ബംഗാൾ ലഹള: സ്വതന്ത്ര അന്വേഷണസംഘം റിപ്പോർട്ട് കൈമാറി
Friday, July 2, 2021 4:30 PM IST
ബംഗാൾ ലഹളയെകുറിച്ചുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന് സമർപ്പിച്ചു. റിപ്പോട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഏകോപനം ആഭ്യന്തര മന്ത്രി അമിത്ഷാ സഹമന്ത്രി കിഷൻ റെഡ്‌ഡിയെ ഏൽപ്പിച്ചു .

മലയാളിയായ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ സി.വി. ആനന്ദ ബോസിന്റെ നേതൃത്വത്തിലാണ് പഠന സംഘം ബംഗാൾ സന്ദർശിച്ചത്. കർണാടക മുൻ ചീഫ് സെക്രട്ടറി മദൻ ഗോപാൽ, ജാർഖണ്ഡ് മുൻ ഡി ജി പി നിർമൽ കൗർ എന്നിവരായിരുന്നു മറ്റു അംഗങ്ങൾ. മുൻ ചീഫ് ജസ്റ്റിസ് പ്രമോദ് കോഹ്ലി ആണ് സമിതി ചെയർമാൻ.

ബംഗാളിലെ കലാപങ്ങൾക്കു ഇരയായവരെ നേരിട്ട് സന്ദർശിച്ച് അവരിൽ നിന്നും തെളിവെടുത്തതിനുശേഷമാണ് സംഘം റിപ്പോർട്ട് തയ്യാറാക്കിയത്. ബംഗാളിൽ അതിക്രമങ്ങൾ ധാരാളം ഉണ്ടായെന്നും ബലാൽസംഘം കൊലപാതകം, കൂട്ടകവർച്ച, തീവയ്പ്, ബോംബേറ് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തിയിട്ടുള്ളത്. ദളിതരുടെ മേൽ വ്യാപകമായ അക്രമം ഉണ്ടായി .വീട് നഷ്ടപ്പെട്ട് ക്യാമ്പിൽ കഴിയുന്ന ദളിത വിഭാഗത്തെ സന്ദർശിച്ച് കമ്മിഷൻ തെളിവെടുത്തു. സംഘം ബംഗാൾ സന്ദർശിക്കുന്നതിനെ ബംഗാൾ സർക്കാർ രേഖാമൂലം നിരോധിച്ചിരുന്നു. എന്നാൽ ഭരണഘടനാ അനുശാസിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം മുറുകെ പിടിച്ചുകൊണ്ട് സംഘം സന്ദർശനം തുടരുകയാണുണ്ടായത്. അക്രമം നടന്ന സ്ഥലങ്ങൾ മാത്രമല്ല അക്രമത്തിനു ഇരയായവർ ചികിൽസിക്കപ്പെടുന്ന ആശുപത്രികളും സംഘം സന്ദർശിച്ച് തെളിവെടുത്തു.
സംഘത്തിന്‍റെ പ്രധാന ശിപാർശ സുപ്രീം കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം ( സ്പെഷ്ൽ ഇൻവെസ്റ്റിഗേഷൻ ടീം) രൂപീകരിക്കുക എന്നതാണ്.

1.കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനുള്ള വ്യക്തമായ ഡയറക്റ്റീവ് കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് പോകണം. സംസ്ഥാനം അതനുസരിച്ച് നടപടികൾ സ്വീകരിക്കണം. അക്രമികളെ ഗുണ്ടാ ആക്ടിന്റെ പരിധയിൽ കൊണ്ടുവരികയും സ്ഥിരം ഗുണ്ടകളെ സംസ്ഥാനത്തു പ്രവേശിക്കുന്നതിൽനിന്നു വിലക്കുകയും വേണം.

2. കുറ്റകൃത്യങ്ങൾ പലതും നടന്നത് ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ ആയതിനാൽ തന്നെ ഇതിന്‍റെ അന്വേഷണം എൻ ഐ എ ഏറ്റെടുക്കണം.

3. പ്രത്യേക കോടതികൾ സ്ഥാപിച്ച് കേസുകളുടെ വിചാരണ ത്വരിതപെടുത്തണം.

4 .ഫെഡറൽ സമ്പ്രദായത്തിന്റെ പാളിച്ചകളും കേന്ദ്ര സംസ്ഥാന ബന്ധത്തിലെ വിള്ളലുകളും മനസ്സിലാകുന്ന പുനഃ ക്രമീകരണങ്ങൾ നടത്താൻ മുന്നോട്ട് വരണം.

5. മേലിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിയമപരവും നയപരവും ആയ നടപടികൾ സ്വീകരിക്കണം.

6. ഗൗരവമായ കൃത്യവിലോപം വരുത്തിയ ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥന്മാർ അടങ്ങിയ ഉദ്യോഗസ്ഥ വൃന്ദത്തിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.

7. അക്രമത്തിന് ഇരയായവരെ മതിയായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം.

തുടങ്ങിയ സമഗ്രമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
റിപ്പോർട്ടിലെ ശിപാർശകളിന്മേൽ ഭരണഘടനാപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്‌ഡി അറിയിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്