മോദിയുടെ ആറു വര്‍ഷം വിനാശകരം: കോണ്‍ഗ്രസ്
Sunday, May 31, 2020 10:54 AM IST
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ വര്‍ഷം നിരാശാജനകവും വിനാശകരമായ മാനേജ്‌മെന്റും നീചമായ വേദനകളുടേതുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ആറു വര്‍ഷത്തെ ഭരണം കൊണ്ടു ബിജെപി സര്‍ക്കാര്‍ പാവങ്ങള്‍ക്കു ദുരിതവും ഭാരതമാതാവിനു കാര്യമായ മുറിവുകളും ഏല്‍പ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പാവങ്ങള്‍ക്കു കൊടിയ വേദന സമ്മാനിക്കുമ്പോഴും ചില വന്‍മുതലാളിമാരുടെ കീശ വീര്‍പ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സര്‍ക്കാര്‍, മറിച്ച് അവര്‍ക്കു ദുരിതങ്ങളും മുറിവുകളുമാണ് ആറു വര്‍ഷത്തില്‍ സമ്മാനിച്ചത്. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ചതു പോലെയാണു കാര്യങ്ങള്‍. ജനങ്ങള്‍ നിസഹയരാണ്- വേണുഗോപാലും എഐസിസി മാധ്യമവിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയും പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

കോവിഡും ലോക്ക്ഡൗണും കുടിയേറ്റ തൊഴിലാളികളുടെ തീരാദുരിതങ്ങളും സാമ്പത്തിക തളര്‍ച്ചയും അടക്കം രാജ്യം നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റിന്‍റെ വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള വെര്‍ച്വല്‍ സമ്മേളനം ഉടന്‍ വിളിക്കണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യത്തില്‍ അങ്ങേയറ്റം നിര്‍വികാരമായ നടപടികളാണു കേന്ദ്രസര്‍ക്കാരിന്‍റേതെന്നു വേണുഗോപാല്‍ പറഞ്ഞു. 20 ലക്ഷം കോടിയുടെ കോവിഡ് സഹായപദ്ധതി വലിയ നുണയായി മാറി.

വിഭാഗീയവും വര്‍ഗീയവുമായ അക്രമങ്ങള്‍ ഈ ഭരണകാലത്തു കൂടിയതിലൂടെ സമാനുഭാവവും സാഹോദര്യവും തേഞ്ഞുകീറി. സര്‍ക്കാരിന്‍റെ തെറ്റുകള്‍ രാജ്യത്തിന് അപരിഹാര്യമായ സാമ്പത്തിക ക്ഷതമേല്‍പിച്ചതിനു പുറമെ, സാമൂഹ്യമായ മുറിവുകളും ഉണ്ടായെന്നതാണ് മോദി ഭരണം ഏഴാം വര്‍ഷത്തിലേക്കു കടന്നപ്പോഴുള്ള ദയനീയ സ്ഥിതി. പ്രധാന സേവകന്‍ എന്നു സ്വയം വിശേഷിപ്പിച്ചയാള്‍ ഏകാധിപതിയായി മാറിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

സാമ്പത്തിക വളര്‍ച്ച കീഴോട്ടായി. സമീപകാലത്തെ ഏറ്റവും വലിയ വീഴ്ചയാണ് ജിഡിപിയുടേത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയിലാണ് ഇപ്പോള്‍. മോദിയുടെ ആറ് വര്‍ഷത്തില്‍ 32,868 ബാങ്ക് തട്ടിപ്പുകളാണ് ഉണ്ടായത്. ഇതില്‍ 2,70,513 കോടി രൂപയുടെ പൊതുമുതലാണുള്ളത്. ബാങ്കുകളുടെ കിട്ടാക്കടം 423 ശതമാനമാണ് കൂടിയത്. രൂപയുടെ മൂല്യം തകര്‍ന്ന് മാര്‍ഗദര്‍ശക് മണ്ഡലിലായി.

വികസനമെന്നതു വെറും മിഥ്യയായി. പ്രതിവര്‍ഷം രണ്ടു കോടി വീതം തൊഴില്‍ വാഗ്ദാനം ചെയ്തു ഭരണത്തിലേറിയവരുടെ കാലത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കോവിഡു കൂടി വന്നതോടെ തൊഴിലില്ലായ്മ 27.11 ശതമാനമായി കൂടിയെന്നാണ് പഠനറിപ്പോര്‍ട്ട്.

സബ് കേ സാത്ത്, സബ്കാ വികാസ് എന്നു വാഗ്ദാനം ചെയ്തവരുടെ ആറു വര്‍ഷക്കാലത്താണ് സാമ്പത്തിക അസമത്വം 73 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലായത്. രാജ്യത്തിന്റെ 45 ശതമാനം സമ്പത്ത് വെറും ഒരു ശതമാനത്തിന്റെ പക്കലാണ്. ഗ്രാമീണ ദാരിദ്ര്യം 2017-18ല്‍ 30 ശതമാനമായി കൂടി. ഇന്ത്യയില്‍ അസംഘടിത മേഖലയിലെ 40 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തുന്ന നിലയിലായെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐഎല്‍ഒയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വേണുഗോപാലും സുര്‍ജേവാലയും വിശദീകരിച്ചു.

റിപ്പോർട്ട്: ജോര്‍ജ് കള്ളിവയലില്‍