മെൽബണ്‍ സീറോ മലബാർ കത്തീഡ്രൽ ഇടവകയുടെ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 24ന്
Saturday, December 21, 2019 4:26 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ കത്തീഡ്രൽ ഇടവകയുടെ കത്തീഡ്രൽ നിർമാണ ധനശേഖരാർഥം സംഘടിപ്പിച്ചിട്ടുള്ള റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ഡിസംബർ 24നു (ചൊവ്വ) മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ നിർവഹിക്കും.

റിസർവോയിലെ വൈറ്റ്ലൊ സ്ട്രീറ്റിലുള്ള സെന്‍റ് സ്റ്റീഫൻസ് ദേവാലയത്തിൽ രാത്രി 8 നു നടക്കുന്ന ദിവ്യബലിയിൽ മാർ ബോസ്കോ പുത്തൂർ മുഖ്യ കാർമികത്വം വഹിക്കും. 9.30ന് കത്തീഡ്രൽ ഇടവകയിലെ ഗായക സംഘങ്ങളുടെ നേതൃത്വത്തിൽ കരോൾ ഗാനങ്ങൾ ആലപിക്കും. 10 ന് റാഫിൾ ടിക്കറ്റിന്‍റെ നറുക്കെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.

രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കൊ, ആന്‍റൊ തോമസ്, റാഫിളിന്‍റെയും ഫിനാൻസ് കമ്മിറ്റിയുടെയും കണ്‍വീനറായ ജോണ്‍സണ്‍ ജോർജ്, രൂപത പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോബി ഫിലിപ്പ്, റാഫിൾ ടിക്കറ്റ് കമ്മിറ്റി അംഗം ജിനോയ് സ്കറിയ എന്നിവർ നറുക്കെടുപ്പിനു നേതൃത്വം നൽകും.

നറുക്കെടുപ്പിന്‍റെ തത്സമയ സംപ്രേഷണം കത്തീഡ്രൽ ഇടവക ഫേസ്ബുക്ക് പേജിൽ ഉണ്ടായിരിക്കും. വിജയികളെ നേരിട്ട് അറിയിക്കുന്നതോടൊപ്പം കത്തീഡ്രൽ ഇടവകയുടെ വെബ്സൈറ്റിലും ഫലം പ്രസിദ്ധീകരിക്കും. നറുക്കെടുപ്പിനുശേഷം ക്രിസ്മസ് കേക്കിന്‍റെ വിതരണവും ഉണ്ടായിരിക്കും.

ഡിസംബർ 24നു രാത്രി 7നു റോക്സ്ബറോ പാർക്കിലെ സതേണ്‍ക്രോസ് ഡ്രൈവിലുള്ള ഗുഡ് സമരിറ്റൻ ദേവാലയത്തിലെ വിശുദ്ധ കുർബാനയിൽ കത്തീഡ്രൽ വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.

ഒന്നാം സമ്മാനമായി അറുപത്തയ്യായിരം ഡോളർ വിലയുള്ള ടൊയോട്ട പ്രാഡോ കാറും രണ്ടാം സമ്മാനമായി ഫ്ളൈവേൾഡ് ഇന്‍റർനാഷണൽ നൽകുന്ന 2000 ഡോളറിന്‍റെ ട്രാവൽ വൗച്ചറും മൂന്നാം സമ്മാനമായി സെലിബ്രേഷൻസ് ഇന്ത്യൻ റസ്റ്ററന്‍റ് നൽകുന്ന ആയിരം ഡോളറിന്‍റെ കോൾസ് മയർ ഗിഫ്റ്റ് വൗച്ചറും നാലാം സമ്മാനമായി അഞ്ഞൂറ് ഡോളർ വിലമതിക്കുന്ന സ്പിരിറ്റ് ഓഫ് ടാസ്മാനിയുടെ രണ്ട് ഗിഫ്റ്റ് വൗച്ചറും അഞ്ചാം സമ്മാനമായി കോക്കനട്ട് ലഗൂണ്‍ റസ്റ്ററന്‍റിന്‍റെ നൂറ് ഡോളറിന്‍റെ അഞ്ചു വൗച്ചറുകളുമാണ് റാഫിൾ ടിക്കറ്റിന്‍റെ സമ്മാനങ്ങൾ.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