NRI
ന്യൂയോർക്ക്: വടക്കെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (IPCNA ) മാധ്യമശ്രീ, മാധ്യമരത്ന പുരസ്കാരങ്ങൾക്ക് നവംബർ 30 വരെ നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ പത്രക്കുറുപ്പിൽ അറിയിച്ചു.
മാധ്യമരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും സമഗ്ര സംഭാവനകൾക്കുമായാണ് മലയാളി മാധ്യമപ്രവർത്തകർക്കായി "മാധ്യമശ്രീ ", മാധ്യമരത്ന പുരസ്കാരങ്ങൾ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നത്. പുരസ്കാരജേതാക്കൾക്ക് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയും പ്രശംസാപത്രവും സമ്മാനിക്കും.
കൂടാതെ ദൃശ്യ-അച്ചടി-ഓൺലൈൻ മാധ്യമരംഗത്ത് വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചവർക്കും പുരസ്കാരങ്ങൾ നൽകും . 25000 രൂപയും പ്രശംസാപത്രവും ആണ് പുരസ്കാര ജേതാക്കൾക്കു നൽകുക.
മാധ്യമരംഗത്തെ സമഗ്ര സംഭാവന • മികച്ച വാർത്താ കവറേജ് (അച്ചടി, ഓൺലൈൻ) • മികച്ച ഫീച്ചർ (പത്രങ്ങൾ, ആനുകാലികങ്ങൾ) • മികച്ച വാർത്താചിത്രം (അച്ചടി) • മികച്ച വാർത്താ അവതാരകൻ / അവതാരക (ടെലിവിഷൻ) • മികച്ച അന്വേഷണാത്മക വാർത്ത (ടെലിവിഷൻ) • മികച്ച വെബ് ലേഔട്ടും അവതരണവും • മികച്ച യുവ മാധ്യമപ്രവർത്തകൻ / പ്രവർത്തക എന്നിവരെയാണ് വിവിധ മേഖലകളിൽ നിന്നും തെരഞ്ഞെടുക്കുക.
മാധ്യമപ്രവർത്തകർക്ക് സ്വന്തമായും, പൊതുജനങ്ങൾക്ക് മികവുറ്റവരെ നോമിനേഷനിലൂടെയും പുരസ്കങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ മാധ്യമ അവാർഡുകളിലൊന്നായ ഇതിനായി വിപുലമായ പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈനായി അപേക്ഷിക്കാൻ indiapressclub.org/nomination/ സന്ദർശിക്കുക. അപേക്ഷയോടൊപ്പം അനുബന്ധ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ എന്നിവയും അപ്ലോഡ് ചെയ്യാവുന്നതാണ്.
നവംബർ 30ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. മാധ്യമ-സാംസ്കാരിക രംഗത്തെ പ്രമുഖരായ തോമസ് ജേക്കബ്, ഡോ. എം.വി. പിള്ള, ജോസ് പനച്ചിപ്പുറം എന്നിവരടങ്ങിയ പ്രഗത്ഭ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
2027 ജനുവരി എട്ടിന് വൈകിട്ട് അഞ്ചിന് കൊച്ചി ഗോകുലം പാർക്ക് ഹോട്ടൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്: രാജു പള്ളത്ത്: (732) 429-9529 ◦ അനിൽ ആറന്മുള: (713) 882-7272 ◦ ജയൻ ജോസഫ്: (215) 744-7242 ◦ ഇമെയിൽ: [email protected]. വെബ്സൈറ്റ്: www.indiapressclub.org.
NRI
ഷിക്കാഗോ: ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ, ഷിക്കാഗോ മലയാളി അസോസിയേഷന്റെയും VFS ഗ്ലോബലിന്റെയും സഹകരണത്തോടെ ഡിസംബർ 12 മോർട്ടൺ ഗ്രോവിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തും.
രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സെന്റ് മേരീസ് ക്നാനായ ചർച്ചിലെ സ്കൂൾ ഹാളിലാണ് ക്യാമ്പ്.വിലാസം 7800 Lyons St, Morton Grove, IL 60053.
ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ, OCI അപേക്ഷ, ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ, ഇന്ത്യൻ വിസ, പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), ഗ്ലോബൽ എൻട്രി പ്രോഗ്രാം എന്നിവയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാമ്പിൽ നേരിട്ട് പരിശോധിച്ച് സമർപ്പിക്കാം. ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിന്റെ അധികാരപരിധിയിൽ വരുന്ന അപേക്ഷകർക്കാണ് ക്യാമ്പിൽ പങ്കെടുക്കാനാകുക.
വിവാഹം, ജനനം, ലൈഫ്, NRI സർട്ടിഫിക്കറ്റുകൾ, NORI-I, NORI-III, ജനന രജിസ്ട്രേഷൻ, പവർ ഓഫ് അറ്റോർണി, സത്യവാങ്മൂലങ്ങൾ, മരണവുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയുടെ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങളും ക്യാമ്പ് അറിയിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ സേവനങ്ങൾക്കും VFS വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും ഫീസ് ഓൺലൈനായി അടയ്ക്കുകയും വേണം.
NRI
ഷിക്കാഗോ: നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയും മേയർ ബ്രാൻഡൻ ജോൺസന്റെ ഭരണകൂടം അവതരിപ്പിച്ച ബജറ്റ് കണക്കുകളുടെ വിശ്വാസ്യതയും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെ, നഗരത്തിന്റെ ധനകാര്യ സ്ഥിതി സ്വതന്ത്രമായി പരിശോധിക്കാൻ ഷിക്കാഗോ സിറ്റി കൗൺസിൽ തീരുമാനിച്ചു.
നവംബർ 18ന് ചേർന്ന സിറ്റി കൗൺസിൽ യോഗത്തിൽ 45 അംഗങ്ങൾ അനുകൂലിച്ചും അഞ്ചുപേർ എതിർത്തും പ്രമേയം പാസാക്കി. നഗരത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്താൻ ഭരണകൂടത്തിന് പുറത്തുള്ള സ്വതന്ത്ര സാമ്പത്തിക വിദഗ്ധരുടെ സേവനം ഉപയോഗിക്കാനാണ് തീരുമാനം.
നഗരത്തിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ രാജിവച്ചതിനു പിന്നാലെയാണ് ഈ നിർണായക നീക്കം. നഗരത്തിന്റെ വരുമാനം, ചെലവുകൾ, ബജറ്റ് കമ്മി, സാമ്പത്തിക ബാധ്യതകൾ എന്നിവ സംബന്ധിച്ച കണക്കുകൾ കൂടുതൽ സുതാര്യമായി പരിശോധിക്കണമെന്ന ആവശ്യം സിറ്റി കൗൺസിൽ അംഗങ്ങൾക്കിടയിൽ ശക്തമായിരുന്നു.
ഷിക്കാഗോ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ പുതിയതല്ല. പെൻഷൻ ബാധ്യതകൾ, ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും, പൊതുസുരക്ഷാ ചെലവുകൾ, കടബാധ്യതകൾ, നഗരസേവനങ്ങളുടെ നടത്തിപ്പ് എന്നിവ നഗരബജറ്റിന് വർഷങ്ങളായി വലിയ സമ്മർദമാണ് സൃഷ്ടിക്കുന്നത്.
ഇതിനിടെ ഭരണകൂടം അവതരിപ്പിക്കുന്ന സാമ്പത്തിക കണക്കുകളും യഥാർഥ ധനസ്ഥിതിയും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്ന ചോദ്യം കൂടുതൽ പ്രാധാന്യമാർജിച്ചിരിക്കുകയാണ്.
സ്വതന്ത്ര പരിശോധനയിലൂടെ നഗരത്തിന്റെ യഥാർഥ സാമ്പത്തിക ബാധ്യതകൾ എന്തൊക്കെയാണെന്നും നിലവിലുള്ള വരുമാനസ്രോതസ്സുകൾ ഭാവിയിലെ ചെലവുകൾ നേരിടാൻ പര്യാപ്തമാണോയെന്നും വിലയിരുത്താനാണ് കൗൺസിലിന്റെ നീക്കം.
മേയർ ജോൺസന്റെ ഭരണകൂടം അവതരിപ്പിച്ച കണക്കുകൾ പ്രകാരം കമ്മി പരിഹരിക്കുന്നതിനുള്ള നടപടികളിൽ 76 ശതമാനവും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളാണ്. എന്നാൽ രാജിവച്ച ചീഫ് ഫിനാൻഷ്യൽ ഓഫീസർ ആഷ്ലി ഗബ്രിഷ് (Ashlee Gabrysch) ഈ അനുപാതം 56 ശതമാനം മാത്രമാണെന്ന് സിറ്റി കൗൺസിലിൽ വ്യക്തമാക്കിയിരുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യവുമായി ബന്ധപ്പെട്ട കേസുകളിലെ നഷ്ടപരിഹാരത്തിനായി 481 മില്യൺ ഡോളർ കടമെടുക്കാനുള്ള നിർദേശം കണക്കുകളെ ബാധിക്കുന്നുവെന്നായിരുന്നു അവരുടെ വിശദീകരണം. ബജറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ അവതരിപ്പിക്കുന്നതിലെ അഭിപ്രായവ്യത്യാസമാണ് രാജിയിലേക്ക് നയിച്ചതെന്ന് അവർ വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിലാണ് ഫിനാൻസ് കമ്മിറ്റി അധ്യക്ഷ പാറ്റ് ഡോവലിന് സ്വതന്ത്ര വിദഗ്ധ സ്ഥാപനത്തെ നിയോഗിക്കാനുള്ള അധികാരം നൽകിയത്.കഴിഞ്ഞ മൂന്നുവർഷത്തെ സാമ്പത്തിക രേഖകളും ഇമെയിലുകളും ബജറ്റ് അവതരണങ്ങളും പരിശോധിച്ച് നഗരത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ നൽകിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
അതേസമയം, സ്വതന്ത്ര പരിശോധനയെ സ്വാഗതം ചെയ്യുന്നതായി മേയർ ബ്രാൻഡൻ ജോൺസൺ അറിയിച്ചു. ഭരണകൂടം സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചിട്ടില്ലെന്നുംകണക്കുകളിലെ വ്യത്യാസം സാങ്കേതികമായ വ്യാഖ്യാനവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
സ്വതന്ത്ര പരിശോധനയ്ക്കായി പൊതുപണം ചെലവഴിക്കുന്നത് അനാവശ്യമാണെന്ന് മേയറെ പിന്തുണയ്ക്കുന്ന ചില കൗൺസിൽ അംഗങ്ങളും വാദിക്കുന്നു.
