ഒന്നാം ലോകയുദ്ധത്തിൽ ജർമൻ സൈനികനായിരുന്നു യഹൂദനായ ഫ്രാൻസ് വെർഫൽ. യുദ്ധാനന്തരം ജർമൻ സാഹിത്യലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരനായി. സമാധാനവാദിയും മനുഷ്യമഹത്വത്തിന്റെ പ്രഘോഷകനുമായ വെർഫൽ അക്കാലത്ത് യൂറോപ്പിലുയർന്നുവന്ന നാസി-ഫാസിസ്റ്റുകളുടെ ശത്രുവായി.
1915ലെ അർമീനിയൻ വംശഹത്യയെക്കുറിച്ച് രചിച്ച അദ്ദേഹത്തിന്റെ നോവൽ കൂടുതൽ ശത്രുക്കളെയാണ് സമ്മാനിച്ചത്. 1933ലെ കുപ്രസിദ്ധ ഗ്രന്ഥം കത്തിക്കൽ പ്രകടനത്തിൽ വെർഫലിന്റെ രചനകളും ഉൾപ്പെട്ടതു സ്വാഭാവികം.
നാസികൾ പിടിമുറുക്കിയ ജർമനിവിട്ട് സ്വദേശമായ ഓസ്ട്രിയയിൽ ഭാര്യാസമേതം താമസമാക്കവേ ഓസ്ട്രിയയും ഹിറ്റ്ലറുടെ കീഴിലായി. അധീനപ്പെടുത്തിയ ദേശങ്ങളിലുള്ള യഹൂദരെയും രാഷ്ട്രീയ വൈരികളെയും ഹിറ്റ്ലർ മരണ ക്യാന്പുകളിലേക്കു തെളിച്ചുകൊണ്ടിരിക്കുന്ന കാലം.
പ്രാണഭീതിയോടെ വെർഫൽ കുടുംബം പലായനം ചെയ്തു ഫ്രാൻസിലെത്തി. ഫ്രാൻസും നാസി അധീനതയിലായപ്പോൾ അദ്ദേഹം സ്പെയിൻ അതിർത്തിയിലെ ഫ്രഞ്ച് പട്ടണമായ ലൂർദിലെ ഗ്രാമീണരുടെയിടയിൽ ഒളിവിൽ താമസിച്ചു.
ലോകപ്രസിദ്ധ മരിയൻ തീർഥാടനകേന്ദ്രമായ ലൂർദിലെ തീർഥാടകരും അവിടത്തെ അസാധാരണ അനുഭവങ്ങളും വെർഫലിന് പുതിയ അനുഭവമായിരുന്നു. അവിടെവച്ച് വെർഫൽ ദൈവവുമായി ഒരു ഉടന്പടിവച്ചു. സുരക്ഷിതനായി രക്ഷപ്പെടാൻ കഴിഞ്ഞാൽ താൻ ലൂർദിന്റെ കഥ ലോകത്തെ അറിയിക്കുമെന്ന്.
പിന്നീട് കാൽനടയായി സ്പെയിനിലെത്തി. പോർട്ടുഗൽവഴി അമേരിക്കയിലേക്കു രക്ഷപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. അധികം കഴിയാതെ വാക്കുപാലിച്ച് വെർഫൽ ‘സോംഗ് ഓഫ് ബർണദേത്’ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1941 ൽ ഒരു വർഷം മുഴുവൻ ഈ കൃതി ബെസ്റ്റ് സെല്ലർ ലിസ്റ്റിൽ ഉണ്ടായിരുന്നു.
ഇതിനോടകം അമേരിക്കയും രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി കഴിഞ്ഞിരുന്നു. ട്വന്റിയത് സെഞ്ചുറി ഫോക്സ് 1942ൽ ബർണദേത്തിന്റെ ഗാഥ ഹെൻറി കിംഗിന്റെ സംവിധാനത്തിൽ ചലച്ചിത്രമാക്കി. അപ്രതീക്ഷിതമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലാസിക് എന്ന് ഈ ചിത്രത്തെ വിളിക്കാം. സാന്പത്തിക വിജയത്തിനൊപ്പം പതിനാല് ഓസ്കർ നോമിനേഷനുകൾ-അതിൽ മികച്ച നടി, ചിത്രീകരണം, സംഗീതം തുടങ്ങി ഏഴിനങ്ങളിൽ അവാർഡുകൾ നേടി.
ചരിത്രസംഭവങ്ങളെ കാര്യമായി മാറ്റാതെതന്നെ രചിക്കപ്പെട്ട വെർഫലിന്റെ നോവലിലെ സംഭവങ്ങൾ ഫ്രാൻസിന്റെയും കത്തോലിക്കാസഭയുടെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാം. 1854ൽ പത്താം പീയുസ് മാർപാപ്പ മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച് മൂന്നു വർഷം കഴിയുന്പോഴാണ് ലൂർദ് സംഭവങ്ങൾ നടക്കുന്നത്.
ഗാവ് നദിയുടെ തീരത്തുള്ള അധികം അറിയപ്പെടാത്ത ലൂർദ് എന്ന ഗ്രാമത്തിൽ വനത്തിൽ വിറകുപെറുക്കാൻ കൂട്ടുകാർക്കൊപ്പം പോയ ബർണദേത് സൗബിത എന്ന ദരിദ്രബാലികയ്ക്ക് അവിടെയുള്ള പാറക്കെട്ടിലെ ചെറിയ ഗുഹയിൽ പ്രകാശം പരത്തുന്ന ഒരു സുന്ദരിയായ സ്ത്രീ കൈയിൽ ജപമാലയുമേന്തി പ്രത്യക്ഷപ്പെട്ടു.
