ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ പ്രാർത്ഥന യജ്ഞം.
Friday, June 25, 2021 7:16 PM IST
ന്യൂഡൽഹി: കോവിഡ് മൂലം മരണമടഞ്ഞവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി ഫരീദാബാദ് രൂപത പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ജൂൺ 26 നു (ശനി) വൈകിട്ട്‌ 5 ന് ദിൽഷാദ് ഗാർഡൻ സെന്‍റ് ഫ്രാൻസിസ് അസിസി ഫൊറോന പള്ളിയിലും ജൂലൈ 10 നു (ശനി) വൈകിട്ട് 6 ന് ജസോല ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറൊന പള്ളിയിലും വച്ചായിരിക്കും പ്രാർഥനയജ്ഞം നടത്തപ്പെടുക.

വിശുദ്ധ ബലിയോടെ പ്രാർത്ഥനയജ്ഞം ആരംഭിക്കും. തുടർന്നു മരിച്ചുപോയവരുടെ ഫോട്ടോകൾ വച്ച് അവരുടെ നിത്യശാന്തിക്കായി പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെടും. പരേതരുടെ കുടുംബാംഗങ്ങൾക്ക് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വം വഹിക്കും. പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു കൊണ്ട് ആർച്ച്ബിഷപ് സന്ദേശം നൽകും . തുടർന്ന് അദ്ദേഹം ഓരോ കുടുംബത്തേയും പ്രത്യേകം കണ്ട് സംസാരിക്കും.

രൂപത ലിറ്റർജി കമ്മിഷൻ ഡയറക്ടറും ദിൽഷാദ് ഗാർഡൻ ഫൊറോന വികാരിയുമായ ഫാ. മാർട്ടിൻ പാലമറ്റം പ്രാർത്ഥനയജ്ഞത്തിന് നേതൃത്വം നൽകും. രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈസിംഗ്സ് ചടങ്ങുകൾ തൽസമയം സംപ്രേഷണം ചൈയ്യും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്