ഡബ്ലിൻ: ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ സംഘ പരിവാര്‍ നടത്തുന്ന കടന്നാക്രമണത്തില്‍ ഒഐസിസി , / ഐഒസി അയര്‍ലന്‍ഡ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നീതിരഹിതമായ കുറ്റംചുമത്തി എംപി സ്ഥാനം ഉള്‍പ്പടെ അസാധുവാക്കി കല്‍ത്തുറുങ്കിലടച്ച് നിശബ്ദനാക്കാന്‍ നടത്തുന്ന മോദി സര്‍ക്കാരിന്റെ കുതന്ത്രങ്ങളെയും സങ്കുചിത കാഴ്ചപ്പാടിനെയും ഒഐസിസി / ഐഒസി അപലപിച്ചു.
ജനാധിപത്യത്തിന്റെ കുടക്കീഴിലെന്നു വീമ്പിളക്കി ഏകാധിപത്യത്തിന്റെ മനസുമായി കോര്‍പ്പറേറ്റുകളായ വ്യവസായികള്‍ക്കായി രാജ്യം തീറെഴുതി കൊടുക്കുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷത്തെയും നീതിന്യായപീഠത്തെ സ്വാധീനിച്ച് നാവടപ്പിക്കാന്‍ കഴിയില്ലെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ജെപി.പിയെന്ന ഭരണപാര്‍ട്ടിയെ മുന്‍നിര്‍ത്തി ദുഷ്ഭരണത്തിനെതിരെ ശബ്ദിച്ചതിന്റെ പേരില്‍ സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങള്‍ എന്നും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രതികരിക്കുമ്പോള്‍ മോദിസര്‍ക്കാരിന് ഹാലിളകിയതിന്റെ യഥാര്ത്ഥലക്ഷണമാണ് രാഹുലിനെതരെയുള്ള നടപടിയെന്നും നേതാക്കള്‍ ആരോപിച്ചു. ഇന്‍ഡ്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളാണ് മോദി ഭരണത്തിന് കീഴിലെന്നും ഒഐസിസി നേതാക്കള്‍ കുറ്റപ്പെടുത്തി.