ബ്രിട്ടനിൽ കോവിഡ് ഭേദമായത് 135 പേർക്ക്
Friday, March 27, 2020 11:20 AM IST
ലണ്ടൻ: യു കെ യിൽ കോവിഡ് ബാധ സ്ഥിരീകരിച്ച പതിനായിരത്തോളം ആളുകളിൽ നൂറ്റി മുപ്പത്തി അഞ്ചു പേർ പരിപൂർണ്ണമായി സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെന്നു ഔദ്യോഗിക റിപ്പോർട്ടുകൾ . വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഗർഭിണിയായ മലയാളി യുവതിയും കുഞ്ഞും , നേരത്തെ രോഗബാധിതരായ മൂന്നു മലയാളികളും സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ .

കോവിഡ് സ്ഥിരീകരിച്ച ചാൾസ് രാജകുമാരന്റെ ആരോഗ്യ സ്ഥിയിൽ ആശങ്ക പെടേണ്ട കാര്യമില്ല എന്നാണ് ഒദ്യോഗിക വിശദീകരണം . കഴിഞ്ഞ പന്ത്രണ്ടിന് ആണ് എലിസബെത്ത് രാജ്ഞിയുമായി ചാൾസ് രാജകുമാരൻ അവസാനമായി കൂടിക്കാഴ്ച നടത്തിയതെന്നും രാജ്ഞി പൂർണ്ണ ആരോഗ്യവതിയാണെന്നും കൊട്ടാരത്തിൽ നിന്നുള്ള അറിയിപ്പിൽ പറയുന്നു . മുൻപ് എന്തെങ്കിലും അസുഖ ബാധ ഉണ്ടായിരുന്നതുണ്ടായിരുന്നവരിലും , താരതമ്യേന പ്രായമായവരിലും ആയിരുന്നു രോഗബാധ സ്ഥിരീകരിക്കുകയും , മരണം സംഭവിക്കുകയും ചെയ്തിരുന്നതെങ്കിൽ ഇക്കഴിഞ്ഞ ദിവസം പൂർണ്ണ ആരോഗ്യവതിയായിരുന്ന ഇരുപത്തി ഒന്ന് വയസുകാരിയായ യുവതിക്ക് മരണം സംഭവിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട് .

യുവജനങ്ങൾ സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുകയാണെന്നും , വേണ്ട മുൻകരുതലുകൾ എടുക്കുന്നില്ല എന്നും ആക്ഷേപമുണ്ട് ,രാജ്യത്ത് രോഗബാധയുടെ മൂന്നിലൊന്നും റിപ്പോർട്ട് ചെയ്ത ലണ്ടൻ നഗരത്തിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ തീർന്നു തുടങ്ങിയതായും "സുനാമി "ക്കു സമാന മായ അവസ്ഥയാണ് എന്നും ആണ് റിപ്പോർട്ടുകൾ ,ചില ആശുപത്രികളിൽ അമ്പതു ശതമാനത്തോളം ജീവനക്കാർ രോഗാവസ്ഥയെ തുടർന്ന് ആശുപത്രിയിൽ എത്തുന്നില്ല , അല്ലെങ്കിൽ അവർ വീടുകളിൽ സെൽഫ് ഐസൊലേഷനിലാണ് , ഇതും ആശുപതികളുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും.നാഷണൽ ഹെൽത് സർവീസ് പ്രൊവൈഡർ ചീഫ് ക്രിസ് ഹോപ്‌സൺ ആണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത് .

