ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത നടത്തുന്ന സഭാ ചരിത്ര പഠന മത്സരം ഓഗസ്റ്റ് മുതൽ
Tuesday, July 14, 2020 11:03 AM IST
പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ദമ്പതി വർഷത്തോട് അനുബന്ധിച്ച് കുടുംബാഗങ്ങൾക്ക് ഒന്നുചേർന്ന് സിറോ മലബാർ സഭയുടെ ചരിത്രം പഠിക്കാൻ ഒരു അവസരം. സഭയെ അറിഞ്ഞാലെ സഭയെ സ്നേഹിക്കാൻ സാധിക്കു . നാം ആയിരിക്കുന്ന നമ്മുടെ സഭയുടെ ചരിത്രം അറിയുക എന്നുള്ളത് നമ്മുടെ അവകാശവും ആവശ്യവുമാണ്.

ഓരോ സഭയ്ക്കും വ്യത്യസ്തമായ പാരമ്പര്യവും ആരാധനാക്രമവുമാണുള്ളത്. ഓരോ സഭയുടെയും പാരമ്പര്യമനുസരിച്ച് വ്യത്യസ്തമായ ആചാരാനുഷ്ട്ടാനങ്ങളും ആരാധന ക്രമരീതികളുമാണ് ഉള്ളത് . ഈശോമിശിഹായിലൂടെ ദൈവത്തിന്റെ കരുണയും സ്‌നേഹവും രക്ഷയും നമുക്ക് വെളിവാക്കപ്പെട്ടു തന്നു.ഇപ്രകാരം വെളിപ്പെടുത്തപ്പെട്ട മിശിഹാ രഹസ്യം ക്രിസ്തുശിഷ്യന്മാർ ലോകം മുഴുവനിലും പ്രഘോഷിച്ചു.

ക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ ഒരുവനായ തോമാശ്ലീഹായാണ് ഭാരതത്തിന്റെ മണ്ണിൽ സുവിശേഷം പ്രസംഗിച്ചു നമ്മുടെ സഭ സ്ഥാപിച്ചത് എന്നു പറയുമ്പോൾ നമുക്ക് അഭിമാനിക്കാം. രൂപതയിലെ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ചരിത്ര പഠന മത്സരത്തിന്റെ കവർ ഫോട്ടോ ആകാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു അവസരം. സിറോ മലബാർ സഭയിലെ കുടുംബങ്ങൾക്കായിട്ട് നടത്തപ്പെടുന്ന ഈ മത്സരത്തിന് സിറോ മലബാർ സഭയുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ഏറ്റവും പുതിയ കുടുംബ ഫോട്ടോകളാണ് ക്ഷണിച്ചിരിക്കുന്നത്.

മത്സരാര്ഥികളിൽ നിന്നും ലഭിക്കുന്ന കുടുംബഫോട്ടോയിൽ നിന്നും തെരഞ്ഞെടുക്കുന്ന ഫോട്ടോ ആയിരിക്കും കവർ ഫോട്ടോ ആയിട്ട് തുടർന്നുള്ള മത്സരങ്ങളിൽ ഉപയോഗിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അവരുടെ ഫോട്ടോകൾ ഓഗസ്റ്റ് 15 ന് മുൻപ് കിട്ടത്തക്ക രീതിയിൽ അയച്ചുതരുക. ഫോട്ടോയുടെ കൂടെ നിങ്ങളുടെ പേരും നിങ്ങൾ ആയിരിക്കുന്ന മിഷൻ / പ്രൊപ്പോസഡ്‌ മിഷൻ /ഇടവക എന്നിവയും ചേർത്തിരിക്കണം .നിങ്ങളുടെ ഫോട്ടോകൾ [email protected] എന്ന ഈമെയിലിൽ അയക്കണമെന്ന് ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