Kerala
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. പിണറായി വിജയന്റെ മകളും കേസിലെ പ്രതിയുമായ വീണയുടെതുൾപ്പെടെയുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഡൽഹിയിലെ ഇഡി അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിർണായക സൂചനകളുള്ളത്.
കേസ് അന്വേഷിച്ച കൊച്ചി ഇഡി ഓഫീസാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. എക്സാലോജിക് കമ്പനിക്കും ഡയറക്ടറായ വീണയ്ക്കും പണം നൽകിയത് പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണെന്ന് സിഎംആർഎൽ എംഡി എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17ന് മൊഴി നൽകിയിരുന്നു.
സേവനങ്ങളൊന്നും നൽകാതെയാണ് ഈ പണമിടപാട് നടന്നതെന്നും മൊഴിയിലുണ്ട്. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി രൂപ കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും തിരിച്ചു നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചതായി ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കർത്തായുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക.
അതേസമയം പിണറായി വിജയനു സമൻസ് നൽകാനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്. സിഎംആർഎൽ, കമ്പനി ഡയറക്ടർമാർ, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട 26 കോടി രൂപയുടെ സ്വത്തും മരവിപ്പിച്ചിട്ടുണ്ട്. കേസിലെ 12 പ്രതികളുടെയും അവരുടെ സ്ഥാപനങ്ങളുടെയുമായി 29 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചെന്നും ഇഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Kerala
കൊച്ചി: ശബരിമല സ്വര്ണക്കൊള്ള കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നിലച്ചു. കേസിലെ പ്രധാന പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാര് ഉൾപ്പടെയുള്ള ആരെയും ഇഡി ചോദ്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സ്വര്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് ഉള്പ്പെടെയാണ് ഇഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. തുടർന്ന് മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ഇഡി ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇതിനിടെ കേസ് അന്വേഷിച്ചിരുന്ന ഇഡി അഡീഷണൽ ഡയറക്ടറെ അശുഘോയലിനെ സ്ഥലം മാറ്റുകയും ചെയതിരുന്നു. എന്നാൽ പുതിയ ഉദ്യോഗസ്ഥൻ ചാർജ് ഏറ്റെടുത്തെങ്കിലും ഇതുവരെ സ്വര്ണക്കൊള്ള കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല.
ഇഡി അന്വേഷണം നിലച്ചതിനൊപ്പം തന്നെ എസ്ഐടി അന്വേഷണവും ഇഴയുകയാണ്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസ് ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഇഡി അന്വേഷണം ആവശ്യമില്ലെന്ന എസ്ഐടിയുടെ നിലപാട് തള്ളിയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്.
കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാനും പ്രത്യേക അന്വേഷണ സംഘത്തിന് കോടതി നിർദ്ദേശം നൽകി. ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി വിധി പറഞ്ഞത്.
കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. എന്നാൽ മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്ഐടിയുടെ നിലപാട്. ഇഡി സമാന്തര അന്വേഷണം നടത്തിയാല് നിലവിലെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു.
Kerala
തൃശൂർ: ശബരിമലയിലെ സ്വർണക്കൊള്ള സംബന്ധിച്ച് ഇഡിക്കും അന്വേഷിക്കാമെന്ന ഹൈക്കോടതിവിധി സ്വാഗതംചെയ്യുന്നുവെന്നും ഇഡി വന്നാൽ കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകുമെന്നും കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ.
സമഗ്രമായ അന്വേഷണം നടക്കുമെന്നാണു പ്രതീക്ഷ. അന്താരാഷ്ട്ര വിഗ്രഹമോഷണ സംഘവുമായി സ്വർണം കവർന്നവർക്കു ബന്ധമുണ്ടെന്നതു പരിഗണിച്ചാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. സിപിഎമ്മിനു സ്വർണക്കൊള്ളയിലുള്ള പങ്ക് ഇതിലൂടെ പുറത്തു വരുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.