കുവൈറ്റിൽ കുട്ടികളുടെ താമസരേഖ മാറ്റുന്നതിനു നിരോധനം
Saturday, August 1, 2020 9:24 PM IST
കുവൈറ്റ് സിറ്റി : കുട്ടികളുടെ താമസ രേഖ മാതാവിന്‍റെ സ്പോൺസർഷിപ്പിലേക്ക്‌ മാറ്റുന്നതിനു കുവൈറ്റ് സർക്കാർ നിരോധനം ഏർപ്പെടുത്തി. സ്പോൺസറായ പിതാവ്‌ രാജ്യം വിട്ടുപോകുകയോ, നാട്ടിലായിരിക്കെ താമസ രേഖ അവസാനിക്കുകയോ അല്ലെങ്കിൽ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികളുടെ താമസ രേഖ മാതാവിന്‍റെ സ്പോൺസർഷിപ്പിലേക്ക്‌ മാറ്റുന്നതിനു നേരത്തെ അനുമതി നൽകിയിരുന്നു. ഇത്തരത്തിലുള്ള അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ അൽ ഖബസ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.

കൊറോണ വൈറസ്‌ വ്യാപനത്തിനു മുന്പ് ‌ സന്ദർശക വിസയിൽ രാജ്യത്ത്‌ എത്തിയ കുട്ടികളുടെ താമസ രേഖ കുടുംബ വീസയിലേക്ക്‌ മാറ്റുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്‌. നേരത്തെ ഇത് അനുവദനീയമായിരുന്നു. ആറ് ഗവർണറേറ്റുകളിലെ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഡയറക്ടർമാർക്ക് ഇതിന്‍റെ ഉത്തരവ് കൈമാറിയതായും രാജ്യത്ത് താമസിക്കുന്ന അമ്മമാരുടെ സ്‌പോൺസർഷിപ്പിൽ കുട്ടികളുടെ റസിഡൻസി കൈമാറുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തരുതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപികമാർ , ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന വനിതാ മെഡിക്കൽ ,നഴ്സിംഗ്‌ ജീവനക്കാർ,ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റകൃത്യ തെളിവ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാരെയും പുതിയ തീരുമാനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