ക്രിസ്മസ് വണ്ടർലാൻഡ്
Sunday, December 23, 2018 1:36 AM IST
ഇതാ വന്നു വീണ്ടും ഒരു ക്രിസ്മസ്. 2000 കൊല്ലങ്ങൾക്കു മുന്പ് യേശുക്രിസ്തു ജനിച്ച പട്ടണമായ ബേത്ലഹേമിൽ അന്ന് ആ രാത്രി ആരുമറിയാതെ നക്ഷത്രങ്ങളെ സാക്ഷിനിർത്തി ഉണ്ണിയേശു പിറന്നു. അക്കാലത്ത് ഇന്നത്തെപ്പോലുള്ള പിറന്നാൾ ആഘോഷങ്ങൾ ഇല്ലായിരുന്നു. എങ്കിലും ഈ കുഞ്ഞിനെ തിരിച്ചറിഞ്ഞു പതുക്കപ്പതുക്കെ പലയിടങ്ങളിലായി ചില ഒരുക്കങ്ങളും ആഘോഷങ്ങളും തുടങ്ങി. അങ്ങനെ കാലക്രമേണ എല്ലാ രാജ്യങ്ങളിലും ക്രിസ്മസ് ആഘോഷം തുടങ്ങി.
പള്ളികളിലെ പാട്ടു പ്രാർഥനകളും എല്ലാം അവരവരുടെ രാജ്യത്തിന്റെ ആചാരങ്ങളും പാരന്പര്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള ആഘോഷങ്ങളായിരുന്നു. ഇതോടൊപ്പംതന്നെ വിഭവസമൃദ്ധമായ സദ്യയും നടത്താറുണ്ട്. ഈ ദിവസങ്ങളിൽ എല്ലാ കടകളിലും ക്രിസ്മസിനു പറ്റിയ സാധനങ്ങളായിരിക്കും വില്പനയ്ക്കു വയ്ക്കുക. ഇതൊക്കെ കുറച്ചുനാൾ കാണും. പിന്നെ ക്രിസ്മസിന്റെയും ന്യൂഇയറിന്റെയും ചൂട് തണുക്കുന്പോൾ എല്ലാം പഴയതുപോലെയാകും.
ഇതൊക്കെയാണ് സാധാരണ കണ്ടുവരാറ്. എന്നാൽ മറ്റൊരിടത്ത് ഒരിക്കലും അവസാനിക്കാത്ത ഒരു Xmas Wonderland ഉണ്ട്. ഇവിടെ ഒരുവർഷത്തിൽ 361 ദിവസവും രാവും പകലും ഒരുപോലെ മുടങ്ങാതെ Xmas Bazaar പ്രവർത്തിക്കും. ഇത് അമേരിക്കയിലെ മിഷിഗൺ സംസ്ഥാനത്തുള്ള ഫ്രാങ്കൺ മുത്ത് എന്ന സ്ഥലത്താണ്. ഇതാണ് ക്രിസ്മസ് വണ്ടർലാൻഡ്. ഇവിടെ ഒന്നു കയറിയാൽപിന്നെ ഇറങ്ങാൻ തോന്നുകയേയില്ല. അത്രയ്ക്കുണ്ട് വാങ്ങാനും ആസ്വദിക്കാനും! ദിവസവും ക്രിസ്മസിന്റെ പ്രതീതി ഉണർത്തുന്ന കാഴ്ചകളാണ് നാലുപാടും. അമേരിക്കയിൽ എത്തിയിട്ട് ഇതു കാണാതെപോന്നാൽ അത് ഒരു തീരാനഷ്ടമായിരിക്കും.
അമേരിക്കയിലെ മിഷിഗൺ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുമാറി ശാന്തസുന്ദരമായ ഫ്രാങ്കൻമുത്ത് എന്ന പ്രദേശം പ്രകൃതിഭംഗിയും ഗ്രാമഭംഗിയും ഒന്നിച്ചു കോർത്തിണക്കിയപോലെയാണ്. ഇതുപോലുള്ള ഒരു ക്രിസ്മസ് ഷോപ്പിംഗ് സെന്റർ മറ്റെവിടെയും ഇല്ല. ഇതിനകത്ത് ക്രിസ്മസിനു വേണ്ട എല്ലാത്തരം അലങ്കാരവസ്തുക്കളും നിറഞ്ഞിരിക്കുകയാണ്.
