"കോവിഡ് -19 പ്രതിസന്ധി - മാറുന്ന ലോകവും പ്രവാസി മലയാളികളും' ഡബ്ല്യുഎംഎഫ് വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചു
Friday, July 24, 2020 6:58 PM IST
വേൾഡ് മലയാളി ഫെഡറേഷന്‍റെ (ഡബ്ല്യുഎംഎഫ്) ആഭിമുഖ്യത്തിൽ കോവിഡ് - 19 പ്രതിസന്ധി - മാറുന്ന ലോകവും പ്രവാസി മലയാളികളും എന്ന വിഷയത്തിൽ സീം വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചു. ജൂലൈ 19നു നടന്ന കോൺഫറൻസ് ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു.

കോവിഡിനെ തുടർന്നു ആഗോളതലത്തിൽ മലയാളികൾ നേരിടുന്ന പ്രതിസന്ധി മാറുന്ന ലോകത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ, ലോക മലയാളികൾ ഉൾക്കൊള്ളേണ്ടതിന്‍റെ ആവശ്യകത, ഭാവിയിൽ മുന്നേറാനുള്ള സാധ്യത എന്നിവ സംവാദത്തിൽ പ്രധാന വിഷയമാക്കി ഡോ. ശശി തരൂർ സംസാരിച്ചു.

കോവിഡ് ബാധിച്ചു മരണമടഞ്ഞവരെ അനുസ്മരിച്ചുകൊണ്ടും കോവിഡിനെതിരെ നിസ്വാർഥ സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ രംഗത്തെ പ്രവർത്തകർ, പോലീസ് എന്നിവർക്ക് ആദരവ് അർപ്പിച്ചു തുടങ്ങിയ പരിപാടി ഡബ്ല്യുഎംഎഫ് ഗ്ലോബൽ കോഓർഡിനേറ്റർ ഡോ. ജെ. രത്നകുമാർ സ്വാഗതം ആശംസിച്ചു. ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഡബ്ല്യുഎംഎഫ് വൈസ് ചെയർ പേഴ്സൺ ആനി ലിബു, ഡബ്ല്യുഎംഎഫ് ജപ്പാൻ വൈസ് പ്രസിഡന്‍റ് അനിൽ രാജ്, ഖത്തർ പ്രസിഡന്‍റ് ഡോ. ഷിബു തോമസ്, ഡെന്മാർക്ക് ട്രഷറർ അജുന ആസാദ്, ഹെയ്തിയിൽനിന്നും കോഓർഡിനേറ്റർ ജെറോം ഗീവർഗീസ്, അമേരിക്ക റീജൺ സെക്രട്ടറി സിബി ഗോപാലകൃഷ്ണൻ എന്നിവർ ചോദ്യങ്ങൾ ഉന്നയിച്ചു. പിആർഒ സിറിൽ സഞ്ജു ജോർജ് നന്ദി പറഞ്ഞു.

156 രാജ്യങ്ങളിൽനിന്നുള്ള 572 ഓളം ആളുകൾ മീറ്റിംഗിൽ സംവദിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ യുഎസ്എ കോഓർഡിനേറ്റർ ഡോ. കൃഷ്ണ കിഷോർ മോഡറേറ്ററായിരുന്നു.