പിണറായി സർക്കാരിന് അഭിനന്ദനങ്ങളുമായി ഡിഎംഎ
Friday, May 21, 2021 7:26 PM IST
ന്യൂ ഡൽഹി: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന് അഭിനന്ദനങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ.

1949-ൽ എ.കെ.ജി.യുടെ നേതൃത്വത്തിൽ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തനമാരംഭിച്ച ഡൽഹിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിഎംഎ.ക്ക് കേരള സർക്കാരിന്‍റെ സഹായവും സഹകരണവും ലഭ്യമാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും സന്ദേശത്തിൽ ഡിഎംഎ.പറഞ്ഞു.

കേരളത്തിനു പുറത്ത് ജോലി ചെയ്യുന്ന മലയാളികളെക്കൂടി പ്രവാസികളായി അംഗീകരിക്കണമെന്ന വിഷയത്തിൽ മുന്പു നൽകിയ നിവേദനത്തിൽ മുഖ്യമന്ത്രിയുടെ അനുഭാവപൂർവമായ നടപടി ഉണ്ടാവണമെന്നും ഡിഎംഎ അഭ്യർഥിച്ചു.

മലയാള നാടിനെ പുരോഗതിയിലേക്കു നയിക്കുന്ന സംരംഭങ്ങളുമായി മൂന്നരക്കോടി ജനങ്ങൾക്ക് സാന്ത്വനവും സഹായവുമേകാൻ പുതിയ മന്ത്രിസഭക്ക് കഴിയട്ടെയെന്നും അതിനുള്ള കരുത്തും ഊർജ്ജവും ജഗദീശ്വരൻ നൽകട്ടേയെന്നും അഭിനന്ദന സന്ദേശത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് കെ രഘുനാഥ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ.ടോണി എന്നിവർ പറഞ്ഞു.

റിപ്പോർട്ട്: പി.എൻ. ഷാജി