നാല് ഫുട്ബോൾ ഫീൽഡ് ഒന്നിച്ചെടുത്താലുള്ള വിസ്താരമുണ്ട് വണ്ടർലായ്ക്കുള്ളിൽത്തന്നെ. ഇതിൽ 50,000-ൽ പരം ക്രിസ്മസ് സാധനങ്ങൾ നാലുപാടും നിരത്തി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇവിടെ ചെറിയ സാധനങ്ങൾ മാത്രമല്ല, ക്രിസ്മസ് ട്രീകൾ പലതരത്തിലും നിറത്തിലും നിറച്ചും വിളക്കുകളോടെ തെളിഞ്ഞുനിൽക്കുന്നതു കാണാം. ഇതിനകത്ത് ഒന്നു കയറിയാൽ എത്ര കണ്ടാലും മതിവരാത്ത കാഴ്ചകളാണ്.
എത്ര നടന്നാലും തീരാതെ നീണ്ടുപോകുന്ന ഹാളുകൾ. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ സാന്താക്ലോസിന്റെ നാട്ടിലാണോ എന്നു തോന്നിപ്പോകും. മിഷിഗൺ സിറ്റി വിട്ട് 26 കി.മീ. അകലെയാണ് ഫ്രാങ്കൺമുത്ത് സ്ഥിതിചെയ്യുന്നത്. ആ മെയിൻ റോഡ് വിട്ടാൽപിന്നെ കാണുന്ന വാഹനങ്ങളെല്ലാം ക്രിസ്മസ് വണ്ടർലാൻഡിലേക്ക് തന്നെയാണ്. ഡിസംബർ, ജനുവരി മാസമായാൽ റോഡിന്റെ ഇരുവശത്തും മഞ്ഞു മൂടിക്കിടക്കുന്നത് കാണാം. കൊടുംതണുപ്പത്തും ഇങ്ങോട്ടുള്ള ടൂറിസ്റ്റുകൾക്ക് ഒരു കുറവുമില്ല. ഇത് വെറുതെ ഒന്നു കണ്ടിട്ടുപോകാം എന്നു കരുതി വരുന്നവർ കൈനിറയെ ക്രിസ്മസ് അലങ്കാരങ്ങളുമായാണ് മടങ്ങുന്നത്. പ്രധാന കവാടത്തിലെത്തിയാൽ ഉടൻതന്നെ സാന്താക്ലോസ് വേഷത്തിലുള്ള ഒരാളാണ് നമ്മളെ സ്വീകരിക്കുന്നത്. പിന്നെ മിന്നിത്തിളങ്ങുന്ന ഹാളിലേക്കു കയറിയാൽ കുറേയേറെ സാന്താക്ലോസുമാർ മോഡലായി നിൽപ്പുണ്ട്. ചുറ്റിനും നിരനിരയായി മേശകളും ഷെൽഫുകളും. അതു നിറയെ പലതരത്തിലുള്ള അലങ്കാരവസ്തുക്കൾ. എവിടെ നോക്കിയാലും വർണപ്രപഞ്ചം.
ഇതിന്റെയൊക്കെ പിറകിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് അറിയേണ്ടേ?
1845-ൽ കുറച്ചുപേർ തെക്കൻ ജർമനിയിലെ ബവേറിയൻ പ്രവിശ്യയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറി താമസമാക്കിയപ്പോൾ ആ സംസ്കാരം നിലനിർത്തിക്കൊണ്ടുതന്നെ അവർ ജീവിതം ആരംഭിച്ചു. അന്നുമുതൽ ഫ്രാങ്കൺമുത്ത് ഒരു ബ്രവേറിയൻ പാരന്പര്യത്തോടെ വളരാൻതുടങ്ങി. അമേരിക്കയിലെ ചൈന ടൗൺ, സിംഗപ്പൂരിലെ ലിറ്റിൽ ഇന്ത്യ എന്നതുപോലെ ഇത് മിഷിഗണിലെചെറിയ ബവേറിയ എന്നറിയപ്പെടാൻ തുടങ്ങി. കാരണം ഇവിടത്തെ ഓരോ കെട്ടിടവും ഹോട്ടലുകളുമെല്ലാം ബവേറിയൻ വാസ്തുപ്രകാരമാണ് പണിതിരിക്കുന്നത്.
