കവിതയ്ക്ക് അമ്മമുഖം നല്കിയ ബാലാമണിയമ്മ
Sunday, September 29, 2019 6:47 AM IST
തുളിസിയില പോലൊരു ജീവിതം: അമ്മയായ ബാലാമണിയമ്മയെക്കുറിച്ച് മകളായ സുലോചന നാലപ്പാട്ട് പറഞ്ഞതാണിത്. ബാലാമണിയമ്മയുടെ കാവ്യവ്യക്തിത്വത്തെക്കുറിച്ച് ആലോചിക്കുന്പോഴും ഇതേ സുതാര്യത വിശുദ്ധിതന്നെ ഓർമയിൽ വരും. തുളസിയിലയിൽ പച്ചപ്പുണ്ട്. ഉൗർജദായകമായ സുഗന്ധമുണ്ട്. ഒൗഷധവീര്യമുണ്ട്. ബാലാമണിയമ്മയുടെ കവിതയിലും ഇതെല്ലാമുണ്ട്. മലയാളത്തിന്റെയും മനുഷ്യത്വത്തിന്റെയും പച്ചപ്പ്.’’- പ്രശസ്ത കവി പ്രഭാവർമ്മ.
മലയാള സാഹിത്യത്തറവാടിന്റെ അമ്മയായിരുന്ന ബാലാമണിയമ്മ അന്തരിച്ചിട്ട് 2019 സെപ്റ്റംബർ 29 ന് പതിനഞ്ചു വർഷം തികയുന്നു. മാതൃത്വത്തിന്റെയും സ്നേഹത്തിന്റെയും പ്രാർഥനകൾ സ്വന്തം കൃതികളിലൂടെ മലയാള ഭാഷയ്ക്ക് സമ്മാനിച്ച കവി.
ചിറ്റഞ്ഞൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടി അമ്മയുടെയും മകളായ ബാലാമണിയമ്മയ്ക്ക് പ്രശസ്ത കവിയും എഴുത്തുകാരനുമായ അമ്മാവൻ നാലപ്പാട്ട് നാരായണമേനോനിൽ നിന്നു പകർന്നു കിട്ടിയ വീക്ഷണങ്ങളായിരുന്നു കവിതയിലേക്കുള്ള ഹരിശ്രീ, ഒൗപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ലെങ്കിലും പൂന്നയൂർകുളത്തിന്റെ ഗ്രാമീണ സൗന്ദര്യങ്ങളും, അമ്മാവന്റെ ലൈബ്രറിയിലെ പുസ്തകങ്ങളും കാവ്യപ്രപഞ്ചത്തെ സർഗ വൈഭവം കൊണ്ട് സന്പന്നമാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകൾ വീട്ടിലിരുന്ന് പഠിച്ചു. നാലപ്പാട്ടുനാരായണമേനോന്റെ പ്രചോദനത്തിൽ ചെറുപ്രായത്തിൽ തന്നെ കവിതകളെഴുതിത്തുടങ്ങി. അതിമനോഹരമായ പദങ്ങൾ കൊണ്ട് മാതൃഭാവത്തിന്റെ മധുരം പകർന്നു നല്കി.
“തൊട്ടിലാട്ടും ജനനിയെപ്പെട്ടെന്നു
തട്ടിനീക്കിരണ്ടോമനക്കൈകൾ’’
അക്കാലത്തെ മഹാകവികളെപ്പോലെ ബാലാമണിയമ്മയുടെ മനസിലും വ്യക്തമായ സാമൂഹ്യ വീക്ഷണങ്ങളുണ്ടായിരുന്നു. സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും തീപ്പൊരികൾ തൂലികയിലുടെ ‘വിട്ടയയ്ക്കുക’
വിട്ടയയ്ക്കുവിൻ കൂട്ടിൽ നിന്നെന്നെ
ഞാനൊട്ടുവാനിൽ പറന്നു നടക്കട്ടേ
സുപ്രഭാതമടുത്തു നഭസ്സിലേ
യ്ക്കുല്പതിക്കുന്ന മാമകവർഗക്കാർ.
