കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ നൂറുകോടി രൂപയുടെ അമേരിക്കന്‍ നിക്ഷേപം
Wednesday, January 22, 2020 12:16 PM IST
ഷിക്കാഗോ: കേരളത്തില്‍ കൂടുതല്‍ പ്രവാസി നിക്ഷേപങ്ങളും അടിസ്ഥാന സൗകര്യ വികസനം, ഐടി, ടൂറിസം തുടങ്ങിയ മേഖലകളിലുമാണ് നാം കാണുന്നത് . ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി കാര്‍ഷിക മേഖലയുടെ വിപ്‌ളവകരമായ മാറ്റത്തിന് ഉതകുന്ന അമേരിക്കന്‍ മലയാളി കമ്പനിയുടെ 100 കോടി രൂപയുടെ വികസന പദ്ധതി ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തില്‍ അവതരിപ്പിച്ചു. കൃഷിക്കും ഫിഷറീസിനും വേണ്ടിയുള്ള വിഷയാധിഷ്ടിത സമ്മേളനത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മയും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കാര്‍ഷിക വിദഗ്ദരും പങ്കടുത്ത സമ്മേളനത്തില്‍ ലോക കേരള സഭാംഗം റോയി മുളകുന്നം അവതരിപ്പിച്ച് പ്രോജക്ട് റിപ്പോര്‍ട്ട് കൃഷി മന്ത്രി വി എസ് സുനില്‍കുമാറിനും വകുപ്പു സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് ഐഎഎസിനും കൈമാറി.

അമേരിക്കന്‍ സിട്രസ് കൃഷിയില്‍ വിപ്‌ളവകരമായ കണ്ടുപിടിത്തം നടത്തിയിട്ടുള്ള മലയാളി ശാസ്ത്രജ്ഞനും പ്ലാന്റ് പതോളജിസ്റ്റും അമേരിക്കയില്‍ ആയിരത്തിലധികം ഏക്കര്‍ സ്ഥലത്ത് സിട്രസ് പ്‌ളാന്റേഷന്‍ നടത്തി വരുന്നതുമായ ഡോ. മാണി സ്‌ക്കറിയായുടെ നേതൃത്വത്തിലുള്ള യുഎസ് സിട്രസ് കമ്പനിയാണ് കേരളത്തില്‍ പുതിയ സംരംഭം തുടങ്ങുന്നത്. ലെമണ്‍, ലൈം,ഗ്രേപ്പ് ഫ്രൂട്ട് തുടങ്ങിയ സിട്രസ് പ്‌ളാന്റേഷന്‍ ആണ് കമ്പനി ഉദ്ദേശിക്കുന്നത് . പെര്‍ഫ്യൂമുകള്‍ക്കും കോളകള്‍ക്കും ആവശ്യമായ സിട്രസ് ഓയില്‍ നിര്‍മിക്കുന്നതിനും കമ്പനി ലക്ഷ്യമിടുന്നു. കേരളത്തിന്റെ അനുയോജ്യമായ കാലാവസ്ഥയും ഗവര്‍ണ്‍മെന്റ് തലത്തിലുള്ള അനുകൂല നിലപാടുകളുമാണ് പുതിയ സംരഭത്തിന് സംരഭകര്‍ക്ക് പ്രചോദനമായിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം