അലംഭാവം ശീലമാക്കിയാൽ
Sunday, September 1, 2019 3:07 AM IST
ഒരാളുടെ വളർച്ചയെയും അഭ്യുന്നതിയെയും തടഞ്ഞുനിറുത്തുന്ന ഒരു ന്യൂനഘടകമാണ് അലംഭാവം. ആലസ്യവുമായി അടുത്ത ബന്ധമുള്ള ഈ മനോഭാവം വ്യക്തിയെയും സമൂഹത്തെയും പുരോഗതിയുടെ പാതയിൽനിന്ന് അകറ്റിനിർത്തുന്നു.
അലംഭാവം ഗൗരവമായി ബാധിച്ചിരിക്കുന്ന ഒരു തലമാണ് നമ്മുടെ വിദ്യാഭ്യാസരംഗം. വിദ്യാർഥികൾക്കു മാത്രമല്ല അധ്യാപകർക്കും നടത്തിപ്പുകാർക്കും ഇതിൽ പങ്കുണ്ടെന്നു പറയാം. പഠിച്ചു ജയിക്കണം എന്നു കുട്ടികളും ജയിപ്പിക്കണം എന്നു ടീച്ചർമാരും തീരുമാനമെടുക്കുന്നു. വിജയശതമാനം വർധിപ്പിക്കണമെന്ന് അധികാരികളും. പിന്നീട് അങ്ങോട്ടുള്ള ത്വരിത പ്രയാണത്തിൽ വിജയം എന്ന ഒരേയൊരു ലക്ഷ്യത്തിലെത്താൻ എന്തെല്ലാം കുറുക്കുവഴികളും സൂത്രമാർഗങ്ങളും ഉണ്ടെന്നുള്ള തെരച്ചിലാണ്.
പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന ഒരു കുട്ടിയോട് ഒരു പദ്യമോ ഉദ്ധരണിയോ നിർവചനമോ കാണാതെ പഠിക്കാൻ പറഞ്ഞാൽ അതു പരീക്ഷയ്ക്കു വരില്ല എന്ന പ്രതികരണം ഉടനുണ്ടാകും. കലാലയങ്ങളിൽ ഈ സമീപനം രൂഢമൂലമായികഴിഞ്ഞിരിക്കുന്നു. ഫലമോ സന്തുലിതത്വവും പൂർണതയും ഉള്ള വിദ്യാഭ്യാസം അസാധ്യമാകുന്നു. ലോക പൗരന്മാര്ക്കൊപ്പം നമ്മുടെ കുട്ടികളെ എത്തിക്കണമെങ്കിൽ അലംഭാവം എന്ന ബലഹീനത തീർത്തും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
അകം ശുദ്ധിയാക്കാതെ പുറം മാത്രം ശുദ്ധിയാക്കുന്ന കാപട്യത്തെ അപലപിച്ച നമ്മുടെ നാഥന്റെ തിരുവചനങ്ങൾ, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നമുക്ക് പ്രചോദനമാകട്ടെ.
സിസിലിയാമ്മ
ഫോൺ: 9447168669