ടാൻസാനിയായിൽ നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാർട്ടർ വിമാനം
Monday, June 8, 2020 7:04 PM IST
ഡാർ എസ് സലാം: അന്താരാഷ്ട്ര വിമാന സർസുകൾ കോവിഡ് -19 പ്രതിസന്ധിയിൽ മുടങ്ങിയ സാഹചര്യത്തിൽ കിഴക്കനാഫ്രിക്കൻ രാജ്യമായ ടാൻസാനിയയുടെ തലസ്ഥാനമായ ഡാർ എസ് സലാമിൽ നിന്നും കൊച്ചിയിലേക്കുള്ള പ്രത്യേക ചാർട്ടർ വിമാന സർവീസ് ജൂൺ ഏഴാം തിയതി ഞായറാഴ്ച വൈകുന്നേരം 5.30 നു കൊച്ചിയിലേക്ക് പുറപ്പെട്ടു.

വിവിധ അത്യാവശ്യ സാഹചര്യങ്ങളാൽ നാട്ടിലേക്കു മടങ്ങേണ്ട മലയാളികൾക്കായി ടാൻസാനിയായിലെ മലയാളി അസോസിയേഷനായ കലാമണ്ഡലം ടാൻസാനിയ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് ഈ പ്രത്യേക വിമാനം ക്രമീകരിച്ചിരിക്കുന്നത്.

127 മലയാളികളാണ് ഈ പ്രത്യേക വിമാനത്തിൽ തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ എത്തിച്ചേരുക. യാത്രക്കാരിൽ 8 ഗർഭിണികളും 15 കുട്ടികളും ഉൾപ്പെടുന്നു. വിമാനങ്ങൾ ഇല്ലാത്തതു മൂലം യാത്ര മുടങ്ങിയിരുന്ന കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള യാത്രക്കാർക്ക് ഈ പ്രത്യേക വിമാനം അനുഗ്രഹമായി.

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിമാനത്താവളത്തിലും യാത്രയിലും കേരളത്തിൽ എത്തിയതിനു ശേഷവും യാത്രക്കാർക്കായി നിർദ്ദേശിച്ചിരുക്കുന്ന ആരോഗ്യ മുൻകരുതലുകൾ അനുസരിച്ചായിരിക്കും ഈ വിമാന സർവീസ് എന്നു കലാമണ്ഡലം ടാൻസാനിയ സെക്രട്ടറി സൂരജ് കുമാർ അറിയിച്ചു.


ഇത്തരം ഒരു പ്രത്യേക സർവീസ്‌ നടത്തുന്നതിന് അനുമതിക്കായി എല്ലാ സഹകരണങ്ങളും ചെയ്‌തു തന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവരെ കലാമണ്ഡലം ടാൻസാനിയ ചെയർമാൻ വിപിൻ എബ്രഹാം പ്രത്യേകം അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെയും ഓഫീസുകൾ എല്ലാ സഹായങ്ങളുമായി നിരന്തരം കൂടെ ഉണ്ടായിരുന്നത് കാര്യങ്ങൾ വേഗത്തിലാക്കി. നോർക്കയുടെ സഹായങ്ങളും വിപിൻ അബ്രഹാം നന്ദിയോടെ സ്മരിച്ചു.

വന്ദേ ഭാരത് മിഷനോട് ചേർന്നു പ്രവർത്തിക്കുന്ന വിധത്തിൽ അതാത് ഇന്ത്യൻ എംബസിയോട് സഹകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി അസോസിയേഷനുകൾക്കും ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്താൻ അനുമതി നൽകാനുള്ള കേന്ദ സർക്കാർ തീരുമാനമാണ്, നിരവധി മലയാളി കുടുംബാംഗൾക്ക് ആശ്വാസമായ ഈ വിമാന സർവീസ് നടത്താൻ കലാമണ്ഡലം ടാൻസാനിയയെ പ്രേരിപ്പിച്ചത്. ഇതാദ്യമായാണ് ഇത്തരമൊരു ചാർട്ടർ വിമാനം ആഫ്രിക്കയില്‍നിന്ന് കൊച്ചിയിലേക്ക് പറക്കുന്നത്.