സന്ദർശക വീസയിലെത്തിയ മലയാളി വീട്ടമ്മ യുകെയിൽ മരിച്ചു
Monday, June 1, 2020 5:43 PM IST
ലണ്ടൻ: ബ്രോംലിയിലെ ഷോർട്ട് ലാൻഡിൽ താമസിക്കുന്ന മകൾ ജൂലി വിനോയെയും കുടുംബത്തെയും സന്ദർശിക്കുവാനായി നാട്ടിൽ നിന്നും എത്തിയ മാതാവ് ത്രേസ്യാമ്മ വിൻസൺ (71) നിര്യാതയായി. മെനിഞ്ചൈറ്റിസ് രോഗബാധയെത്തുടർന്നു ബ്രോംലിയിൽ ഓർപിംഗ്ടണിലെ ഫാൺബറോ പ്രിൻസസ് റോയൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേയാണ് മരണം. ഏപ്രിൽ രണ്ടാം വാരത്തിലാണ് കടുത്ത പനിയെത്തുടർന്നു ത്രേസ്യാമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൊറോണ വൈറസിനായി രണ്ടുതവണ ടെസ്റ്റ് ചെയ്‌തെങ്കിലും രണ്ട് തവണയും നെഗറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗം മെനിഞ്ചൈറ്റിസ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം മൂർച്ചിച്ചിതിനെത്തുടർന്ന്‌ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റുമുള്ള സംരക്ഷണ ചർമത്തിലെ കടുത്ത അണുബാധ ആരോഗ്യം കൂടുതൽ വഷളാക്കി. 35 ദിവസത്തിലധികം വെന്‍റിലേറ്ററുപയോഗിച്ച് ചികിത്സതേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.

എറണാകുളം മഠത്തിപ്പറമ്പിൽ ഊക്കൻ വീട്ടിൽ പരേതനായ എം.സി. വിൻസന്‍റിന്‍റെ ഭാര്യയാണ് മരിച്ച ത്രേസ്യാമ്മ. പരേതയുടെ യുകെ യിലുള്ള മകൾ ജൂലിയെക്കൂടാതെ മറ്റൊരു മകൾ ലിൻഡാ ജേക്കബ് കേരളത്തിലാണു താമസിക്കുന്നത്. ജേക്കബ് വടക്കേൽ (കേരളം),വിനോ ജോസ് കണംകൊമ്പിൽ (യുകെ) എന്നിവർ മരുമക്കളാണ്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ ഫാ.ആന്‍റണി ചുണ്ടെലിക്കാട്ട്, ഫാ.ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട്, ഫാ.ടോമി എടാട്ട്, യുക്മ പ്രസിഡന്‍റ് മനോജ് പിള്ള, വൈസ് പ്രസിഡന്‍റ് എബി സെബാസ്റ്റ്യൻ, സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, ബ്രോംലി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അനു കെ.ജോസഫ് എന്നിവർ അനുശോചിച്ചു.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