ഷമാ ഹക്കിം കലിഫോർണിയ ഡിസ്ട്രിക്റ്റ് കോർട്ടിലെ ആദ്യ വനിതാ മുസ്ലിം ജഡ്ജി
Friday, March 3, 2023 5:26 AM IST
പി.പി. ചെറിയാൻ
സാക്രാമെന്‍റാ (കലിഫോർണിയ): ഇന്ത്യൻ അമേരിക്കൻ ഡമോക്രാറ്റ് ഷമാ ഹക്കിം മെസ്‌സിവാല കലിഫോർണിയാ തേർഡ് ഡിസ്ട്രിക്റ്റ് അപ്പീൽ കോടതിയിൽ അസോസിയേറ്റ് ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ജഡ്ജി ഷമാ ഹക്കിം ചരിത്രത്തിലാദ്യമായി ഈ സ്ഥാനത്തേക്കു നിയമിക്കപ്പെടുന്ന ആദ്യ സൗത്ത് ഏഷ്യൻ അമേരിക്കക്കാരിയും ആദ്യ മുസ്ലിം അമേരിക്കൻ വനിതയുമാണ്. ജസ്റ്റിസ് കോൾമാൻ ബ്ലീസ് റിട്ടയർ ചെയ്ത സ്ഥാനത്താണ് ഷമാ ഹക്കിമിന്‍റെ നിയമനം. ചീഫ് ജസ്റ്റിസ് ഗുറേറൊ, അറ്റോർണി ജനറൽ റോബു ബോന്‍റാ, ആക്ടിംഗ് പ്രിസൈഡിംഗ് ജസ്റ്റിസ് റൊണാൾഡ് റോബി എന്നിവർ ഉൾക്കൊള്ളുന്ന മൂന്നംഗ കമ്മീഷനാണ് ഷമാ ഹക്കിമിനെ ഐക്യ കണ്ഠേനെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

2017 മുതൽ സാക്രമെന്‍റൊ കൗണ്ടി സുപ്പീരിയർ കോർഡ് ജഡ്ജിയായിരുന്നു ഷമാ. സൗത്ത് ഏഷ്യൻ ബാർ അസോസിയേഷൻ സോക്രമെന്േ‍റാ സഹസ്ഥാപകയാണ് ഇവർ. കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും ജൂറിസ് ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. ഇതേ യൂണിവേഴ്സിറ്റിയിൽ പ്രഫസറായും സേവനം അനുഷ്ഠിക്കുന്നു.