ജെഎന്‍യു വിദ്യാര്‍ഥികളോട് നാട്ടിലേക്കു പോകാന്‍ നിര്‍ദേശം
Tuesday, May 26, 2020 10:49 AM IST
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) മുഴുവന്‍ വിദ്യാര്‍ഥികളോടും കാമ്പസ് വിട്ട് സ്വന്തം വീടുകളിലേക്കു മടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍. എല്ലാ അക്കാഡമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണെന്നും ജൂണ്‍ 25നോ, അതിനു ശേഷമോ വിദ്യാര്‍ഥികള്‍ കാമ്പസിലേക്കു മടങ്ങി വന്നാല്‍ മതിയെന്നും സര്‍വകലാശാല നിര്‍ദേശിച്ചു.

ട്രെയിനുകളും ബസുകളും സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ ഹോസ്റ്റലുകളിലും മറ്റും കഴിയുന്ന എല്ലാ വിദ്യാര്‍ഥികളും സ്വന്തം നാടുകളിലേക്കു മടങ്ങണമെന്ന് ജെഎന്‍യു സ്റ്റുഡന്‍റ്സ് ഡീന്‍ സുദീര്‍ പ്രതാപ് സിംഗ് ഇന്നലെ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. അടുത്ത മാസം 25നു ശേഷം വിദ്യാര്‍ഥികള്‍ക്കു കാമ്പസിലേക്കു മടങ്ങാം. അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ അതുവരെ പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഹോസ്റ്റലുകള്‍ ഒഴിയണം. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നതു കൂടി കണക്കിലെടുത്താണ് തീരിമാനമെന്നും ഡീന്‍ വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാരും ആഭ്യന്തര മന്ത്രലായവും സംസ്ഥാന സര്‍ക്കാരും കോവിഡ്മാര്‍ഗരേഖകളും അറിയിപ്പുകളും നല്‍കുന്നുണ്ട്. റെയില്‍വെ സ്‌പെഷല്‍ ട്രെയിനുകളും ജൂണ്‍ ഒന്നു മുതല്‍ 200 കൂടുതല്‍ ഓടിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനാന്തര ബസ് സര്‍വീസുകളും ടാക്‌സികളും സര്‍വീസ് തുടങ്ങി. വിദ്യാര്‍ഥികള്‍ക്കു സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങാന്‍ ചില സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

ഈ മാസം ആദ്യം മുതലേ ഹോസ്റ്റലുകളില്‍ നിന്നു ഒഴിയാന്‍ വിദ്യാര്‍ഥികൾക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ഏതാനും വിദ്യാര്‍ഥികള്‍ പ്രത്യേക ട്രെയിനുകളില്‍ കേരളത്തിലേക്കും മറ്റും മടങ്ങുകയും ചെയ്തു. എന്നാല്‍ നിരവധി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ മറ്റിടങ്ങളില്‍ താത്കാലികമായി താമസിച്ചുവരുന്നുണ്ട്. ഹോസ്റ്റലുകളിലേക്കു മടങ്ങിവരണമെന്ന് പല വിദ്യാര്‍ഥികളും ആഗ്രഹം പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്നാണ് നാടുകളിലേക്കു പോകാന്‍ പുതിയ സര്‍ക്കുലറുമായി യൂണിവേഴ്‌സിറ്റി രംഗത്തെത്തിയത്.

ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി ഡല്‍ഹിയിലെ കാമ്പസില്‍ കഴിയുന്ന വിദ്യാര്‍ഥികളോട് നിര്‍ബന്ധപൂര്‍വം ഹോസ്റ്റല്‍ ഒഴിയാന്‍ ആവശ്യപ്പെടുന്നതു അനീതിയാണെന്ന് വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. ട്രെയിനുകളില്‍ ടിക്കറ്റ് പോലും ലഭ്യമല്ല. രണ്ടു ദിവസത്തെ കഷ്ടപ്പാടു സഹിച്ച് നാട്ടിലെത്തിയാല്‍ 14 ദിവസം ക്വാറന്‍റൈനില്‍ കഴിയുകയും വേണം. കോവിഡ് ബാധ പകരാനുള്ള സാധ്യത കൂടുകയും ചെയ്യും. തിരികെയുള്ള യാത്രയും രോഗബാധയുണ്ടായാലുള്ള പ്രായസങ്ങളും കണക്കിലെടുത്ത് ഒരു മാസത്തേക്കു മാത്രമായി ഇപ്പോള്‍ യാത്ര കൂടുതല്‍ അസൗകര്യമാകുമെന്നു മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. വീട്ടിലേക്കു പോകേണ്ടവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പോയിരുന്നുവെന്നും ഇവര്‍ പറയുന്നു.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