ഇതിനിടെ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ Standard & Poor's ഷിക്കാഗോ നഗരത്തെ ക്രെഡിറ്റ് വാച്ചിൽ ഉൾപ്പെടുത്തിയതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്ന്നാൽ
ഭാവിയിൽ കടമെടുക്കുന്നതിനുള്ള പലിശച്ചെലവ് ഉയരാൻ സാധ്യതയുണ്ട്.
2027ലെ ബജറ്റ് ഡിസംബർ 29നകം അംഗീകരിക്കേണ്ട സാഹചര്യത്തിൽ സ്വതന്ത്ര പരിശോധനയുടെ കണ്ടെത്തലുകൾ നഗരത്തിന്റെ സാമ്പത്തിക നയങ്ങളിലും രാഷ്ട്രീയ സാഹചര്യങ്ങളിലും നിർണായക സ്വാധീനം ചെലുത്തിയേക്കും.
ഷിക്കാഗോയിലെ നികുതിദായകരുടെ പണം എങ്ങനെ വിനിയോഗിക്കപ്പെടുന്നു, നഗരത്തിന്റെ യഥാർഥ സാമ്പത്തിക സ്ഥിതി എന്താണ്, പൊതുജനങ്ങൾക്ക് നൽകിയ കണക്കുകൾ എത്രത്തോളം വിശ്വസനീയമാണ് എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം ലഭിക്കേണ്ടത്.
NRI
വാഷിംഗ്ടൺ ഡിസി : ടെഡ് ലി യുഎസ് ഹൗസ് ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ഡെമോക്രാറ്റിക് കോക്കസ് ചെയർമാനായി കാലിഫോർണിയയിൽ നിന്നുള്ള ജനപ്രതിനിധി ടെഡ് ലിയുവിനെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ഈ പദവിയിലെത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജനാണ് 57-കാരനായ ടെഡ് ലിയു. നേരത്തെ കോക്കസ് വൈസ് ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ഹൗസ് ഡെമോക്രാറ്റുകളുടെ നേതൃതലത്തിലേക്ക് ഉയരുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള ഏഷ്യൻ-അമേരിക്കൻ നേതാവായി മാറും.
NRI
ഒക്ലഹോമ സിറ്റി: 2026–27 സീസണിലെ ആദ്യത്തെ പനി ബാധിച്ചുള്ള ശിശുമരണം ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സ്ഥിരീകരിച്ചു. ഇതിനൊപ്പം സംസ്ഥാനത്ത് വിവിധ ശ്വാസകോശ രോഗങ്ങളിലും വലിയ വർധനവുണ്ടാകുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇൻഫ്ലുവൻസ എ, റിനോവൈറസ് എന്നിവയുടെ കേസുകൾ നാലിരട്ടിയായി വർധിച്ചതായി മെർസി എമർജൻസി ഡിപ്പാർട്ട്മെന്റ് മെഡിക്കൽ ഡയറക്ടർ ഡോ. ബ്രെന്റ് മെഡ്ഫോർഡ് പറഞ്ഞു.
സാധാരണ പരിശോധനകളിൽ പലപ്പോഴും റിനോവൈറസ് കണ്ടെത്താറില്ലെന്നും ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പനിക്കുള്ളതുപോലെ റിനോവൈറസിന് പ്രത്യേക ആന്റിവൈറൽ മരുന്നുകളില്ല; ലക്ഷണങ്ങൾക്കുള്ള ചികിത്സയും ധാരാളം വെള്ളം കുടിച്ച് നിർജ്ജലീകരണം തടയുന്നതുമാണ് പ്രധാനം.
താങ്ക്സ്ഗിവിംഗ് അവധി അടുത്തതോടെ യാത്രകളും കുടുംബസംഗമങ്ങളും കൂടുന്നത് രോഗവ്യാപനം ഇനിയും ഉയരാൻ കാരണമായേക്കാമെന്ന് ഡോക്ടർമാർ ആശങ്കപ്പെടുന്നു.
പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാർഷിക ഫ്ലൂ വാക്സിൻ സ്വീകരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധ മാർഗമെന്ന് ഒക്ലഹോമ ചിൽഡ്രൻസ് ഒയു ഹെൽത്തിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവി ഡോ. ഡോണ ട്യൂംഗു പറഞ്ഞു.
വാക്സിൻ എടുത്ത് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് ശരീരത്തിൽ ഫലപ്രദമായി പ്രവർത്തിച്ചു തുടങ്ങുന്നത്.
NRI
വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നിർണായക മുന്നേറ്റം. ടെന്നസിയിലെ നാലാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ എട്ട് തവണ റിപ്പബ്ലിക്കൻ പ്രതിനിധിയായിരുന്ന സ്കോട്ട് ഡെസ്ജാർലൈസ്, ഡെമോക്രാറ്റിക് സ്ഥാനാർഥി വിക്ടോറിയ ബ്രോഡറിക്കിനോട് പരാജയം സമ്മതിച്ചു.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കേവലം ഏതാനും നൂറ് വോട്ടുകളുടെ വ്യത്യാസത്തിലാണ് ഡെസ്ജാർലൈസിന് അടിതെറ്റിയത്.
ഇടക്കാല തെരഞ്ഞെടുപ്പിൽ പല പ്രമുഖ റിപ്പബ്ലിക്കൻ നേതാക്കൾക്കും സീറ്റ് നഷ്ടമാകുന്ന തരംഗത്തിന്റെ ഭാഗമായാണ് ഈ തോൽവി. ബ്രോഡറിക്കിന്റെ വിജയത്തോടെ 435 അംഗ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളുടെ സീറ്റ് നില 256 ആയി ഉയർന്നു.
ഏകദേശം രണ്ട് ലക്ഷത്തോളം വോട്ടുകൾ രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് തനിക്ക് വിജയം നഷ്ടമായതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ഡെസ്ജാർലൈസ് വ്യക്തമാക്കി.
വിജയിയായ വിക്ടോറിയ ബ്രോഡറിക്കിനെ അദ്ദേഹം നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും, മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ തുടർന്നും ശ്രദ്ധയുണ്ടാകണമെന്ന് ആശംസിക്കുകയും ചെയ്തു.
ഈ വർഷം ആദ്യം റിപ്പബ്ലിക്കൻ പാർട്ടിക്ക് അനുകൂലമായ രീതിയിൽ മണ്ഡല പുനർനിർണയം നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
NRI
ഷിക്കാഗോ: സ്കൂളിലേക്ക് അമ്മയ്ക്കൊപ്പം നടന്നുപോകുന്നതിനിടെ ഏഴുവയസുകാരൻ ഡാൻട്രെൽ ഡേവിസ് വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ആന്റണി ഗാരറ്റിനെതിരായ കുറ്റവിധിയും 100 വർഷത്തെ തടവുശിക്ഷയും കുക്ക് കൗണ്ടി കോടതി റദ്ദാക്കി.
പൊലിസ് കസ്റ്റഡിയിൽ മർദിച്ചാണ് ഗാരറ്റിന്റെ രേഖാമൂലമുള്ള കുറ്റസമ്മതം നേടിയതെന്ന നിഗമനത്തെ തെളിവുകൾ പിന്തുണയ്ക്കുന്നതായി സർക്യൂട്ട് ജഡ്ജി അഡ്രിയൻ ഇ. ഡേവിസ് വിധിച്ചു. ആ മൊഴി പുതിയ വിചാരണയിൽ തെളിവായി ഉപയോഗിക്കാനും കോടതി വിലക്കേർപ്പെടുത്തി.
1992 ഒക്ടോബർ 13-ന് ഷിക്കാഗോയിലെ കബ്രിനി-ഗ്രീൻ പൊതുഭവന സമുച്ചയത്തിലായിരുന്നു വെടിവയ്പ്. നഗരത്തിൽ വലിയ പ്രതിഷേധമുയർത്തിയ സംഭവത്തിൽ ഗാരറ്റ് 1994-ൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ചോദ്യം ചെയ്യലിനിടെ തന്നെ മർദിച്ചെന്നും മുൻകൂട്ടി തയ്യാറാക്കിയ കുറ്റസമ്മത മൊഴിയിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും ഗാരറ്റ് ആരോപിച്ചിരുന്നു. ആരോപണം കോടതി പരിശോധിക്കാൻ മതിയായ തെളിവുണ്ടെന്ന് ഇല്ലിനോയ് ടോർച്ചർ ഇൻക്വയറി ആൻഡ് റിലീഫ് കമ്മീഷൻ 2023-ൽ കണ്ടെത്തി കേസ് കുക്ക് കൗണ്ടി കോടതിയിലേക്ക് അയച്ചിരുന്നു.
കസ്റ്റഡി മർദനത്തിന് നേതൃത്വം നൽകിയെന്ന ആരോപണം മുൻ ഷിക്കാഗോ പൊലിസ് ഡിറ്റക്ടീവ് റിച്ചാർഡ് സുലി നിഷേധിച്ചു. സുലിയെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി, ജഡ്ജിയുടെ 37 പേജുള്ള രേഖാമൂലമുള്ള ഉത്തരവ് ഉദ്ധരിച്ച് ഷിക്കാഗോ സൺ-ടൈംസും WTTW-വും റിപ്പോർട്ട് ചെയ്തത് അദ്ദേഹത്തിന്റെ സാക്ഷിമൊഴി വിശ്വസനീയമല്ലെന്ന് കോടതി വിലയിരുത്തിയെന്നാണ്.