ഏറെക്കുറെ നിരക്ഷരയും സഹപാഠികളുടെ ഇടയിൽ കഴിവുകെട്ടവളുമായി കണക്കാക്കപ്പെട്ടിരുന്ന ബെർണദേത് ഇക്കാര്യം പുറത്തുപറഞ്ഞതോടെ അവളുടെ ജീവിതം പ്രതിസന്ധിയിലാവുകയാണ്. കുട്ടി പറഞ്ഞ വിവരപ്രകാരം അവൾ കണ്ടത് പരിശുദ്ധ കന്യകയെയാണ്. എന്നാൽ അവളുടെ വീട്ടുകാരും അധ്യാപികയായ സിസ്റ്റർ വാഡോ, ഇടവക വികാരി ഫാ. ഡൊമിനിക് ഇവരെല്ലാം നിജസ്ഥിതിയെ സംശയിക്കുന്നു. ബർണദേത് പരിഹാസപാത്രമാകുന്നു.
സ്ഥലത്തെ മെത്രാൻ അവളെ ചോദ്യം ചെയ്യുന്നു. മറുവശത്ത് വാർത്തയറിഞ്ഞ് അനേകം തീർഥാടകർ അവിടെയെത്തുന്നു. നിരീശ്വരവാദികളും രംഗത്തുണ്ട്. അവരിൽ പ്രമുഖനായ പബ്ലിക് പ്രോസിക്യൂട്ടർ പെണ്കുട്ടിക്കു ഭ്രാന്താണെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലുമാണ്. എന്നാൽ, ബർണദേത് തുടർച്ചയായി 18 തവണ സമാനമായ ദർശനങ്ങൾ കണ്ടു. അവളുടെ സാക്ഷ്യം അസത്യമാണെന്നു തെളിയിക്കാൻ ആർക്കും കഴിഞ്ഞതുമില്ല.
പ്രത്യക്ഷം നടന്നയിടത്ത് ഒരു അദ്ഭുത ഉറവ ഉണ്ടായതും ചക്രവർത്തിയായ ലൂയിസ് നെപ്പോളിയന്റെ മകന് രോഗശാന്തി ലഭിച്ചതും ബർണദേത്തിന് കാര്യങ്ങൾ അനുകൂലമാക്കി. പല എതിരാളികൾക്കും മാനസാന്തരം സംഭവിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന പ്രത്യക്ഷവേളയിൽ അതുവരെ പറയാതിരുന്ന ഒരു കാര്യം ബർണദേത്തിനോട് പരിശുദ്ധ കന്യക പറയുന്നു: “ഞാൻ അമലോത്ഭവയാണ്’’. ഈ വാക്കിന്റെ അർഥമെന്തെന്ന് കുട്ടിക്കറിഞ്ഞുകൂടായിരുന്നു.
ബർണദേത്തിനായി നീക്കിവച്ചിരുന്നത് സഹനത്തിന്റെ ജീവിതമായിരുന്നു. അസ്ഥികൾക്കു ക്ഷയരോഗം ബാധിച്ച ബർണദേത്ത് അവളെ തേടിവരുന്ന ജനക്കൂട്ടത്തിൽനിന്ന് അകന്ന് തന്റെ പട്ടക്കാരന്റെ സഹായത്തോടെ ഉപവിസഹോദരികൾ നടത്തിയിരുന്ന കന്യകാലയത്തിൽചേർന്ന് നെവേഴ്സ് എന്ന വിദൂര സ്ഥലത്തേക്കു മാറി. അവിടെ എളിയ ജീവിതം നയിച്ച് മുപ്പത്തിയഞ്ചാം വയസിൽ മരണമടഞ്ഞു. മരണക്കിടക്കയിൽ ഒരിക്കൽക്കൂടി അവൾക്ക് മാതൃദർശനം ലഭിച്ചു.
വിശുദ്ധരുടെ, പ്രത്യേകിച്ച് കന്യാമഠങ്ങൾക്കുള്ളിൽ ഒതുങ്ങി ജീവിച്ചവരുടെ ജീവിതകഥകൾ ചലച്ചിത്രവിഷയമാക്കി വിജയിപ്പിക്കുക എളുപ്പമല്ല. എന്നാൽ ബർണദേത്തിന്റെ ഗാഥ വേറിട്ടുനിൽക്കുന്നു. ഈ ചിത്രം ഒരു മതബോധനമോ പ്രചാരണമോ ആയി നിർമിക്കപ്പെട്ടതല്ല.
കത്തോലിക്കനല്ലാത്ത ഫ്രാൻസ് വെർഫൽ ബർണദേത്തിന്റെ കഥയെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചതുപോലെ തന്നെ ചലച്ചിത്രവും. ചിത്രം എന്താണ് പറയാൻ പോകുന്നത് എന്ന സൂചന തുടക്കത്തിൽ കാണുന്ന ടൈറ്റിൽ കാർഡ് വിളംബരം ചെയ്യുന്നുണ്ട്. “ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു വിശദീകരണവും ആവശ്യമില്ല. ആ വിശ്വാസികൾക്ക് ഒരു വിശദീകരണവും നല്കുക സാധ്യവുമല്ല.’’
ജിജി ജോസഫ് കൂട്ടുമ്മേൽ