ചെറിയ തോതിൽ തുടങ്ങിയ ബേക്കറികൾ, റസ്റ്ററന്റുകൾ, ഷോപ്പിംഗ് മാളുകൾ എല്ലാം ഇന്ന് ലോകപ്രശസ്ത സ്ഥാപനങ്ങളാണ്. ആദ്യം വന്നവർ അവിടെ സ്ഥാനം ഉറപ്പിച്ചു. അവരുടെ പിൻഗാമികളും അമേരിക്കൻ സിസ്റ്റവുമായി ഇടപഴകി. നൂറുവർഷങ്ങൾക്കു ശേഷം അതായത് 1945-ൽ വാലി ബ്രോണർ എന്ന വ്യക്തി ഇവിടെ ചെറിയൊരു ക്രിസ്മസ് കട തുടങ്ങി. ആ ചെറിയ കടയാണ് ലോകപ്രശസ്തി ആർജിച്ച ക്രിസ്മസ് ബസാറായി മാറിയത്. ഇന്ന് അതു വളർന്നു പന്തലിച്ച് 27 ഏക്കർ വിസ്താരത്തിൽ പരന്നുകിടക്കുന്ന ഒരു കോംപ്ലക്സായി മാറി. ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു.
ഇവിടെ എത്തുന്ന ഭൂരിഭാഗം പേരും ദൂരെനിന്നായതുകൊണ്ട് ധാരാളം ഹോട്ടലുകളും റസ്റ്ററന്റുകളും ഇവിടുണ്ട്. ഇവിടെല്ലാം ബവേറിയൻ സ്റ്റൈലിലാണ് എല്ലാം പ്രവർത്തിക്കുന്നത്. ഞങ്ങൾ ഒരു റസ്റ്ററന്റിൽ കയറിയപ്പോൾ രണ്ടു കാവൽഭടന്മാർ അവരുടെ പരന്പരാഗത വേഷത്തിൽ ഞങ്ങളെ സല്യൂട്ട് ചെയ്ത് സ്വീകരിച്ച് അകത്തേക്ക് കൊണ്ടുപോയി. അവിടെയും ചില പ്രത്യേക കാഴ്ചകൾ. ആകാശംമുട്ടെയുള്ള രണ്ടു കാപ്പി ജഗ്ഗുകൾ ഇരുവശത്തും ഭംഗിയായി വച്ചിട്ടുണ്ട്.
ഞങ്ങളുടെ ഓർഡർ എടുക്കാനായി വന്ന പെൺകുട്ടിയും തനി ബവേറിയൻ സ്റ്റൈലിൽ തന്നെയായിരുന്നു. ഞങ്ങൾ ജർമനിയിലാണോ എന്നു തോന്നിപ്പോയി. ഇതുപോലുള്ള റസ്റ്ററന്റുകൾ ഇവിടെ വേറേയുമുണ്ട്. ഭക്ഷണവും വസ്ത്രധാരണവുമെല്ലാം അവിടത്തെപ്പോലെതന്നെ. ഇനി രാത്രിയായാൽ പ്രദേശം മുഴുവനും ഇലക്ട്രിക് വിളക്കുകൾ പ്രകാശിക്കും. അതും പത്തും നൂറും ഒന്നുമല്ല ഒരുലക്ഷം വിളക്കുകളാണ് തെളിയുന്നത്. വിശ്വസിക്കാൻ പ്രയാസമുണ്ടായിരിക്കും, വിശ്വസിച്ചേ പറ്റൂ. ഞങ്ങൾ നേരിട്ടു കണ്ടതാണ് ഇതെല്ലാം.
ഫ്രാങ്കൺമുത്തിലെ ബ്രോണർ വിശേഷങ്ങൾ ഇതുകൊണ്ടു തീരുന്നില്ല. ഈ സ്ഥലത്തിനടുത്തായി ഒരു നദി ഒഴുകുന്നുണ്ട്. ടൂറിസ്റ്റുകളെല്ലാം ഇവിടെ വന്നിരുന്ന് പ്രകൃതിഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്താറുണ്ട്. ഇവിടെയും പലപല കാര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരനിരയായി കടകൾ. ഇവിടെനിന്നു പലതും വാങ്ങാം. മെഴുകുതിരി, മുത്തുമണികൾ...അങ്ങനെ പലതും. നദിയിലൂടെ തുഴഞ്ഞുപോകാൻ ചക്രംചവിട്ടി വള്ളങ്ങൾ. എല്ലാം ബവേറിയൻ രീതിയിൽതന്നെയാണ് ഒരുക്കിയിട്ടുള്ളത്.
ഓമന ജേക്കബ്