ഇതിനിടെ ലണ്ടനിലെ കിങ്‌സ് കോളേജിലെ ശാത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത ആളുകളുടെ കൊറോണ വൈറസ് ലക്ഷണങ്ങൾ ട്രാക്ക് ചെയ്യുന്ന ഒരു ആപ്പ്ളികേഷൻ യു കെ യിലെ ആറര ദശ ലക്ഷം ആളുകൾക്ക് കൊറോണ ബാധയുടെ ലക്ഷണങ്ങൾ ഉണ്ടാകാമെന്ന് വെളിപ്പെടുത്തി . പനി , ചുമ ,ക്ഷീണം എന്നിങ്ങനെ യുള്ള രോഗലക്ഷണങ്ങൾ ആണ് ആപ്പ്ളിക്കേഷനിൽ ചോദ്യങ്ങളായി നൽകിയിരിക്കുന്നത് . ലോഞ്ച് ചെയ്ത ആദ്യ ഇരുപത്തി നാലു മണിക്കൂറിനുള്ളിൽ തന്നെ 650,000 പേർ ഡൌൺലോഡ് ചെയ്ത ഈ ആപ്പിൽ വിവരങ്ങൾ നൽകിയ ആളുകളുടെ വിശകലനത്തിൽ പത്തു ശതമാനം ആളുകൾക്ക്കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നു കണ്ടെത്തി .

ആശുപത്രിയിൽ എത്തിയില്ലെങ്കിൽ ആരെയും വൈറസിനായി പരിശോധി ക്കുന്നില്ല അതുകൊണ്ടു തന്നെ ആർക്കൊക്കെ വൈറസ് ബാധ ഉണ്ട് വ്യക്തമാകാത്ത അവസ്ഥയിലാണ് ബ്രിട്ടൻ . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം നടത്തിയ ഒരു പഠന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ഇതനുസരിച്ചു ബ്രിട്ടന്റെ ജനസംഖ്യയുടെ പകുതി ആളുകളോളം രോഗ ബാധയുടെ ലക്ഷണങ്ങളിൽ കൂടി കടന്നു പോയിട്ടുണ്ടാകാം എന്നാണ് പറയുന്നത് . ബ്രിട്ടനിലെ ജനങ്ങളുടെ കടുത്ത പ്രതിരോധ ശേഷി മൂലം പലരും ഇതറിയാതെ കടന്നു പോയിട്ടുണ്ടാകാം എന്നും വ്യക്തമാക്കിയിരുന്നു .

എന്നാൽ വരും ദിവസങ്ങളിൽ ആളുകൾക്ക് വീടുകളിൽ ഇരുന്നു തന്നെ വൈറസ് ടെസ്റ്റ് നടത്താനാവുന്ന ടെസ്റ്റ് മുപ്പത്തി അഞ്ചു ലക്ഷത്തോളം ആന്റിബോഡിടെസ്റ്റ് കിറ്റുകൾ ലഭ്യമായേക്കുമെന്നും വാർത്തകൾ ഉണ്ട് .ഇവയുടെ കൃത്യത പരിശോധന ഫലം ലഭിച്ചാലുടൻ തന്നെ പൊതു ജനങ്ങൾക്കു ഇവ ലഭ്യമാക്കുമെന്ന് പ്ര ധാനമന്ത്രി ബോറിസ് ജോൺസണും അദ്ദേഹത്തിന്റെ ശാസ്ത്ര ഉപദേഷ്ടാക്കളും ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത് .പതിനായിരത്തോളം വെന്റിലേറ്ററുകളും സർക്കാർ പുതുതായി ഓർഡർ നൽകിയിട്ടുണ്ട് .

സർക്കാരിന്റെ ആഹ്വാനമനുസരിച്ച്‌ റോബാധിതരായവരെയും ഐസൊലേഷനിൽ കഴിയുന്നവരെയും സഹായിക്കുവാനായി അഞ്ചു ലക്ഷത്തോളം വോളന്റീയർ മാർ സന്നദ്ധത പ്രകടിപ്പിച്ച് പേരുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട് . രണ്ടര ലക്ഷത്തോളം ആളുകളെ ആവശ്യമുണ്ട് എന്നാവശ്യപ്പെട്ടു പ്രധാനമന്തി നടത്തിയ പ്രഖ്യാപനത്തിന്റെ ഇരുപത്തിനാലു മണിക്കൂറിനുള്ളിനാണ് ഇത്രയും പേർ രംഗത്ത് വന്നത് . അടുത്ത ആഴ്ച മുതൽ ഇവരുടെ സേവനവും ലഭ്യമായി തുടങ്ങും .

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