ശിക്ഷാവിധി റദ്ദാക്കിയെങ്കിലും ഗാരറ്റിനെ കുറ്റവിമുക്തനാക്കുകയോ വിട്ടയയ്ക്കുകയോ ചെയ്തിട്ടില്ല. 68 വയസുള്ള ഗാരറ്റിനെ സംസ്ഥാന ജയിലിൽനിന്ന് കുക്ക് കൗണ്ടി ജയിലിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. തുടർനടപടികൾ തീരുമാനിക്കാൻ വിധി പരിശോധിക്കുകയാണെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഗാരറ്റിന്റെ മോചനഹർജിയും പ്രോസിക്യൂഷൻ അപ്പീൽ നൽകുമോ എന്ന കാര്യവും പരിഗണിക്കാൻ ഡിസംബർ ഏഴിന് വീണ്ടും കോടതി ചേരും.
NRI
മിനെസോട്ട: മിനസോടയിൽ നിന്നുള്ള യുഎസ് പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിങ്ടൻ ഡിസിയിലെ വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട കോടതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി വിധിച്ചു.
അന്വേഷണത്തിന് ഇത് തടസമാകുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ചീഫ് ജഡ്ജി ജെയിംസ് ബോസ്ബർഗ് ഈ തീരുമാനം എടുത്തത്. എങ്കിലും ചില ഭാഗങ്ങൾ ഒഴിവാക്കി കോടതി രേഖകൾ അടുത്ത തിങ്കളാഴ്ചയോടെ പ്രസിദ്ധീകരിക്കാൻ ജഡ്ജി അനുമതി നൽകിയിട്ടുണ്ട്.
ഇൽഹാൻ ഉമറിന്റെ വസതിയിലെ പരിശോധനയുമായി ബന്ധപ്പെട്ട 67 പേജുള്ള സത്യവാങ്മൂലം ഇപ്പോൾ പുറത്തുവിടേണ്ടതില്ലെന്ന് ജഡ്ജി ജെയിംസ് ബോസ്ബർഗ് വ്യക്തമാക്കി. 14ഓളം പ്രമുഖ മാധ്യമങ്ങൾ ഈ റെയ്ഡ് സംബന്ധിച്ച കോടതി രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു.
അന്വേഷണം പൂർത്തിയാകുന്നതിനും കുറ്റപത്രം സമർപ്പിക്കുന്നതിനും മുൻപ് രേഖകൾ പരസ്യമാക്കുന്നത് കേസിനെ ബാധിക്കുമെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു.
കഴിഞ്ഞ ഒക്ടോബർ 12നാണ് ഇമിഗ്രേഷൻ തട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റി ഏജന്റുമാർ ഇൽഹാൻ ഉമറിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് ഇൽഹാൻ ഉമർ പ്രതികരിച്ചിരുന്നു. രേഖകളിൽ വരുത്തേണ്ട മാറ്റങ്ങൾ വെള്ളിയാഴ്ചയ്ക്കകം സമർപ്പിക്കാൻ ജഡ്ജി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
NRI
ഹൂസ്റ്റൺ: ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ ക്ലാസിക്കൽ സംഗീത ബാൻഡായ ക്രോസ് റിവർ വോയ്സ് ഡാളസ് അവതരിപ്പിക്കുന്ന ‘താങ്ങും കരങ്ങൾ’ (Hands That Hold Us) സംഗീത സായാഹ്നം നവംബർ 29 ഞായറാഴ്ച വൈകിട്ട് ആറിന് നടക്കും.
ഹൂസ്റ്റൺ മേഖലയിലെ മിസോറി സിറ്റിയിലുള്ള കാൽവറി ഇന്ത്യൻ ഫെലോഷിപ്പ് ചർച്ചാണ് വേദി. ഹൂസ്റ്റൺ പെന്തക്കോസ്ത് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ബൈജു തോമസ് ആരാധനയ്ക്കും സംഗീത ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.
പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവും സംഗീതസംവിധായകനുമായ ഇവാഞ്ചലിസ്റ്റ് ജെ. വി. പീറ്റർ രചിച്ച് ഈണം പകർന്ന ഗാനങ്ങളും മറ്റു രചയിതാക്കളുടെ ക്രിസ്തീയ ഗാനങ്ങളും വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കും.
കേരളത്തിലെ വിവിധ ക്രൈസ്തവ സംഗീത ട്രൂപ്പുകളിൽ പ്രവർത്തിച്ചിരുന്ന കലാകാരന്മാർ ചേർന്നാണ് ക്രോസ് റിവർ വോയ്സ് ഡാളസ് രൂപീകരിച്ചത്. പരിചിതമായ ക്രിസ്തീയ ഗാനങ്ങളിലൂടെ ആരാധനയ്ക്കും സംഗീതാസ്വാദനത്തിനും ഒരുമിച്ച് അവസരമൊരുക്കുകയാണ് ‘താങ്ങും കരങ്ങൾ’ സംഗീത സായാഹ്നം.
വേദി: Calvary Indian Fellowship Church Houston 3703 5th Street, Missouri City, TX 77459.
NRI
ഷിക്കാഗോ: ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഭീമൻ ദിനോസറുകളുടെ അത്ഭുതലോകം നേരിൽ കാണാനും അവയുമായി സംവദിക്കാനും അവസരമൊരുക്കുന്ന വമ്പൻ പ്രദർശനമായ ‘ജുറാസിക് ക്വസ്റ്റ്’ (Jurassic Quest) ഷിക്കാഗോയിലെത്തുന്നു. നവംബർ 27 മുതൽ 29 വരെ ഷാംബർഗിലെ കൺവൻഷൻ സെന്ററിലാണ് മൂന്ന് ദിവസത്തെ പ്രദർശനം നടക്കുന്നത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ സഞ്ചരിക്കുന്ന ആനിമട്രോണിക് ദിനോസർ പ്രദർശനങ്ങളിലൊന്നായ ജുറാസിക് ക്വസ്റ്റ്, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകവും വിജ്ഞാനവും പകരുന്ന പരിപാടിയാണ്. യഥാർഥ ദിനോസറുകളുടെ വലുപ്പത്തിലും രൂപത്തിലും നിർമിച്ച, ചലിക്കുകയും ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന ദിനോസറുകളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
ഏകദേശം 60 അടി നീളമുള്ള സ്പൈനോസോറസ്, 80 അടി നീളമുള്ള അപാറ്റോസോറസ്,ഭീമാകാരനായ ടൈറനോസോറസ് റെക്സ് (T. rex) തുടങ്ങിയ ദിനോസറുകളെ അടുത്തുനിന്ന് കാണാൻ സന്ദർശകർക്ക് അവസരമുണ്ട്. ദിനോസറുകളുടെ ചലനങ്ങളും ഗർജനങ്ങളും പുനഃസൃഷ്ടിക്കുന്ന സാങ്കേതികവിദ്യ കുട്ടികൾക്ക് ചരിത്രാതീത കാലഘട്ടത്തിലേക്ക് സഞ്ചരിക്കുന്ന അനുഭവം നൽകും.
ഇത്തവണ മൂന്ന് വ്യത്യസ്ത അനുഭവങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. ദിനോസറുകളുടെ ലോകം പരിചയപ്പെടുത്തുന്ന Jurassic Quest, ചരിത്രാതീത സമുദ്രജീവികളെ അവതരിപ്പിക്കുന്ന Ancient Oceans, ഹിമയുഗത്തിലെ ജീവികളെ പരിചയപ്പെടുത്തുന്ന Frozen Frontier എന്നിവയാണ് പ്രധാന വിഭാഗങ്ങൾ. ഭീമൻ മെഗലഡോൺ സ്രാവിന്റെയും വൂളി മാമത്തിന്റെയും മാതൃകകളും പ്രദർശനത്തിലുണ്ടാകും.
കുട്ടികൾക്ക് ചെറിയ ദിനോസർ മാതൃകകളെ തൊട്ടറിയാനും പരിശീലകരുടെ സഹായത്തോടെ റാപ്റ്ററുകളെ പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അവസരമുണ്ട്. ഫോസിലുകൾ കണ്ടെത്താനുള്ള മാതൃകാ ഖനനപ്രവർത്തനങ്ങൾ, ശാസ്ത്രപഠന കേന്ദ്രങ്ങൾ, കരകൗശല പ്രവർത്തനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
LEGO മാതൃകയിലുള്ള നിർമാണ ബ്ലോക്കുകൾ ഉപയോഗിച്ച് വിവിധ രൂപങ്ങൾ സൃഷ്ടിക്കാവുന്ന Brick Zone, ഇരുട്ടിൽ പ്രകാശിക്കുന്ന Glow Zone, സ്വന്തമായി നിർമിച്ച വാഹനങ്ങൾ മത്സരിപ്പിക്കാവുന്ന 35 അടി നീളമുള്ള Derby Track എന്നിവ കുട്ടികളുടെ പ്രത്യേക ആകർഷണങ്ങളായിരിക്കും. ദിനോസറുകളുടെ പുറത്തുകയറിയുള്ള റൈഡുകൾ, ബൗൺസ് ഹൗസുകൾ, ചെറിയ ജീപ്പ് റൈഡുകൾ എന്നിവയും ലഭ്യമാണ്.
താങ്ക്സ്ഗിവിംഗ് അവധിക്കാലത്തോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിൽ ക്രിസ്മസ് അലങ്കാരങ്ങളും ആഘോഷപരിപാടികളും ഒരുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. കുടുംബസമേതം സന്ദർശിക്കുന്നവർക്ക് ഫോട്ടോകൾ എടുക്കാനുള്ള പ്രത്യേക അവസരങ്ങളും ഉണ്ടായിരിക്കും.
