ബംഗളുരുവിലെ ചേരിനിവാസികള്‍ക്ക് ആശ്വാസം പകര്‍ന്ന് മലയാളി വിദ്യാര്‍ഥികള്‍
Monday, April 18, 2022 12:12 PM IST
ബംഗളുരു: ബംഗളുരു ക്രിസ്തുജയന്തി കോളജില്‍ മലയാളികള്‍ ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ നല്ല മനസ് നഗരത്തിലെ സ്ത്രീകള്‍ ഉള്‍പ്പെടുന്ന ചേരി നിവാസികള്‍ക്ക് കരുതലായി. ശൗചാലയമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ദുരിതപ്പെട്ടിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കോളനിവാസികള്‍ക്ക് ക്രിസ്തുജയന്തി കോളജ് വിദ്യാര്‍ഥികളുടെ ശ്രമഫലമായി മൊബൈല്‍ ടോയ്‌ലറ്റ് സംവിധാനം ഒരുക്കിക്കൊടുത്തു.

കോളജ് വിദ്യാര്‍ഥികള്‍ പതിവായി കോളജിലേക്കും തിരികെയും യാത്ര ചെയ്യുമ്പോള്‍ ബംഗളുരു ബിഡിഎസ് നഗര്‍ കോതനൂരിലെ ചേരി നിവാസികളുടെ ശോച്യാവസ്ഥ നേരില്‍ കാണാറുണ്ട്. ചെറിയ കൂരകള്‍ക്കു സമീപത്തെ പൊന്തക്കാടുകളും അഴുക്കുചാലുതകളും റെയില്‍വേ പാതകളുമൊക്കെയാണ് ചേരിനിവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുണ്ടായിരുന്നത്. മനുഷ്യരും മൃഗങ്ങളുമൊക്കെ വൃത്തിരഹിതമായ അന്തരീക്ഷത്തില്‍ നരകയാതന അനുഭവിക്കുന്ന ദയനീയാവസ്ഥ മലയാളി വിദ്യാര്‍ഥികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

വിദ്യാര്‍ഥികള്‍ കോളജില്‍ നിന്നുള്ള സായാഹ്ന യാത്രയില്‍ ഒരു ദിവസം ദൈന്യതയാര്‍ന്ന ഒരു കാഴ്ച കാണാനിടയായി. ഇരുള്‍ പരന്ന ചേരിയുടെ ഒരു കോണില്‍ ഒരു കുട്ടി കുത്തിയിരുന്നു കരയുന്നു. ആ കുട്ടിയുമായി സംസാരിച്ചപ്പോഴാണ് ശൗചാലയമില്ലാത്തതിനാല്‍ വെളിമ്പ്രദേശത്തെ ആശ്രയിക്കേണ്ടി വരുന്ന ദയനീയാവസ്ഥ അറിയാന്‍ ഇടയായത്. പലപ്പോഴും രാത്രികാലങ്ങളിലാണ് ഇവിടെ സ്ത്രീകളും വയോധികരുമൊക്കെ അവശ്യകാര്യങ്ങള്‍ നിറവേറ്റാന്‍ വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്നതെന്നു മനസിലായി.

ബെല്ലാരിയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സമൂഹമാണ് ഈ ചേരിയില്‍ പാര്‍ക്കുന്നത്. ക്രിസ്തുജയന്തി കോളജിലെ വിദ്യാര്‍ഥികള്‍ ഈ ചേരിയില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി താമസക്കാരുമായി ഒരു നല്ല ബന്ധം വളര്‍ത്തിയെടുക്കുകയും അവരുടെ പ്രശ്നങ്ങളെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. പുരുഷന്മാരും സ്ത്രീകളും സ്‌കൂള്‍ പ്രായമുള്ള കുട്ടികളും ഉള്‍പ്പെടെ 25 കുടുംബങ്ങള്‍ ഇവിടെയുണ്ട്, അവരില്‍ ഭൂരിഭാഗവും ബിബിഎംപി ജീവനക്കാരാണ്. പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുറന്ന മലമൂത്രവിസര്‍ജ്ജനം നടത്താനുള്ള ഒരു സൗകര്യവും ഈ ചേരിയില്‍ ഇല്ലെന്ന സാഹചര്യം വിദ്യാര്‍ഥികളില്‍ ആശങ്കയുളവാക്കി.

ഇതേ തുടര്‍ന്ന് ചെരിവാസികളുടെ പൊതു ജീവിത നിലവാരത്തില്‍ അല്‍പമെങ്കിലും ആശ്വാസം നല്‍കാന്‍ അവര്‍ക്ക് ഒരു മൊബൈല്‍ ടോയ്ലറ്റ് നല്‍കുന്നതിനെ കുറിച്ച് വിദ്യാര്‍ഥികള്‍ ആലോചിച്ചു. തുടര്‍ന്ന് ക്രിസ്തുജയന്തി കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജോനാഡുമായി വിദ്യാര്‍ഥികള്‍ ചര്‍ച്ച നടത്തി. ഇക്കാര്യത്തില്‍ എല്ലാവിധ പിന്തുണയും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി നല്‍കി. തുടര്‍ന്ന് പൊതുവായും വ്യക്തിപരമായും ഇതിലേക്ക് ആവശ്യമുള്‌ല പണം സ്വരൂപിച്ചാണ് ചേരിയിലേക്ക് ആവശ്യമായ മൊബൈല്‍ ടോയ്ലറ്റ് വാങ്ങിക്കൊടുത്തത്.

മലയാളികള്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ ആത്മാര്‍ഥതയില്‍ ഒരുക്കിയ ശൗചാലയസംവിധാനത്തിന്റെ ഉദ്ഘാടനം പൗരപ്രമുഖനായ ബയര്‍ ഗൗഡ നിര്‍വഹിച്ചു.
കോളജ് പ്രതിനിധി അജയന്‍ ഹോണൂരപ്പയ്ക്കും മെലിറ്റ ജോര്‍ജ് ലക്ഷ്മിയ്ക്കും താക്കോല്‍ കൈമാറി. വകുപ്പ് മേധാവി ഡോ. ജോനാസ് റിച്ചാര്‍ഡിന്റെ അധ്യക്ഷതയില്‍ സ്‌നേഹാ സണ്ണി, കൃഷ്ണമൂര്‍ത്തി അജയന്‍ ആര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇത്തരത്തില്‍ ചേരിയില്‍ മാതൃകാപരമായ സംവിധാനം ഒരുക്കാന്‍ മുന്‍കൈയെടുത്ത ആര്യ ആലീന, അജയന്‍, അനിറ്റ, മെലിറ്റ, സ്‌നേഹ എന്നീ വിദ്യാര്‍ഥികളെ അനുമോദിച്ചു. കോതനൂര്‍ ഫാല്‍ക്കണ്‍ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലെ ഡോ. ജാവേരിയ അന്‍ജും ശുചിത്യപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.