അട്ടപ്പാടിയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
Thursday, September 18, 2025 12:32 PM IST
പാലക്കാട്: ഓട്ടോറിക്ഷയിൽ അട്ടപ്പാടിയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ സൂത്രധാരനെ പോലീസ് പിടികൂടി. അരപ്പാറ സ്വദേശിയായ നാസർ (48) ആണ് പിടിയിലായത്.
മണ്ണാർക്കാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 13ന് ആയിരുന്നു ഓട്ടോറിക്ഷയിൽ അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കളുമായി തച്ചമ്പാറ സ്വദേശിയായ ഓട്ടോ ഡ്രൈവറെ പോലീസ് പിടികൂടിയത്.
ആനമൂളി ചെക്പോസ്റ്റിന് സമീപത്ത് നിന്നാണ് ഓട്ടോറിക്ഷയെയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നാസറിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.
അട്ടപ്പാടി നരസിമുക്ക് സ്വദേശിയായ പാപ്പണ്ണൻ എന്ന വ്യക്തിക്കു വേണ്ടിയാണ് ഓട്ടോറിക്ഷയിൽ സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ചതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. ഇയാളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം, സ്ഫോടക വസ്തുക്കൾ അട്ടപ്പാടിയിലേക്ക് എത്തിക്കാൻ ശ്രമിച്ചത് എന്ത് ആവശ്യത്തിന് വേണ്ടിയാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.