രണ്ട് മുതൽ പത്ത് വയസു വരെയുള്ള കുട്ടികളെ പ്രധാനമായും ലക്ഷ്യമിട്ടാണ് പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാ പ്രായക്കാർക്കും പ്രദർശനം സന്ദർശിക്കാം. ശബ്ദത്തോടും വെളിച്ചത്തോടും പ്രത്യേക സംവേദനക്ഷമതയുള്ള കുട്ടികൾക്കും മറ്റ് സന്ദർശകർക്കുമായി നവംബർ 28 ശനിയാഴ്ച രാവിലെ എട്ട് മുതൽ ഒമ്പതുവരെ ശബ്ദം കുറച്ചുള്ള പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.
പ്രദർശന സമയവും ടിക്കറ്റ് നിരക്കുകളും
നവംബർ 27 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം ആറുവരെയും, നവംബർ 28 ശനിയാഴ്ച രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയും, നവംബർ 29 ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെയുമാണ് പ്രദർശനം.
രണ്ട് മുതൽ പത്ത് വയസു വരെയുള്ള കുട്ടികൾക്കുള്ള ജനറൽ അഡ്മിഷൻ ടിക്കറ്റുകൾ 26 ഡോളർ മുതലാണ്. റൈഡുകളും മറ്റ് അധിക വിനോദങ്ങളും ഉൾപ്പെടുന്ന Ultimate ടിക്കറ്റിന് 40 ഡോളറും VIP Dino-Mite ടിക്കറ്റിന് 85 ഡോളറുമാണ് പ്രാരംഭ നിരക്ക്. പതിനൊന്ന് വയസും അതിലധികവും പ്രായമുള്ളവർക്കുള്ള ജനറൽ അഡ്മിഷൻ 26 ഡോളറാണ്. നികുതിയും അധിക ഫീസും വേറെയായിരിക്കും.
രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് സാധാരണ പ്രവേശനം സൗജന്യമാണ്. ജനറൽ അഡ്മിഷനിൽ പ്രധാന പ്രദർശനങ്ങളും നിരവധി പഠനപ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ടെങ്കിലും ദിനോസർ റൈഡുകൾക്കും ബൗൺസ് ഹൗസുകൾക്കും അധിക ടിക്കറ്റോ ഉയർന്ന വിഭാഗത്തിലുള്ള പ്രവേശന ടിക്കറ്റോ ആവശ്യമാണ്.
പ്രദർശനവേദി: Schaumburg Convention Center, 1551 Thoreau Drive North, Schaumburg, Illinois 60173.
ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് താങ്ക്സ്ഗിവിംഗ് അവധിക്കാലത്ത് കുട്ടികളോടൊപ്പം ആസ്വദിക്കാവുന്ന വ്യത്യസ്തമായ വിനോദ-വിജ്ഞാന അനുഭവമായിരിക്കും ജുറാസിക് ക്വസ്റ്റ്.
ദിനോസറുകളെ പുസ്തകങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള കുട്ടികൾക്ക് അവയുടെ ഭീമാകാര മാതൃകകൾ അടുത്തുനിന്ന് കാണാനും ചരിത്രാതീത ജീവജാലങ്ങളെക്കുറിച്ച് പഠിക്കാനുമുള്ള അപൂർവ അവസരമാണിത്.
NRI
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലിസ് വകുപ്പിലെ (NYPD) പ്രത്യേക വിഭാഗമായ സ്ട്രാറ്റജിക് റെസ്പോൺസ് ഗ്രൂപ്പിനെ (SRG) പിരിച്ചുവിടാനുള്ള തീരുമാനത്തോടെ മേയർ സോഹ്റാൻ മംദാനി വീണ്ടും വാർത്തകളിൽ നിറയുന്നു.
മേയറും പൊലിസ് കമ്മീഷണർ ജെസിക്ക ടിഷും ചേർന്ന് നവംബർ 16ന് പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ നേതാക്കളും പൊലിസ് യൂണിയനുകളും രംഗത്തെത്തി. അതേസമയം, നഗരത്തിന്റെ ഭീകരവിരുദ്ധ ബ്യൂറോ പിരിച്ചുവിടുന്നില്ലെന്നും SRG നിർവഹിച്ചിരുന്ന ഭീകരവിരുദ്ധ ചുമതലകൾ ആ ബ്യൂറോ ഏറ്റെടുക്കുമെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി.
2015ൽ രൂപീകരിച്ച SRG, നഗരത്തിന്റെ അഞ്ച് ബറോകളിലും അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം വിന്യസിക്കാവുന്ന പ്രത്യേക പൊലിസ് വിഭാഗമായിരുന്നു. ഭീകരഭീഷണികളോട് പ്രതികരിക്കുന്നതിനും നിർണായക അടിസ്ഥാനസൗകര്യങ്ങൾക്ക് സുരക്ഷ നൽകുന്നതിനും പുറമേ, വെടിവയ്പ്, ബാങ്ക് കവർച്ച, ആളുകളെ കാണാതാകുന്ന സംഭവങ്ങൾ എന്നിവയിലും യൂണിറ്റിനെ നിയോഗിച്ചിരുന്നു.
ഗുരുതര കുറ്റകൃത്യങ്ങൾ വർധിക്കുന്ന പ്രദേശങ്ങളിൽ പ്രാദേശിക പൊലിസിന് അധിക സേനാബലം നൽകുക, പ്രധാന പരേഡുകൾക്കും പൊതുപരിപാടികൾക്കും സുരക്ഷയൊരുക്കുക, വൻ പ്രതിഷേധങ്ങളിലും പൊതുസമാധാനം തകരുന്ന സാഹചര്യങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നിവയും ചുമതലകളിൽ ഉൾപ്പെട്ടിരുന്നു.
SRG ഉദ്യോഗസ്ഥരുടെ പുനർവിന്യാസം പൂർത്തിയായെന്നല്ല നവംബർ 16ലെ പ്രഖ്യാപനം. യൂണിറ്റ് പിരിച്ചുവിടുമ്പോൾ ഉദ്യോഗസ്ഥരെ NYPDയിലെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം. കമ്മീഷണർ ടിഷ് എബിസി7 ന്യൂയോർക്കിനോട് പറഞ്ഞതനുസരിച്ച്, യൂണിറ്റിൽ ഏകദേശം 500 ഉദ്യോഗസ്ഥരുണ്ട്.
ഇവരിൽ പലരെയും നിലവിലുള്ള ഇന്റലിജൻസ് ആൻഡ് കൗണ്ടർടെററിസം ബ്യൂറോയിലേക്ക് മാറ്റും. ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നില്ലെന്നും NYPDയുടെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ മാറ്റമുണ്ടാകില്ലെന്നും നഗരഭരണകൂടം അറിയിച്ചു. ഭീകരഭീഷണികളോടുള്ള പ്രതികരണവും നിർണായക അടിസ്ഥാനസൗകര്യങ്ങൾക്കുള്ള പ്രത്യേക സുരക്ഷയും ഭീകരവിരുദ്ധ ബ്യൂറോയുടെ കീഴിൽ തുടരും.
പ്രതിഷേധങ്ങളോട് പ്രതികരിക്കുന്ന രീതിയിലാണ് പ്രധാന മാറ്റം. പ്രതിഷേധ സംഘാടകരുമായി മുൻകൂട്ടി ആശയവിനിമയം നടത്താനും സംഘർഷം ശമിപ്പിക്കാനും മേയറുടെ ഓഫീസിനു കീഴിൽ സിവിലിയൻ നേതൃത്വത്തിലുള്ള വിഭാഗം രൂപീകരിക്കും. ആ വിഭാഗത്തിന് ആയുധങ്ങളോ അറസ്റ്റ് ചെയ്യാനുള്ള അധികാരമോ ഉണ്ടാകില്ല. അതുപ്രവർത്തനസജ്ജമാകുന്നതുവരെ, ആശയവിനിമയത്തിലും സംഘർഷം ശമിപ്പിക്കുന്നതിലും പരിശീലനം ലഭിച്ച 30 യൂണിഫോം ധാരികളടങ്ങുന്ന പൊലിസ് സംഘം ആ ചുമതല വഹിക്കും.
ജനക്കൂട്ട നിയന്ത്രണത്തിന് പുതിയ പട്രോൾ സപ്പോർട്ട് ഡിവിഷൻ സഹായിക്കും. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയാൽ പൊലിസ് ഇടപെടുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് നടത്തുമെന്നും മംദാനി വ്യക്തമാക്കി.
ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റാൻഡി ഫൈൻ, സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് 25 വർഷം പിന്നിടുന്ന വേളയിൽ ഭീകരവിരുദ്ധ ചുമതലകൾ വഹിച്ചിരുന്ന യൂണിറ്റിനെ പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടി മംദാനിയെ രൂക്ഷമായി വിമർശിച്ചു. എന്നാൽ നഗരത്തിന്റെ പ്രധാന ഭീകരവിരുദ്ധ വിഭാഗം ഇല്ലാതാകുന്നു എന്ന ധാരണ ഔദ്യോഗിക പദ്ധതിയുമായി പൊരുത്തപ്പെടുന്നില്ല.
ന്യൂയോർക്ക് സിറ്റി കൗൺസിലിലെ റിപ്പബ്ലിക്കൻ പ്രതിപക്ഷ വിപ്പ് ഇന്ന വെർണിക്കോവും തീരുമാനത്തെ എതിർത്തു. സിനഗോഗുകൾക്കും ജൂത സ്ഥാപനങ്ങൾക്കും സമീപത്തെ പ്രതിഷേധങ്ങൾ ഭീഷണിയിലേക്കോ അക്രമത്തിലേക്കോ നീങ്ങിയാൽ അതിവേഗം പ്രതികരിക്കാനുള്ള ശേഷിയെ തീരുമാനം ബാധിക്കുമെന്നാണ് അവർ ഉയർത്തിയ ആശങ്ക.
