ഇരിട്ടി: 41.5 ലക്ഷം രൂപ ചെലവഴിച്ച് കലുങ്ക് പുനർനിർമിച്ചിട്ടും മാടത്തിൽ-കീഴ്പള്ളി റോഡിൽ അത്തിക്കലിലെ അപകടഭീഷണിക്ക് പരിഹാരമാകുന്നില്ല. കലുങ്കിന്റെ സ്ലാബും നിലവിലെ റോഡും ചേരുന്ന ഭാഗത്ത് റോഡ് താഴ്ന്ന് വലിയതിട്ട് രൂപപ്പെട്ടതാണ് അപകടക്കെണിയാകുന്നത്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടത്തിലാകുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. കലുങ്ക് പുനർനിർമാണത്തിനു ശേഷം റോഡിന്റെ ഉപരിതലം ഉയർത്തി നിലവിലെ റോഡുമായി ശരിയായ നിലയിൽ ബന്ധിപ്പിക്കാത്തതാണ് പ്രശ്നത്തിനു കാരണം. ജിഎസ്ബി ഉൾപ്പെടെയുള്ള അടിത്തറ ആവശ്യമായ രീതിയിൽ ഒരുക്കാതെ ഉപരിതലം കോൺക്രീറ്റ് ചെയ്തതും താഴ്ചയ്ക്ക് കാരണമായിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇതുവഴി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്.
നടവഴിയും കാണാതായി
റോഡിൽനിന്ന് താഴെയുള്ള വീടുകളിലേക്കും പ്രദേശത്തേക്കും പോകാൻ വർഷങ്ങളായി നാട്ടുകാർ ഉപയോഗിച്ചിരുന്ന നടവഴിയും കലുങ്ക് പുനർനിർമാണത്തിനിടെ ഇല്ലാതായി. ഇതോടെ നാട്ടുകാർ സ്വന്തം നിലയിൽ മണ്ണും മറ്റും ഉപയോഗിച്ച് താത്കാലിക നടവഴി ഒരുക്കുകയാണ്. പഴയ നടവഴിയുടെ അവശിഷ്ടങ്ങളും നിർമാണത്തിനായി നീക്കിയ മണ്ണും കലുങ്കിനോടു ചേർന്ന ഭാഗത്ത് മാറ്റാതെ കിടക്കുകന്നുണ്ട്. നിർമാണം പൂർത്തിയായിട്ടും നിർമാണാവശിഷ്ടങ്ങൾ റോഡരികിൽ തന്നെയാണുള്ളത്. മഴ പെയ്താൽ ഇവ സമീപത്തെ നീരൊഴുക്കിലേക്കും റോഡിലേക്കും ഒഴുകിയെത്താനുള്ള സാധ്യതയുമുണ്ട്.
സംരക്ഷണഭിത്തി പാതിവഴിയിൽ
കഴിഞ്ഞ വർഷം ജൂലൈ 24നുണ്ടായ ശക്തമായ മഴയിൽ അത്തിക്കലിലെ കലുങ്കിന്റെ സംരക്ഷണഭിത്തിയും സമീപത്തെ വാടക ക്വാർട്ടേഴ്സിന്റെ സംരക്ഷണഭിത്തിയും തോട്ടിലേക്ക് ഇടിഞ്ഞിരുന്നു. അപകടഭീഷണിയെ തുടർന്ന് ക്വാർട്ടേഴ്സിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കലുങ്കിന്റെയും സംരക്ഷണഭിത്തിയുടെയും പുനർനിർമാണ നടപടികൾക്കായി പൊതുമരാമത്ത് വകുപ്പിന്റ നോൺ പ്ലാൻ ഫണ്ടിൽനിന്ന് 41.5 ലക്ഷം രൂപ അനുവദിച്ചത്. ഇടിഞ്ഞ സംരക്ഷണഭിത്തി ഇതുവരെയും പൂർണയും പുനർനിർമിച്ചിട്ടില്ല.
റോഡിൽ രൂപപ്പെട്ട തിട്ട് അടിയന്തരമായി നികത്തി വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന വിധത്തിൽ റോഡിന്റെ ഉപരിതലം പുനഃക്രമീകരിക്കണമെന്നും നടവഴി പുനർനിർമിച്ച് നിർമാണാവശിഷ്ടങ്ങൾ നീക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം ഭൂമിയുടെ പ്രത്യേകത മൂലമാണ് റോഡ് അമർന്ന് തിട്ട് ഉണ്ടായതെന്നാണ് കരാറുകാരനായ വി.ഡി. മത്തായി പറയുന്നത്. മിക്സിംഗ് റീടാറിംഗ് നടത്തി പ്രശ്നം പരിഹരിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഥലത്തിന്റെ ഇരുവശവും നെൽവയലാണ്. സാധാരണയായി കലുങ്കിന്റെ ഇരുവശത്തും 1.5 മീറ്ററോളം മണ്ണ് മാറ്റിയാൽ മതിയാകുമ്പോൾ ഇവിടെ നിർമാണത്തിനിടെ ആറു മീറ്ററോളം ഭാഗം ഇടിഞ്ഞ് മണ്ണുമാന്തിയന്ത്രം ഉൾപ്പെടെ തോട്ടിലേക്ക് വീണിരുന്നു.
മണ്ണും ജിഎസ്ബിയും ഉപയോഗിച്ച് നിറച്ചിരുന്നെങ്കിലും വീണ്ടും താഴ്ന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണമെന്നും കരാറുകാരൻ വ്യക്തമാക്കി.