ഇന്ത്യന്‍ ദമ്പതിമാര്‍ അമ്പതാം വിവാഹവാര്‍ഷികത്തില്‍ 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കി
Wednesday, September 30, 2020 2:03 PM IST
ഇര്‍വിംഗ് (ഡാളസ്): നാല്‍പ്പത് വര്‍ഷമായി ഇര്‍വിംഗില്‍ (ഡാളസ്) താമസിക്കുന്ന മുംബൈയില്‍ നിന്നുള്ള ഇന്ത്യന്‍ ദമ്പതിമാര്‍ തങ്ങളുടെ അമ്പതാം വിവാഹവാര്‍ഷികം ആഘോഷിച്ചത് സമീപ പ്രദേശത്തെ ആശുപത്രിക്ക് 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയാണ്. സെപ്റ്റംബര്‍ 28 തിങ്കളാഴ്ച ആശുപത്രി അധികൃതരാണ് ഈ വിവരം വെളിപ്പെടുത്തിയത്.

1965-ല്‍ മുംബൈയില്‍ നിന്നും സ്റ്റാഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായാണ് ചാന്‍ പട്ടേല്‍ അമേരിക്കയിലെത്തിയത്. 10 അടി ഉയരവും, 10 അടി നീളവുമുള്ള ചെറിയൊരു വീട്ടില്‍ ചാന്‍ പട്ടേല്‍ ഉള്‍പ്പടെ ആറ് അംഗങ്ങളാണ് കഴിഞ്ഞിരുന്നത്. അവിടെ നിന്നും കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ നിലയില്‍ എത്തിയതെന്ന് ചാന്‍ പട്ടേല്‍ പറഞ്ഞു. അതിന് തനിക്ക് തുണയായി ഉണ്ടായിരുന്നത് പ്രിയ ഭാര്യ സുരേഖ ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019-ല്‍ തങ്ങളുടെ ജന്മസ്ഥലമായ മുംബൈ പട്ടണത്തില്‍ ഹാര്‍ട്ട് ലാബ് സ്ഥാപിക്കാന്‍ കഴിഞ്ഞതായും പട്ടേല്‍ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ടെക്‌സസിന്റെ സ്ഥാപകനും, ഹോട്ടല്‍ ശൃംഖലയുടെ ഉടമയുമായ ചാന്‍ പട്ടേല്‍ ഇര്‍വിംഗ് കമ്യൂണിറ്റി സെന്റര്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വവും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ഇര്‍വിംഗ് ബെയ്‌ലര്‍ സ്‌കോട്ട് ആന്‍ഡ് വൈറ്റ് ആശുപത്രിക്കാണ് 20 ലക്ഷം ഡോളര്‍ സംഭാവന നല്‍കിയത്. കാര്‍ഡിയോ വാസ്‌കുലര്‍ വിഭാഗത്തിന്റെ വികസനമാണ് ലക്ഷ്യമിടുന്നത്. മുപ്പത്തേഴാം വയസില്‍ ഹൃദയാഘാതത്തെ അതിജീവിച്ച ചാന്‍ ഇത്തരത്തിലുള്ള രോഗികള്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇര്‍വിംഗ് ബെയ്‌ലര്‍ ഹോസ്പിറ്റലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയില്‍ നിന്നു ഇത്രയും വലിയ സംഭാവന ലഭിക്കുന്നതെന്നും ആശുപത്രിയുടെ ഒരു കെട്ടിടത്തിനു ചാന്‍ പട്ടേലിന്റെ പേര് നല്കുമെന്നും പ്രസിഡന്റ് സിന്‍ഡി സ്‌ക്വാംബ് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