പൊലിസ് ബെനവലന്റ് അസോസിയേഷൻ പ്രസിഡന്റ് പാട്രിക് ഹെൻഡ്രി, റോഡുകളും പാലങ്ങളും തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധ സാഹചര്യങ്ങളിൽ പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയെ തീരുമാനം ബാധിക്കുമെന്ന് വിമർശിച്ചു.
മറുവശത്ത്, 2020ലെ ജോർജ് ഫ്ലോയ്ഡ് പ്രതിഷേധങ്ങൾക്കിടെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങൾ നേരിട്ട യൂണിറ്റിനെ പിരിച്ചുവിടുന്നതിനെ ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ സ്വാഗതം ചെയ്തു. എന്നാൽ പുതിയ പട്രോൾ വിഭാഗം പഴയ രീതികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതിന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും സംഘടന അറിയിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുന്നവരെ ഭീകരഭീഷണിയോട് പ്രതികരിക്കുന്ന അതേ രീതിയിൽ നേരിടരുതെന്നാണ് മംദാനിയുടെ നിലപാട്. ഭീകരഭീഷണികളോടും ഗുരുതര സംഭവങ്ങളോടും പ്രതികരിക്കാനുള്ള പൊലിസിന്റെ ശേഷി കുറയ്ക്കാതെയാണ് ചുമതലകൾ വേർതിരിക്കുന്നതെന്ന് കമ്മീഷണർ ടിഷും വ്യക്തമാക്കി.
NRI
ഷിക്കാഗോ: ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകാൻ ഷിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയുടെ (സിടിഎ) പ്രശസ്തമായ ഹോളിഡേ ട്രെയിൻ ഈ മാസം 27 മുതൽ വീണ്ടും സർവീസ് ആരംഭിക്കുന്നു.
ആയിരക്കണക്കിന് വർണവെളിച്ചങ്ങളും ക്രിസ്മസ് അലങ്കാരങ്ങളും സാന്താക്ലോസിന്റെ സാന്നിധ്യവുമുള്ള ട്രെയിൻ ഷിക്കാഗോയിലെക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
27-ന് ഓറഞ്ച്, ഗ്രീൻ ലൈനുകളിലൂടെയാണ് ഈ വർഷത്തെ ആദ്യ സർവീസ് ആരംഭിക്കുന്നത്. തുടർന്ന് ഡിസംബർ അവസാനം വരെ സിടിഎയുടെ വിവിധ റെയിൽ ലൈനുകളിലൂടെ ഹോളിഡേ ട്രെയിൻ സഞ്ചരിക്കും.
സാധാരണ യാത്രാ ട്രെയിനുകളെ ക്രിസ്മസ് അലങ്കാരങ്ങളാൽ മനോഹരമാക്കിയാണ് സർവീസ് നടത്തുന്നത്. വർണവെളിച്ചങ്ങൾ, ക്രിസ്മസ് സംഗീതം, അലങ്കരിച്ച കോച്ചുകൾ എന്നിവ യാത്രക്കാർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.
സാന്താക്ലോസും അദ്ദേഹത്തിന്റെ സഹായികളും ട്രെയിനിലുണ്ടാകുന്നതും കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രത്യേക ആകർഷണമാണ്. പ്രത്യേക ടിക്കറ്റ് ആവശ്യമില്ലെന്നതാണ് ഹോളിഡേ ട്രെയിനിന്റെ മറ്റൊരു പ്രത്യേകത.
സാധാരണ സിടിഎ യാത്രാനിരക്ക് നൽകി പൊതുജനങ്ങൾക്ക് ട്രെയിനിൽ യാത്ര ചെയ്യാം. ഷിക്കാഗോയിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഹോളിഡേ ട്രെയിൻ ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം സാമൂഹിക സേവന പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
അവധിക്കാലത്ത് ആവശ്യക്കാരായ കുടുംബങ്ങൾക്ക് ഭക്ഷണവും സമ്മാനങ്ങളും എത്തിക്കുന്ന സിടിഎയുടെ സേവനപരിപാടികളും ഇതിന്റെ ഭാഗമാണ്.
ഷിക്കാഗോ നഗരത്തിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങൾക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ആസ്വദിക്കാവുന്ന ഒരു ക്രിസ്മസ് അനുഭവമായിരിക്കും ഈ യാത്ര.
യാത്ര ആസൂത്രണം ചെയ്യുന്നവർ ഓരോ റെയിൽ ലൈനിലെയും സർവീസ് തീയതികളും സമയക്രമവും സിടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
സിടിഎയുടെ ഔദ്യോഗിക അറിയിപ്പനുസരിച്ച്, ഈ വർഷം ഏകദേശം 400 ഭക്ഷണ കിറ്റുകൾ വിവിധ സാമൂഹിക സംഘടനകൾക്ക് വിതരണം ചെയ്യാനും പദ്ധതിയുണ്ട്.
1992-ൽ ആരംഭിച്ച ഈ ക്രിസ്മസ് പാരമ്പര്യം ഇതിനകം 11,900-ലധികം കുടുംബങ്ങൾക്ക്സഹായമെത്തിച്ചിട്ടുണ്ട്.
NRI
പെയർലാൻഡ്: സെന്റ് മേരീസ് സീറോമലബാർ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫാമിലി നൈറ്റ് ‘ലൂമിന 2026’ ഗംഭീരമായും ആഘോഷിച്ചു. റിച്ചാർഡ്സ് ജേക്കബ് കയ്യാലപ്പറമ്പിൽ സ്വാഗതം ആശംസിച്ചു.
ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തും വിവിധ ഇടവക സംഘടനകളായ എസ്എംസിസി, ലേഡീസ് ഫോറം, എച്ച്സിഎ, മിഷൻ ലീഗ് എന്നിവയുടെ ഭാരവാഹികളും ചേർന്ന് നിലവിളക്ക് തെളിയിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
സിസ്റ്റർ റാണിസ് എംഎസ്എംഐ അനുഗ്രഹപ്രഭാഷണം നടത്തി. മദർ ബെൻസിയും മറ്റു സിസ്റ്റർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇടവകയിലെ എട്ട് വാർഡുകളെ പ്രതിനിധീകരിച്ച് മുന്നൂറോളം കുടുംബങ്ങൾ വിവിധ കലാപരിപാടികളിൽ പങ്കെടുത്തു.
വിനോദത്തിനപ്പുറം വിശ്വാസജീവിതത്തിന്റെ മൂല്യങ്ങളും സന്ദേശങ്ങളും പങ്കുവച്ച അവതരണങ്ങൾ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. കുട്ടികളും യുവജനങ്ങളും മുതിർന്നവരും ഒരേ വേദിയിൽ അണിനിരന്നത് കുടുംബസംഗമത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി.
NRI
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി (എംഎസ്ഒഎൽസി) സംഘടിപ്പിക്കുന്ന "വിന്റർ ബെൽസ് 2026' ക്രിസ്മസ് - പുതുവത്സര ആഘോഷം ഡിസംബർ 26 വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്തു വരെ ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ (Johnnie Arolfo Civic Center) നടക്കും.
ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ ആണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ഇവന്റ് സ്പോൺസർ. സംഗീതം, നൃത്തം, ക്രിസ്തുമസ് തീം ഫാഷൻ ഷോ, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള തത്സമയ ചിത്രരചന, ഹാസ്യപരിപാടികൾ, വൈവിധ്യമാർന്ന കേരളീയ ഭക്ഷണവിരുന്ന് തുടങ്ങിവിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ആഘോഷങ്ങൾ വൻവിജയമാക്കുന്നതിനായി സംഘടനയുടെ ഭാരവാഹികളും വിവിധ കമ്മിറ്റികളും ഒറ്റക്കെട്ടായിപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സംഘടനയിലെ അംഗങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും മികച്ച പിന്തുണയും സഹകരണവുമാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
ക്രിസ്മസ് വിസ്മയമൊരുക്കാൻ ‘Winter Bells in Wonderland’
ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായി ‘Winter Bells in Wonderland - Where Christmas Magic Meets Runway Glamour’ എന്ന പേരിൽ പ്രത്യേക ക്രിസ്തുമസ് തീം ഫാഷൻ ഷോ അരങ്ങേറും.
Lakshyaa Curationz ഒരുക്കുന്ന ഫാഷൻ ഷോയ്ക്കായി വിന്റർ ബെൽസ് ആഘോഷങ്ങൾക്ക് മാത്രമായി ക്രിസ്തുമസ്പ്രമേയത്തിലുള്ള പ്രത്യേക വസ്ത്രങ്ങളും അവതരണരീതികളും രൂപകൽപ്പന ചെയ്തുവരുന്നു.
ക്രിസ്മസിന്റെ വർണാഭമായ അന്തരീക്ഷവും ഫാഷൻ ലോകത്തിന്റെ മനോഹാരിതയും ഒരുമിക്കുന്ന ഈ അവതരണം ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും.
‘Colors of Harmony’ - കഥയ്ക്കൊപ്പം കാൻവാസിൽ വിരിയുന്ന വർണവിസ്മയം
ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകർഷണമായി ‘Colors of Harmony - A Live Painting Spectacle’ എന്ന പേരിൽവ്യത്യസ്തമായ തത്സമയ ചിത്രരചനാ പരിപാടിയും അവതരിപ്പിക്കും.
ചിത്രരചനയ്ക്ക് മുഖ്യപ്രാധാന്യം നൽകുന്ന ഈ കലാവിരുന്നിൽ, കഥാവിവരണത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയുംഅകമ്പടിയോടെ വേദിയിൽ ചിത്രം തത്സമയം രൂപംകൊള്ളും.
അവതരിപ്പിക്കുന്ന കഥയുടെ ആശയങ്ങളും വികാരങ്ങളുംചിത്രകാരന്റെ ഭാവനയിലൂടെ കാൻവാസിൽ വർണങ്ങളായി വിരിയുമ്പോൾ, പശ്ചാത്തല സംഗീതം അവതരണത്തിന്കൂടുതൽ ഭാവതീവ്രത പകരും.
