ദുരിതബാധിതർക്ക് ആശ്വാസമായി അനുഗ്രഹ മിഷൻ
Saturday, May 15, 2021 6:22 PM IST
ബംഗളുരൂ: കോവിഡിനെ തുടർന്നു നട്ടം തിരിയുന്ന കർണാടകയിലെ ഗ്രാമവാസികൾക്ക് ആശ്വാസമായി മാറുകയാണ് അനുഗ്രഹ മിഷൻ. 2009 ൽ ബംഗളുരുവിൽ പ്രവർത്തനം തുടങ്ങിയ സംഘടന ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ മൂലം രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നത് മനസിലാക്കാൻ സാധിക്കാത്തതുമൂലം രോഗികൾ മരണമടയുന്ന സാഹചര്യത്തിൽ ഓക്സിജന്‍റേയും പൾസിന്‍റേയും അളവ് അറിയുന്നതിന് ഓക്സീ മീറ്ററും. പനിയുടെ അളവ് അറിയുന്നതിന് തെർമോ മീറ്ററും സുരക്ഷയ്ക്കുവേണ്ടി മാസ്കും സാനിറ്റൈസറും അർഹിക്കുന്ന ഗ്രാമവാസികൾക്ക് ഭക്ഷണകിറ്റും കോവിഡ് ബോധവത്കരണവും നൽകിവരുന്നു.

ബണ്ടെ ബൊമ്മസാന്ദ്ര, എരപ്പനഹള്ളി, കാടാഗ്രഹാര, അനഗൽപുര, റാംപുറ, ഹോർമാവ്, ദൊഡ്ഡഗുബി, നാഗനഹള്ളി, നാരായണപുര, ബൈരതി, കൊത്തന്നൂർ, ഹെഗ്ഡെനഗർ എന്നിവിടങ്ങളിലെ ഗ്രാമവാസികൾക്ക് അത്യാവശ്യ ആരോഗ്യ ഉപകരണങ്ങളും ബോധവത്കരണവും ഭക്ഷ്യകിറ്റിനോടൊപ്പം തന്‍റെ സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത ഇഞ്ചി‍യും കോവിഡ് കാലത്ത് വിതരണം ചെയ്തതായി അനുഗ്രഹ മിഷൻ ഡയറക്ടറും യാക്കോബായ സഭ ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറിയും കോട്ടയത്ത് പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സെക്രട്ടറിയുമായ ഫാ. ജോൺ ഐപ്പ് പറഞ്ഞു.

നഴ്സുമാരായ ട്രസ്റ്റിന്‍റെ സെക്രട്ടറി ഷുബി ജോൺ, കോഓർഡിനേർ സിസ്റ്റർ ഗീല എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നു. ആരോഗ്യ ഉപകരണങ്ങളുടെ വിതരണം സഭയുടെ ബംഗളൂർ ഭദ്രാസന ജോയിന്‍റ് സെക്രട്ടറി റെജി കെ. ജേക്കബ്, അനഗൽപുര മുൻ പഞ്ചായത്ത് അംഗം ശാന്തപ്പ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ ദൊഡ്ഡഗുബി പഞ്ചായത്ത് സെക്രട്ടറി രമേശ് നിർവഹിച്ചു.

അനുഗ്രഹ മിഷുൻ കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മൂവായിരം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റും ഒന്നര മാസത്തോളം 700 തൊഴിലാളികൾക്ക് ദിവസവും ഉച്ചഭക്ഷണവും നൽകിയിട്ടുണ്ട്.