ഭാരതസംസ്കാരം, മലയാളിയുടെ ജീവിതം, ഓണം, മഹാത്മാഗാന്ധി തുടങ്ങിയ സംഭവങ്ങളേക്കുറിച്ച് എണ്ണപ്പെട്ട രചനകൾ, ഗാന്ധിജി എന്ന യുഗപുരുഷനെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ട് ഞങ്ങളുടെ നേതാവ് എന്ന കവിതയിൽ
പാശ്ചാത്യ സംസ്കാരത്തിൽ
പാഴ് വലക്കെട്ടിൽപ്പെട്ടു-
പാരമാകൂലമായഭാരതീയാദർശത്തെ
പ്രേമശക്തിയാൽ തന്നെ പേർത്തുമുദ്ധരിക്കും
ശ്രീമഹാത്മാവേ, ലോകനേതാവേ,
ജയിച്ചാലും!
മലയാളിയുടെ മനസിന്റെ മാതൃഭാവത്തെ അഞ്ചാംശമാക്കി മാതൃത്വത്തിന്റെ മഹനീയ ഭാവം മൃദുലവും, മുഗ്ധവുമായ ഒരു ദിവ്യസംഗീതമാക്കി ‘അമ്മയും മകനും’
മാതൃത്വമാധുര്യം തിങ്ങിത്തുടിക്കുമെൻ
മാറിൽ നിന്നീച്ചോരിവായിലേക്കായ്
സേവനോത്കണ്ഠയാൽ
ശുദ്ധീഭവിച്ചമ-
ജ്ജീവരക്തം താനുറന്നൊഴുകി’
ജീവിതത്തിൽ കഷ്ടപ്പെടുന്നവരെക്കുറിച്ചും, ദുരിതപൂർണ്ണമായ സാമൂഹ്യജീവിതത്തിലെ ദരിദ്രന്മാരെക്കുറിച്ചും എന്നും സ്നേഹവും, അനുകന്പയും ഉള്ളിൽ സൂക്ഷിച്ചിരുന്നു.
“ആരുടെ കാലിൽ തറയ്ക്കുന്ന മുള്ളുമെ
ന്നാത്മാവിനെകുത്തിനോവിക്കുമെന്നു.’’ പാടി.
കൂപ്പുകൈ, അമ്മ, കുടുംബിനി, ധർമമാർഗത്തിൽ, സ്ത്രീഹൃദയം, അവർപാടുന്നു. മുത്തശ്ശി, അന്പലത്തിൽ, ലോകാന്തരങ്ങളിൽ, പ്രഭാങ്കുരം, ഉൗഞ്ഞാലിൽ, നഗരത്തിൽ എന്നിവ പ്രധാനകൃതികൾ.
1947-ൽ കൊച്ചി മഹാരാജാവ് പരീക്ഷിത്തു തന്പുരാനിൽ നിന്ന് ‘സാഹിത്യനിപുണ’ ബഹുമതി. 1964-ൽ കേരളസാഹിത്യ അക്കാദമി- സാഹിത്യ പരിഷത്ത് പുരസ്്കാരങ്ങൾ. 1966-ൽ "മുത്തശ്ശി’ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം, 1978 -ൽ കേന്ദ്ര സർക്കാരിന്റെ ‘പത്മഭൂഷൺ’ ബഹുമതി, 1995 -ൽ എഴുത്തച്ഛൻ പുരസ്കാരം 1996-ൽ വള്ളത്തോൾ പുരസ്കാരം രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ ‘സരസ്വതിസമ്മാൻ’ എന്നീ ബഹുമതികൾ ബാലാമണിയമ്മയെ തേടിയെത്തി.
മാതൃഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന വി.എം.നായർ ആയിരുന്നു ഭർത്താവ്. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി, ഡോ.സുലോചന നാലപ്പാട്ട്, ഡോ.ശ്യാം സുന്ദർ, മോഹൻദാസ് എന്നിവർ മക്കൾ.
പ്രശസ്ത നിരൂപക ഡോ.എം.ലീലാവതി രേഖപ്പെടുത്തി ‘വൈചാരികമായ ഗഹനതയും വൈകാരികമായ ആർദ്രതയും ദാർശനികഗുരുതയും ഇത്രയേറെ ഒത്തുചേർന്ന കവിത രചിച്ച ഒരു വനിത ഇന്ത്യയിൽ ഒരു ഭാഗത്തും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. മറ്റുനാടുകളിലെ സാഹിത്യരംഗങ്ങളിലും ഇത്തരത്തിലൊരു സ്ത്രീയെ കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല’’ (മലയാളമൊഴിക്ക് ഒരമ്മ).
സുബ്രഹ്മണ്യൻ അന്പാടി