറ്റിനെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ശാശ്വത ഇടവേളയായി രാജ്യം അര്‍ഹത നേടിയിരിയ്ക്കയാണന്ന് അദ്ദേഹം പറഞ്ഞു.

എന്‍എച്ച്എസിലൂടെ എല്ലാവര്‍ക്കും രോഗശാന്തി ഉണ്ടാകുമെന്നും, എന്‍എച്ച്എസ് ബ്രിട്ടീഷ് ജനതയുടെ മുന്‍ഗണനയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ പുതിയ അധികാരം ഉപയോഗിച്ച് രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരാനും അവസരങ്ങള്‍ സമനിലയിലാക്കാനും അദ്ദേഹം പറഞ്ഞു.

ഇതോടെ ജനുവരിയില്‍ തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം അവസാനിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം.

ബ്രെക്സിറ്റ് പിന്‍മാറ്റ കരാര്‍ മൂന്നു വട്ടവും പാര്‍ലമെന്റ് വോട്ടിനിട്ടു തള്ളിയതോടെയാണ് ബോറിസ് ജോണ്‍സണ്‍ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പിക്കാനും അദ്ദേഹത്തിനു സാധിച്ചു.

മറുവശത്ത്, ബ്രെക്സിറ്റ് വിഷയത്തില്‍ വീണ്ടും ഹിതഹപരിശോധന നടത്താമെന്ന വാഗ്ദാനവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ലേബര്‍ പാര്‍ട്ടിയെ ജനങ്ങള്‍ കൈയൊഴിയുകയായിരുന്നു.

86 പേരുടെ ഭൂരിപക്ഷമാണ് ഭരണപക്ഷം പ്രതീക്ഷിച്ചത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 11 സീറ്റ് കൊണ്ട് തൃപ്തിപ്പെടുമ്പോള്‍ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് സീറ്റൊന്നുമില്ല. ബ്രെക്സിറ്റിനെതിരേ ശക്തമായ നിലപാടെടുത്ത സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 48 സീറ്റ് നേടി. ഗ്രീന്‍ പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചെടുക്കാന്‍ സാധിച്ചപ്പോള്‍ രണ്ടു സീറ്റ് നഷ്ടമായി.

ഇതു ടോറി ഭൂകമ്പം: ബോറിസ്

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ഭൂകമ്പമാണ് ടോറികള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് നടപ്പാക്കാനുള്ള പിന്തുണയാണ് ജനങ്ങള്‍ ഇതിലൂടെ തനിക്കു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും പ്രധാനമന്ത്രിയുടെ വാഗ്ദാനം. മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പോലെ ജനുവരിയില്‍ തന്നെ ബ്രെക്സിറ്റ് നടപ്പാക്കാനുള്ള നടപടികളുമായാണ് അദ്ദേഹം ഇനി മുന്നോട്ടു പോകുക എന്നു വ്യക്തം.

വടക്കു കിഴക്കന്‍ മേഖലയിലെ ലേബര്‍ ശക്തി കേന്ദ്രങ്ങള്‍ കൂടി കീഴടക്കിയാണ് ഭരണപക്ഷത്തിന്‍റെ പടയോട്ടം. വര്‍ക്കിംഗ്ടണ്‍, ബ്ളിത്ത് വാലി, ബിഷപ്പ് ഓക്ക്ലന്‍ഡ് എന്നിവിടങ്ങളിലെ വിജയം ടോറി നേതാക്കള്‍ക്കു പോലും അവിശ്വസനീയമായി.


മാധ്യമങ്ങളെ പഴിച്ച് കോര്‍ബിന്‍

1935നു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തിരിച്ചടി വിശ്വസിക്കാനാവാതെ ലേബര്‍ പാര്‍ട്ടി. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചെങ്കിലും തന്‍റെ നിലപാടുകള്‍ തെറ്റായിരുന്നു എന്നു സമ്മതിക്കാന്‍ ജെറമി കോര്‍ബിന്‍ തയാറായില്ല. പരാജയത്തിനു കാരണം മാധ്യമ പ്രചാരണമാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തി.

കോര്‍ബിന്‍റേയും കോര്‍ബിനിസത്തിന്‍റേയും തകര്‍ച്ചയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍, അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ സഖ്യകക്ഷി നേതാക്കളോ കോര്‍ബിനെ തള്ളിപ്പറയാന്‍ തയാറായിട്ടില്ല. ബ്രെക്സിറ്റ് പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി വന്നതിനാലാണ് ഇങ്ങനെയൊരു ഫലമുണ്ടായതെന്നാണ് അവരുടെ വാദം.

1983ല്‍ ലഭിച്ച 209 സീറ്റാണ് ലേബര്‍ പാര്‍ട്ടിക്ക് സമീപ കാലത്ത് കിട്ടിയ ഏറ്റവും കുറഞ്ഞ പാര്‍ലമെന്‍റ് പ്രാതിനിധ്യം. ഇക്കുറി അതിലും കുറവായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