ഇന്ത്യന്‍ അമേരിക്കന്‍ ഇരട്ട സഹോദരിമാര്‍ റെയര്‍ വോയ്‌സ് അവാര്‍ഡ് ഫൈനലിസ്റ്റുകള്‍
Saturday, November 28, 2020 3:50 PM IST
കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികളായ ഇരട്ട സഹോദരിമാര്‍ 2020-ലെ 'റെയര്‍ വോയ്‌സ് എബ്ബി അവാര്‍ഡ്' ഫൈനലിസ്റ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് സംസ്ഥാനങ്ങളിലെ 15 മുതല്‍ 78 വയസുവരെയുള്ള പതിനൊന്ന് റെയര്‍ ഡിസീസ് ഗ്രൂപ്പുകളിലെ 24 ഫൈനലിസ്റ്റുകളിലാണ് ഇരട്ട സഹോദരമാരായ ഈഷയും, ആര്യയും ഉള്‍പ്പെട്ടിരിക്കുന്നത്. ടീന്‍ ആസ്പക്കസി കാറ്റഗറിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇരുവരും. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാറി ലെയ്ന്‍ സ്‌കൂള്‍ ജൂണിയേഴ്‌സാണ്.

ചില വര്‍ഷങ്ങള്‍ക്കുമുമ്പ് ഇരുവരും ചേര്‍ന്ന് ലോക്കല്‍ കമ്യൂണിറ്റി സെന്ററില്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കായി സൗജന്യ ഹെല്‍ത്ത് അഡൈ്വസറി ക്ലിനിക്ക് ഓപ്പണ്‍ ചെയ്തിരുന്നു. കരള്‍ സംബന്ധ രോഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ തത്പരരായ ഇവര്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഏഷ്യന്‍ സെന്ററുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കമ്യൂണിറ്റി സര്‍വീസില്‍ ഇവരുടെ സേവനങ്ങളെ പരിഗണിച്ച് പ്രസിഡന്‍ഷ്യല്‍ വോളണ്ടിയര്‍ സര്‍വീസ് അവാര്‍ഡിന് ഇവരെ തെരഞ്ഞെടുത്തിരുന്നു.

റെയര്‍ വോയ്‌സ് അവാര്‍ഡിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 10-ന് വൈകിട്ട് 7 മുതല്‍ 8 വരെ (ഈസ്റ്റേണ്‍ ടൈം) തത്സമയ സംപ്രേണം ഉണ്ടാരിക്കും. അമേരിക്കയിലെ മുപ്പത് മില്യന്‍ ജനങ്ങളാണ് വളരെ അസാധാരണമായ രോഗങ്ങള്‍ക്ക് അടിമകളായി കഴിയുന്നത്. ഇത്തരം രോഗികളെ ശുശ്രൂഷിക്കുന്നതിനും, അവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സേവനസന്നദ്ധരായവരെയാണ് റെയര്‍ വോയ്‌സ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