ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പരാതി പരിഹാര സെൽ ആരംഭിച്ചു
Thursday, June 11, 2020 5:09 PM IST
ന്യൂഡൽഹി: കോവിഡിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ നഴ്സുമാർ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളുടെ പരിഹാരത്തിനായി ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ പരാതി പരിഹാര സെൽ ആരംഭിച്ചു.

പൂർണ വേതനം ലഭിക്കുന്നില്ല, നിർബന്ധിത അവധി എടുപ്പിച്ചു വേതനം നൽകാതിരിക്കുക,
മതിയായ സുരക്ഷാ സംവിധാനങ്ങൾ നൽകാതിരിക്കുക, ഉപയോഗിച്ച സുരക്ഷാ കിറ്റുകൾ വീണ്ടും ഉപയോഗിക്കാൻ നൽകുക,ജോലി സമയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കുറഞ്ഞ വേതനത്തിൽ ഉള്ള താത്കാലിക നിയമനങ്ങൾ, ശോചനീയമായ താമസസൗകര്യങ്ങൾ തുടങ്ങിയവയാണ് ലഭിക്കുന്ന പരാതികളിലധികവും. ഇത്തരം പരാതികൾ വ്യാപകമായി ലഭിച്ചതിനെ തുടർന്നാണ് TNAI ഹെഡ്ക്വാർട്ടേഴ്‌സ് ഇത്തരം ഒരു പരാതി പരിഹാര സെല്ലുമായി മുന്നോട്ടു വന്നിരിക്കുന്നത്.

പരാതികൾ ഫോൺ, വാട്സ്ആപ്പ്, ഇമെയിൽ എന്നിവ മുഖേന അസോസിയേഷനെ അറിയിക്കാം.ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് പ്രഫ. ഡോ. റോയ് കെ. ജോർജ് , സെക്രട്ടറി ജനറൽ ഈവ്‌ലിൻ പി. കണ്ണൻ എന്നിവർ അറിയിച്ചു.

പരാതികൾ അറിയിക്കേണ്ട നമ്പർ 01140196690 അല്ലെങ്കിൽ 8287374228. ഇമെയിൽ വിലാസം [email protected] എന്നിവയിൽ അയക്കാവുന്നതാണ്. പരാതികൾ നൽകുന്ന ആളുകളുടെ പേര് , വിലാസം എന്നിവ പരാതിക്കാരന്‍റെ അനുവാദം ഇല്ലാതെ പുറത്തു വിടുന്നതല്ലെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്