കേൾക്കുന്ന കഥ കൺമുന്നിൽ ചിത്രമായി ജീവൻവയ്ക്കുന്ന ഈ വേറിട്ട കലാനുഭവം കാണികൾക്ക്വിസ്മയക്കാഴ്ചയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയുള്ള ക്രിസ്തുമസ് കരോൾ ഗാനാലാപനം, കുട്ടികളുടെയുംയുവജനങ്ങളുടെയും മുതിർന്നവരുടെയും നൃത്താവതരണങ്ങൾ, ഹാസ്യ സ്കിറ്റുകൾ, വിവിധ സംഗീതപരിപാടികൾഎന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
ആയിരത്തിലധികം പേർക്ക് കേരളീയ ഭക്ഷണവിരുന്ന്
വിന്റർ ബെൽസ് ആഘോഷങ്ങളുടെ മറ്റൊരു പ്രധാന ആകർഷണം ആയിരത്തിലധികം പേർക്ക് ഭക്ഷണം ഒരുക്കുന്നതിനുള്ളവിപുലമായ സംവിധാനങ്ങളോടെ സംഘടിപ്പിക്കുന്ന കേരളീയ ഭക്ഷണവിരുന്നായിരിക്കും.
ഷോണി ജോസഫ്, രാജേഷ് ചന്ദ്രശേഖരൻ, തോമസ് ജോസഫ്, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, ജിന്റോ കാരിക്കൽ, ജോബിൻ പന്തലാടി എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണവിഭാഗത്തിന്റെ പ്രവർത്തനങ്ങളുംവിപുലമായ ഒരുക്കങ്ങളും പുരോഗമിക്കുന്നത്.
ഒട്ടേറെ കേരളീയ തനത് വിഭവങ്ങൾക്കൊപ്പം ബാർബിക്യൂ വിഭവങ്ങളും ഭക്ഷണവിരുന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണവിരുന്നിന്റെ ഏറ്റവും വലിയ പ്രത്യേകത, എല്ലാ വിഭവങ്ങളും പരിപാടി നടക്കുന്ന ജോണി അരോൾഫോ സിവിക്സെന്ററിൽത്തന്നെ തത്സമയം പാകം ചെയ്ത് ചൂടോടെയും പുതുമയോടെയും അതിഥികൾക്ക് വിളമ്പുമെന്നതാണ്.
മുൻകൂട്ടിപാകം ചെയ്ത് കൊണ്ടുവരുന്ന ഭക്ഷണത്തിനുപകരം വേദിയിൽത്തന്നെ പുതുതായി തയാറാക്കുന്ന കേരളീയ വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
ആയിരത്തിലധികം പേർക്ക് സുഗമമായി ഭക്ഷണം വിതരണം ചെയ്യുന്നതിനാവശ്യമായ പ്രത്യേക ക്രമീകരണങ്ങളുംആസൂത്രണം ചെയ്തുവരുന്നതായി ഭക്ഷണവിഭാഗം ഭാരവാഹികൾ അറിയിച്ചു.
ഇവന്റ് സ്പോൺസറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ
വിന്റർ ബെൽസ് 2026 ആഘോഷങ്ങളുടെ പ്രധാന ഇവന്റ് സ്പോൺസറായി ഫ്രണ്ട്സ്വുഡ് ഹോസ്പിറ്റൽ ഇആർ സഹകരിക്കുന്നു.
മലയാളി സമൂഹത്തിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾക്കും കൂട്ടായ്മകൾക്കും ലഭിക്കുന്ന ഇത്തരം പിന്തുണ ഏറെവിലപ്പെട്ടതാണെന്ന് സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ആഘോഷങ്ങൾക്ക് പിന്തുണ നൽകുന്ന ഫ്രണ്ട്സ്വുഡ്ഹോസ്പിറ്റൽ ഇആറിനോട് സംഘാടകർ നന്ദിയും കടപ്പാടും അറിയിച്ചു.
വിപുലമായ ഒരുക്കങ്ങളുമായി സംഘാടക സമിതി
മലയാളീ സമാജം ഓഫ് ലീഗ് സിറ്റി പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത്, ട്രഷറർ റോബി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വൈസ് പ്രസിഡന്റുമാരായ ജിജു ജോൺ, സീന ജോസ്, ജോയിന്റ് സെക്രട്ടറിമാരായ ഡോ. നജീബ് കുഴിയിൽ, പ്രവിതജിജി, ജോയിന്റ് ട്രഷറർ ബിജി കോടാകേരിൽ എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സംഘടനയിലെ അംഗങ്ങളുടെ കൂട്ടായ്മയും സജീവ സഹകരണവുമാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാനശക്തിയെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
MSOLC അംഗങ്ങൾക്കും പ്രത്യേകമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കും മാത്രമായിരിക്കുംആഘോഷത്തിൽ പ്രവേശനം.
ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും സന്തോഷവും സൗഹൃദവും സ്നേഹവും പങ്കുവയ്ക്കുന്നതിനൊപ്പംപുതുതലമുറയ്ക്ക് കേരളീയ സംസ്കാരവും പാരമ്പര്യവും പരിചയപ്പെടുത്തുന്നതിനും കലാപരമായ കഴിവുകൾപ്രകടിപ്പിക്കുന്നതിനും വേദിയൊരുക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം.
"വിന്റർ ബെൽസ് 2026' ലീഗ് സിറ്റിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും കൂട്ടായ്മയുടെയുംമറ്റൊരു അവിസ്മരണീയ ആഘോഷമായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
വെബ്സൈറ്റ്: www.msolc.org
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ബിജോ സെബാസ്റ്റ്യൻ (409-256-6427), സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് (240-426-1845), ട്രഷറർ റോബി തോമസ് (917-301-4570).
NRI
ടെക്സസ്: അൽഫോൻസ് ജോസഫിന്റെ നേതൃത്വത്തിൽ "സ്നേഹാമൃതം' ആരാധനാ സംഗീതസന്ധ്യ ഡിസംബർ ആറിന് വെെകുന്നേരം ആറിന് മെസ്കീറ്റിലെ ഷാരോൺ ഇവന്റ സെന്ററിൽ നടക്കും.
"പ്രെയ്സ് റെവലേഷൻ ടൂർ 2026' എന്ന വടക്കേ അമേരിക്കൻ സംഗീതപര്യടനത്തിന്റെ ഭാഗമായി വീക്കെൻഡ് എന്റർടെയ്ൻമെന്റ്സാണ് പരിപാടി അവതരിപ്പിക്കുന്നത്.
"ലോക'ത്തിലൂടെ ശ്രദ്ധ നേടിയ സെബ ടോമിയും അൽഫോൻസ് ജോസഫിനൊപ്പം വേദിയിലെത്തും. "നെക്ടർ ഓഫ് വർഷിപ്പ്' എന്ന ഉപശീർഷകത്തോടെ ഒരുക്കുന്ന സംഗീതസന്ധ്യയിൽ ലൈവ് ബാൻഡിന്റെ അകമ്പടിയോടെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ആരാധനാഗാനങ്ങൾ അവതരിപ്പിക്കും.
ടിക്കറ്റുകൾക്കായി പരിപാടിയുടെ പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: ജി.പി. സ്കറിയ - 469 494 1035, നെബു കുര്യാക്കോസ് - 972 246 8090, ടിന്റു ധോറെ - 201 647 4882, ബിജോയ് ബാബു - 682 561 9820, ടോണി ജോർജ് - 972 987 9272.
NRI
വാഷിംഗ്ടൺ ഡിസി: ഖത്തർ സമ്മാനിച്ച ബോയിംഗ് 747-8ഐ വിമാനത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെ ഷെൻഷെനിൽ നിന്ന് അമേരിക്കയിലെ മേരിലാൻഡിലേക്ക് നിർത്താതെ പറന്നു.
14 മണിക്കൂറും ഏഴ് മിനിറ്റും നീണ്ട ഈ യാത്ര എയർഫോഴ്സ് വണ്ണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള പറക്കലായി.
വ്യാഴാഴ്ച ഷെൻഷെനിൽ നിന്ന് പ്രാദേശിക സമയം വൈകുന്നേരം 6.54ന് പുറപ്പെട്ട വിമാനം യുഎസ് ഈസ്റ്റേൺ സമയം രാത്രി 8.01ന് മേരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസിൽ ഇറങ്ങി.
മടക്കയാത്രയിൽ ഇന്ധനം നിറയ്ക്കാൻ വിമാനം ഇടയ്ക്ക് എവിടെയും ഇറങ്ങിയില്ല. എന്നാൽ തിങ്കളാഴ്ച ഏഷ്യയിലേക്കുള്ള യാത്രയിൽ അലാസ്കയിലെ ഫെയർബാങ്ക്സിൽ ഇന്ധനം നിറയ്ക്കാൻ ഒന്നര മണിക്കൂറോളം നിർത്തിയിരുന്നു.
ഷാംഗ്ഹായ്, ടോക്കിയോ, അലാസ്കയിലെ ഷെമ്യ, കാനഡയിലെ വിന്നിപെഗ്, ഒഹായോയിലെ ക്ലീവ്ലാൻഡ് എന്നിവയ്ക്ക് മുകളിലൂടെയായിരുന്നു മടക്കയാത്ര. 33,000 അടി ഉയരത്തിൽ മണിക്കൂറിൽ ഏകദേശം 575 മൈൽ ശരാശരി വേഗത്തിലായിരുന്നു പറക്കൽ.
ഷെൻഷെനിൽ നിന്ന് പുറപ്പെടുമ്പോൾ വിമാനത്തിന്റെ ഭാരം 10 ലക്ഷം പൗണ്ടിന് തൊട്ടുതാഴെയായിരുന്നു. യുഎസ് വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും ഭാരമേറിയ ടേക്ക് ഓഫും ഇതായിരുന്നു.
ജൂലൈ ഒന്നിനാണ് ഖത്തർ സമ്മാനിച്ച വിമാനത്തിൽ ട്രംപ് ആദ്യമായി യാത്ര ചെയ്തത്. എന്നാൽ ഒരാഴ്ചയ്ക്കുശേഷം, ഇറാനുമായുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, തുർക്കിയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാഭാഗത്തിനായി ട്രംപ് പഴയ എയർഫോഴ്സ് വണ്ണിലേക്ക് മാറി.
പുതിയ വിമാനത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ച് അന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. തുടർന്ന് കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു.
ആ സംഭവത്തിന് ശേഷം ഖത്തർ സമ്മാനിച്ച വിമാനത്തിൽ ട്രംപ് നടത്തിയ ശ്രദ്ധേയമായ ദീർഘദൂര യാത്രകളിലൊന്നാണ് ഷെൻഷെനിൽ നിന്നുള്ള ഈ റിക്കാർഡ് പറക്കൽ.
വിസി-25ബി ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഈ ബോയിംഗ് 747-8ഐ, ബോയിംഗ് ഒരുക്കുന്ന രണ്ട് സ്ഥിരം പ്രസിഡൻഷ്യൽ വിമാനങ്ങൾ എത്തുന്നതുവരെ ഉപയോഗിക്കാനുള്ള ഇടക്കാല വിമാനമാണ്.
NRI
ഡാളസ്: പ്രമുഖ സാംസ്കാരിക പ്രവർത്തകനും ഡാളസ് ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ സ്ഥാപകരിൽ ഒരാളുമായ ഹരിദാസൻ പിള്ളയുടെ (സിപിഎ) മാതാവ് ചെല്ലമ്മ പിള്ള (101) ഡാളസിൽ അന്തരിച്ചു.
ചെങ്ങന്നൂർ തിരുവൻവണ്ടൂർ പ്ലാത്താനത്ത് പുത്തൻവീട്ടിൽ പരേതനായ നാരായണ പിള്ളയുടെ ഭാര്യയാണ്. 1980 മുതൽ ഹൂസ്റ്റണിൽ സ്ഥിരതാമസമായിരുന്ന അവർ പത്തു വർഷധിലധികമായി ഡാളസിൽ മകനൊപ്പം താമസിച്ച വരികയായിരുന്നു.
മക്കൾ: ശാന്തകുമാരി (ഇന്ത്യ), രാജഗോപാല പിള്ള, ശ്യാമള കുമാരി, ഗോപിനാഥ പിള്ള, വൽസലാ പിള്ള, ഉഷ പിള്ള (എല്ലാവരും ഹൂസ്റ്റൺ), രാധാ ദേവി, ഹരിദാസൻ പിള്ള (ഇരുവരും ഡാളസ്).
മരുമക്കൾ: രാമകൃഷ്ണ പിള്ള, പരേതയായ കമല പിള്ള, മംഗളാനന്ദൻ, വിജയൻ പിള്ള, ലതിക പിള്ള, വിജയൻ പിള്ള, മുരളീധരൻ പിള്ള, ഉഷ ഹരി.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഹ്യൂസ് ഫാമിലി ട്രിബ്യൂട്ട് സെന്ററിൽ നടക്കും (Hughes Family Tribute Center, 9700 Webb Chapel Rd, Dallas, TX 75220).
കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് അനുശോചനം രേഖപ്പെടുത്തി.
NRI
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡ, ടെക്സസ് സംസ്ഥാനങ്ങളിൽ വ്യാഴാഴ്ച രണ്ട് വധശിക്ഷകൾ നടപ്പാക്കി. ഇതോടെ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനമെന്ന റിക്കാർഡ് ഫ്ലോറിഡ സ്വന്തമാക്കി.
1991-ൽ നടന്ന ഇരട്ടക്കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട 71 വയസുകാരനായ തോമസ് മിച്ചൽ ഓവർട്ടന്റെ വധശിക്ഷയാണ് ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കിയത്.
വിഷമരുന്ന് കുത്തിവച്ചുള്ള ശിക്ഷയ്ക്ക് പിന്നാലെ വൈകുന്നേരം 6.19ന് മരണം സ്ഥിരീകരിച്ചു. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന ഇരുപതാമത്തെ വധശിക്ഷയാണിത്.
ടെക്സസിൽ ഈ വർഷത്തെ അവസാന വധശിക്ഷ
1996-ൽ ഹൂസ്റ്റണിലെ ജ്വല്ലറി ഉടമയെ വെടിവച്ചുകൊന്ന് 36 ലക്ഷം ഡോളർ വിലമതിക്കുന്ന വജ്രങ്ങളും പണവും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട 70 വയസുകാരനായ റീനാൾഡോ ഡെന്നസിന്റെ വധശിക്ഷയും ടെക്സസിലെ ഹണ്ട്സ്വില്ലെ ജയിലിൽ നടപ്പാക്കി.
അവസാനവട്ട അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെ രാത്രി 7.08നാണ് മരണം സ്ഥിരീകരിച്ചത്. ടെക്സസിൽ ഈ വർഷം നടപ്പാക്കുന്ന ഒൻപതാമത്തെയും അവസാനത്തെയും വധശിക്ഷയാണിത്.
NRI
ന്യൂയോർക്ക്: ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ന്യൂയോർക്കിലെ കേരള സെന്ററിലെ (1824 fairfax st elmont) ഹാളിൽ അമേരിക്കയിലെ പ്രശസ്തരായ നാല് സർഗാത്മക പ്രതിഭകളുടെ കഥകളും കവിതകളും ചർച്ച ചെയ്യുന്നു.
കവികളായ രാജു തോമസ്, ലിൻഡ അലക്സൻഡർ, കഥാകൃത്തുക്കളായ ഉമ സജിയും ബാബു പാറയ്ക്കലും എഴുതിയ - തെരുവ്നായ ചരിതം, അമ്മ, പ്രോക്സി, അഭിമുഖം എന്നീ സൃഷ്ടികൾ വായനാനുഭവമാകുമ്പോൾ എഴുത്തുകാരും വായനക്കാരും ചർച്ചയിൽ പങ്കെടുക്കും.
ന്യൂയോർക്കിലെ സർഗവേദി 35 വർഷം പിന്നിടുന്ന സാഹിത്യ സപര്യയുടെ വിട്ടുവീഴ്ചയില്ലാത്ത ഒത്തുചേരലാണ് അതുകൊണ്ടു തന്നെ ന്യൂയോർക്കിലെ സർഗവേദി ഏറെ ശ്രദ്ധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക്: മനോഹർ തോമസ് - 917 974 2670.
NRI
ഹൂസ്റ്റൺ: ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബൈബിൾ അധ്യാപകനും ഹീബ്രായ പണ്ഡിതനുമായ ഡോ. ബാബു ജോൺ വെട്ടമല നയിക്കുന്ന ബൈബിൾ കൺവൻഷനും സെമിനാറും വെള്ളി, ശനി ദിവസങ്ങളിൽ ഹൂസ്റ്റണിൽ നടക്കും.
ഇന്റർനാഷണൽ ബൈബിൾ ചർച്ച് ഓഡിറ്റോറിയത്തിലാണ് (12955 Stafford Road, Stafford, TX 77477) പരിപാടി. പൊതുയോഗം വൈകുന്നേരം 6.30നും സെമിനാർ ശനിയാഴ്ച രാവിലെ 9.30നും ആരംഭിക്കും.
ബൈബിളിന്റെ ഹീബ്രായ ഭാഷാപരവും ചരിത്രപരവും സാംസ്കാരികവുമായ പശ്ചാത്തലങ്ങൾ ആഴത്തിൽ മനസിലാക്കാൻ സഹായിക്കുന്ന Christians Elite-ന്റെ ‘A Hebraic Journey Through the Scriptures’ എന്ന പഠനപദ്ധതി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡോ. ബാബു ജോൺ വെട്ടമല അമേരിക്ക സന്ദർശിക്കുന്നത്.
ശുശ്രൂഷകർക്കും അധ്യാപകർക്കും സാധാരണ ബൈബിൾ വായനക്കാർക്കും തിരുവെഴുത്തുകൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നതാണ് പഠനപദ്ധതി.
ബൈബിളിലെ പദങ്ങളും വാക്യഭാഗങ്ങളും അക്കാലത്തെ മതജീവിതം, സാമൂഹിക ആചാരങ്ങൾ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ വിശകലനം ചെയ്യുന്നതാണ് ഇതിന്റെ പ്രത്യേകത.
ബൈബിൾ എഴുത്തുകാർ തങ്ങളുടെ കാലഘട്ടത്തിൽ ആശയവിനിമയം നടത്താൻ ഉദേശിച്ച യഥാർഥ സന്ദേശം വായനക്കാരിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭാഷകളിലും നൂറ്റാണ്ടുകളിലുമുണ്ടായ മാറ്റങ്ങൾ മൂലം ഇന്ന് വ്യക്തത കുറഞ്ഞുപോയേക്കാവുന്ന തിരുവെഴുത്തുകളിലെ അർഥതലങ്ങൾ തിരിച്ചറിയാനും പഠനം സഹായിക്കും.
പാസ്റ്റർ ജോൺ കുര്യൻ (813 610 2307), പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ (832 724 8870), ബ്രദർ പ്രസാദ് തോപ്പിൽ (832 264 6623) എന്നിവരാണ് സംഘാടകർ.
NRI
ടെക്സസ്: 2003-ൽ സ്വന്തം മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി തലയറുത്ത കേസിൽ ശിക്ഷിക്കപ്പെട്ട ജോൺ അലൻ റൂബിയോയുടെ (46) വധശിക്ഷ നടപ്പാക്കി. ടെക്സസിലെ ഹണ്ട്സ്വിൽ ജയിലിൽ മാരകമായ വിഷമരുന്ന് കുത്തിവച്ചാണ് ശിക്ഷ നടപ്പാക്കിയത്.
2003 മാർച്ച് 11നായിരുന്നു സംഭവം. മൂന്ന് വയസുകാരിയായ ജുലിസ, 14 മാസം പ്രായമുള്ള ജോൺ എസ്തേബൻ, രണ്ട് മാസം പ്രായമുള്ള മേരി ജെയ്ൻ എന്നിവരെയാണ് റൂബിയോ കൊലപ്പെടുത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം തലയറുക്കുകയും ചെയ്തു.
സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികൾക്ക് മേൽ ഭൂതബാധയുണ്ടെന്ന വിശ്വാസവുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികൾ പറഞ്ഞിരുന്നു.
വധശിക്ഷയ്ക്ക് മുമ്പുള്ള അവസാന സന്ദേശത്തിൽ, താൻ ഇപ്പോൾ പഴയ വ്യക്തിയല്ലെന്നും സ്വർഗത്തിൽ തന്റെ കുഞ്ഞുങ്ങളെ വീണ്ടും കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും റൂബിയോ പറഞ്ഞു. കുടുംബാംഗങ്ങൾ തന്നോട് ക്ഷമിക്കുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
കേസിൽ കൂട്ടുപ്രതിയായിരുന്ന റൂബിയോയുടെ പങ്കാളി ആഞ്ചല കമാച്ചോയ്ക്ക് നേരത്തേ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരുന്നു. കുട്ടികളുടെ ഓർമയ്ക്കായി സംഭവം നടന്ന സ്ഥലം പിന്നീട് "ട്രെസ് ആഞ്ചലെസ് പാർക്ക്' എന്ന പേരിൽ കമ്യൂണിറ്റി ഗാർഡനാക്കി മാറ്റിയിരുന്നു.
റൂബിയോയുടെ വധശിക്ഷ നടപ്പാക്കിയ രാത്രിയിൽ കുട്ടികളുടെ സ്മരണയ്ക്കായി ഇവിടെ മെഴുകുതിരികൾ തെളിയിച്ച് പ്രാർഥനയും സംഘടിപ്പിച്ചു.
NRI
ന്യൂയോർക്ക്: ബന്ധുവിനെയും പങ്കാളിയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാൻ വീടിന് തീയിട്ട കേസിൽ സഹോദരങ്ങളായ ജൂലിയോ സോറിയാനോ (36), ലൂയിസ് സോറിയാനോ (34) എന്നിവർക്ക് പരോളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ.
ന്യൂയോർക്കിലെ മൺറോ കൗണ്ടി കോടതിയാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്. 2024 ഓഗസ്റ്റ് 31ന് റോച്ചസ്റ്ററിന് സമീപമുള്ള അയൺഡെക്വോയിറ്റിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
പ്രതികളുടെ ബന്ധുവായ ഫ്രെയിം ഉബാൾഡോ (30), പങ്കാളി മാരാഞ്ചലി മൊറേനോ-സാന്റിയാഗോ (26), മക്കളായ ഇവാഞ്ചലിൻ (4), സെബാസ്റ്റ്യൻ (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകങ്ങൾക്ക് കാരണമായതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
കുടുംബാംഗങ്ങളെ കെട്ടിയിട്ട് മർദിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനായി വീടിന്റെ എട്ടിടങ്ങളിൽ പ്രതികൾ തീയിട്ടു.
കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, തീവയ്പ് തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ഇരുവർക്കും പരോളില്ലാതെ ജീവിതാവസാനം വരെ ജയിലിൽ കഴിയേണ്ട ശിക്ഷ വിധിച്ചത്.
NRI
ഡാളസ്: തിരുവല്ല കുറ്റപ്പുഴ പാറേൽ അച്ചാമ്മ എബ്രഹാം പാറേൽ (ബിന്ദു - 49) ഡാളസിൽ അന്തരിച്ചു. ഭർത്താവ് എബ്രഹാം പാറേൽ (ബിനു).
മാതാവിന്റെ സംസ്കാര ചടങ്ങിനായി കുടുംബാംഗങ്ങളുമായി നാട്ടിൽ (തിരുവല്ല) പോയി മടങ്ങി ഡാളസിലെ ഭവനത്തിൽ തിരിച്ചെത്തിയ ദിവസം (ബുധനാഴ്ച) ഉച്ചയ്ക്ക് ഉറക്കത്തിലുണ്ടായ ഹൃദയാഘതമാണ് മരണത്തിന് കാരണമായത്.
തിരുവല്ല പെരിങ്ങര പുലിപ്പുരയിൽ പി.സി ചെറിയാന്റെയും പരേതയായ ആനി ചെറിയാന്റെയും മകളാണ്. മക്കൾ: ജോവാന, ജോഷ്വാ. സഹോദരങ്ങൾ: ഡോ. ഷൈനു (അബുദാബി), മോൻസി (കെനിയ), പ്രീമ (ഒമാൻ).
പൊതുദർശനം ഞായറാഴ്ച (നവംബർ 22) വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ ഡാളസ് പെട്രാ ചർച്ചിൽ (2115 N Denton Dr, Carrollton, Tx) നടത്തപ്പെടും.
സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഡാളസ് പെട്രാ ചർച്ചിൽ നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).
സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റിൽ കാണാം.
കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ - 682 347 5689.
NRI
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) ദേശീയ നേതൃത്വത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. ഓൺലെെനായി സംഘടിപ്പിച്ച ചടങ്ങിലാണ് നാഷണൽ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തത്.
മുൻ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റ് സുദീപ് കിഷന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോൾ പി. ജോസ് സ്വാഗതം ആശംസിച്ചു.
കഴിഞ്ഞമാസം 17ന് നടന്ന ഫോമാ ജനറൽ ബോഡി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്ന നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും പ്രതിനിധികൾക്കുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഫോമാ ജുഡീഷ്യറി കൗൺസിൽ ചെയർമാൻ ബെൻ വാച്ചാച്ചിറ സത്യവാചകം ചൊല്ലിക്കൊടുത്തു. ജുഡീഷ്യറി കൗൺസിൽ സെക്രട്ടറി ബിനു ജോസഫ് സത്യപ്രതിജ്ഞാ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ചടങ്ങിനുശേഷം ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ജുഡീഷ്യറി കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, കൗൺസിൽ അംഗങ്ങളായ ജോസഫ് ഔസോ, ലാലി കളപ്പുരയ്ക്കൽ, അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജി എബ്രഹാം, കംപ്ലയൻസ് കൗൺസിൽ ചെയർപേഴ്സൺ വർഗീസ് കെ. ജോസഫ്, സെക്രട്ടറി ഷൈനി അബൂബക്കർ, വൈസ് ചെയർ ഷോബി ഐസക്ക്, വിമൻസ് ഫോറം ചെയർപേഴ്സൺ അനുപമ കൃഷ്ണൻ, പിആർഒ സൈജൻ കണിയോടിക്കൽ, കൺവൻഷൻ ചെയർമാൻ ഷാലു പുന്നൂസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മുൻ പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, ഡോ. ജേക്കബ് തോമസ്, അനിയൻ ജോർജ്, കേരള കൺവെൻഷൻ ചെയർമാൻ സിജിൽ പാലക്കലോടി, റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംഘടനയുടെ ഐക്യം, ജനാധിപത്യപരമായ പ്രവർത്തനരീതി, ഭരണഘടനയോടുള്ള പ്രതിബദ്ധത, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള കൂട്ടായ പ്രവർത്തനം എന്നിവയുടെ പ്രാധാന്യം പ്രസംഗങ്ങളിൽ നേതാക്കൾ എടുത്തുപറഞ്ഞു.
നേതാക്കളുടെയും കൗൺസിൽ അംഗങ്ങളുടെയും റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും സജീവ പങ്കാളിത്തം ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.
ഫോമയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയതലത്തിൽ കൂട്ടായ നേതൃത്വം ഉറപ്പാക്കുന്നതിനും സത്യപ്രതിജ്ഞാ ചടങ്ങ് പുതിയ ഊർജം പകർന്നതായി ഭാരവാഹികൾ വിലയിരുത്തി.
ഫോമാ നാഷണൽ ട്രഷറർ പ്രദീപ് നായർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
NRI
അറ്റ്ലാന്റാ: സംഗീതത്തിലൂടെയും വചനത്തിലൂടെയും വിശ്വാസികളെ ഒന്നിപ്പിക്കുന്ന "സ്വർഗീയനാദം' ലൈവ് സ്ട്രീമിംഗ് സംഗീത പരിപാടിയുടെ 51-ാം പതിപ്പ് വെള്ളിയാഴ്ച നടക്കും.
പരിപാടിയിലെ "ഫേസ് ടു ഫേസ്' വിഭാഗത്തിൽ ടെക്സസിലെ ലുബ്ബോക്ക് ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച്, സാൻ അന്റോണിയോ മാർത്തോമ്മ കോൺഗ്രിഗേഷൻ എന്നിവയുടെ വികാരി റവ. ജെയിംസ് കെ. ജോൺ മുഖ്യാതിഥിയായി പങ്കെടുക്കും.
ഡോ. സൂസൻ അലക്സ് പ്രാരംഭ പ്രാർഥനയും മാത്യു സാമുവൽ സമാപന പ്രാർത്ഥനയും നിർവഹിക്കും. സണ്ണി, സാബു, അജി, സിജി, റിട്ടു, മേഴ്സി, ഇഷ വിനിഷ് എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകും.
ലോകമെമ്പാടുമുള്ള എല്ലാ സംഗീത പ്രേമികളെയും വിശ്വാസികളെയും ഈ ആത്മീയ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
പരിപാടിയുടെ സമയം: വെള്ളിയാഴ്ച രാത്രി എട്ടിന് (ഇഎസ്ടി), രാത്രി എഴ്(ഡാളസ്/സിഎസ്ടി), ശനിയാഴ്ച രാവിലെ 6:30 (ഇന്ത്യൻ സമയം).
സൂം മീറ്റിംഗ് ഐഡി: 769 374 4841, പാസ്വേഡ്: music.