മസാവോയും മിയാക്കോയും ലോകത്തിലെ ഏറ്റവും പ്രായമുള്ള ദന്പതികൾ
Sunday, August 12, 2018 2:13 AM IST
ലോകത്തിലെ ഏറ്റവും പ്രായമുള്ള ദന്പതികൾ എന്ന ഗിന്നസ് ലോക റിക്കാർഡ് മസാവോ മാറ്റ്സുമോ, മിയാക്കോ സൊനാഡോ എന്നീ ജാപ്പനീസ് ദന്പതികൾക്ക് സ്വന്തം. 108 വയസാണ് ഭർത്താവ് മസാവോയുടെ പ്രായം. ഭാര്യ മിയാക്കോയ്കാട്ടെ 100 വയസായി. 81 വർഷം മുന്പ് 1937 ഒക്ടോബർ 20 നായിരുന്നു ഇരുവരുടെയും വിവാഹം.
77 മുതൽ 66 വരെ വയസ് പ്രായമുള്ള ആറു മക്കളാണ് ഇവർക്കുള്ളത്. ഇതിൽ ഒരാൾ കഴിഞ്ഞ വർഷം മരിച്ചിരുന്നു. 13 കൊച്ചുമക്കളും 24 പേരക്കുട്ടികളും ഈ ദന്പതികൾക്കുണ്ട്. ഈ മാസം തങ്ങളുടെ 24ാമത്തെ പേരക്കുട്ടി ജനിക്കുന്നതും കാത്തിരിക്കുകയാണ് ഇവരിപ്പോൾ.ഇളയ മകനൊപ്പമാണ് ഇവർ താമസിക്കുന്നത്. വാർധക്യ സഹജമായ അസ്വസ്ഥതകൾ ഉണ്ടെങ്കിലും ഇവർ ഇടയ്ക്കിടെ മറ്റുമക്കളെയും സന്ദർശിക്കും.മിയാക്കോ ഉണ്ടാക്കി നൽകിയ രുചികരമായ ഭക്ഷണമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മസാവോ പറയുന്നു.
ദന്പതികളുടെ വയസുകൾ തമ്മിൽ കൂട്ടിക്കിട്ടുന്ന സംഖ്യ ഉപയോഗിച്ചാണ് ഗിന്നസ് വേൾഡ് റിക്കാർഡ്സ് ഏറ്റവും പ്രായമുള്ള ദന്പതികളെ കണ്ടെത്തുന്നത്. ഇങ്ങനെ നോക്കുന്പോൾ 208 വർഷവും 259 ദിവസവുമാണ് ഈ ദാന്പത്യത്തിന്റെ പ്രായം.
റോസ് മേരി ജോൺ