ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) ദേശീയ നേതൃത്വത്തിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. ഓൺലെെനായി സംഘടിപ്പിച്ച ചടങ്ങിലാണ് നാഷണൽ കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സത്യപ്രതിജ്ഞ ചെയ്തത്.
മുൻ ഗ്രേറ്റ് ലേക്സ് റീജിയണൽ വൈസ് പ്രസിഡന്റ് സുദീപ് കിഷന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോൾ പി. ജോസ് സ്വാഗതം ആശംസിച്ചു.
കഴിഞ്ഞമാസം 17ന് നടന്ന ഫോമാ ജനറൽ ബോഡി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്ന നാഷണൽ കമ്മിറ്റി അംഗങ്ങൾക്കും പ്രതിനിധികൾക്കുമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഫോമാ ജുഡീഷ്യറി കൗൺസിൽ ചെയർമാൻ ബെൻ വാച്ചാച്ചിറ സത്യവാചകം ചൊല്ലിക്കൊടുത്തു. ജുഡീഷ്യറി കൗൺസിൽ സെക്രട്ടറി ബിനു ജോസഫ് സത്യപ്രതിജ്ഞാ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ചടങ്ങിനുശേഷം ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ജുഡീഷ്യറി കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ്, കൗൺസിൽ അംഗങ്ങളായ ജോസഫ് ഔസോ, ലാലി കളപ്പുരയ്ക്കൽ, അഡ്വൈസറി കൗൺസിൽ ചെയർമാൻ വിജി എബ്രഹാം, കംപ്ലയൻസ് കൗൺസിൽ ചെയർപേഴ്സൺ വർഗീസ് കെ. ജോസഫ്, സെക്രട്ടറി ഷൈനി അബൂബക്കർ, വൈസ് ചെയർ ഷോബി ഐസക്ക്, വിമൻസ് ഫോറം ചെയർപേഴ്സൺ അനുപമ കൃഷ്ണൻ, പിആർഒ സൈജൻ കണിയോടിക്കൽ, കൺവൻഷൻ ചെയർമാൻ ഷാലു പുന്നൂസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
മുൻ പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, ഡോ. ജേക്കബ് തോമസ്, അനിയൻ ജോർജ്, കേരള കൺവെൻഷൻ ചെയർമാൻ സിജിൽ പാലക്കലോടി, റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സംഘടനയുടെ ഐക്യം, ജനാധിപത്യപരമായ പ്രവർത്തനരീതി, ഭരണഘടനയോടുള്ള പ്രതിബദ്ധത, മലയാളി സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള കൂട്ടായ പ്രവർത്തനം എന്നിവയുടെ പ്രാധാന്യം പ്രസംഗങ്ങളിൽ നേതാക്കൾ എടുത്തുപറഞ്ഞു.
നേതാക്കളുടെയും കൗൺസിൽ അംഗങ്ങളുടെയും റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും സജീവ പങ്കാളിത്തം ചടങ്ങിന് കൂടുതൽ പ്രാധാന്യം നൽകി.
ഫോമയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ദേശീയതലത്തിൽ കൂട്ടായ നേതൃത്വം ഉറപ്പാക്കുന്നതിനും സത്യപ്രതിജ്ഞാ ചടങ്ങ് പുതിയ ഊർജം പകർന്നതായി ഭാരവാഹികൾ വിലയിരുത്തി.
ഫോമാ നാഷണൽ ട്രഷറർ പ്രദീപ് നായർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
Tags : Fomaa NationalCommittee OathTaking Ceremony