District News
വടക്കഞ്ചേരി: കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയെട്ടാം ജന്മദിനത്തോടനുബന്ധിച്ചുള്ള മേഖല സമ്മേളനം വടക്കഞ്ചേരി ലൂർദ്മാത ഫൊറോന പള്ളി പാരിഷ്ഹാളിൽ നടന്നു. സമ്മേളനം മേലാർകോട് ഫൊറോന ഡയറക്ടർ ഫാ. ക്രിസ് കോയിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. കൂട്ടംകൂടിയിട്ട് കാര്യമില്ല. അതിൽ കൂട്ടായ്മയുണ്ടാകണമെന്ന് ഫാ. ക്രിസ് കോയിക്കാട്ടിൽ പ്രവർത്തകരെ ഓർമിപ്പിച്ചു.
രൂപത പ്രസിഡന്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി മുഖ്യപ്രഭാഷണവും ലൂർദ്മാത ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. മംഗലംഡാം ഫൊറോന ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ, ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപള്ളി, ഗ്ലോബൽ കമ്മിറ്റി അംഗം ജീജോ അറയ്ക്കൽ, രൂപത വൈസ് പ്രസിഡന്റ് ജോസ് വടക്കേക്കര, രൂപത സെക്രട്ടറിമാരായ ദീപ ബൈജു, സണ്ണി കലങ്ങോട്ടിൽ, ജിനി ജോസഫ്, രൂപത ട്രഷറർ ജോസ് മുക്കട, ഫൊറോന പ്രസിഡന്റുമാരായ വിൽസൺ കൊള്ളന്നൂർ, ബെന്നി മറ്റപ്പള്ളിൽ, ദീപു കവലക്കാട്ട് എന്നിവർ പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മേഖലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിവിധ ഇടവകാംഗങ്ങളായ ദീപ ബൈജു, അച്ചാമ്മ ജോസഫ്, റിൻസി ജോയ്സ്, മഞ്ജു ബെന്നി, ഡിനോയ് കോമ്പാറ, ഷാജു പുളിക്കൻ എന്നിവരെ സമ്മേളനത്തിൽ അഭിനന്ദിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ വടക്കഞ്ചേരി, മംഗലംഡാം, മേലാർകോട് എന്നീ മൂന്ന് ഫൊറോന സമിതികൾ സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെ മുന്പിൽ പത്തു ചോദ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസ് രംഗത്ത്. ചോദ്യങ്ങളിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ പാർട്ടികളുടെ നിലപാടനുസരിച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിലപാടെടുക്കാൻ സമുദായം സജ്ജമാണെന്നും കത്തോലിക്ക കോൺഗ്രസ് നേതൃയോഗം വ്യക്തമാക്കി.
ചോദ്യങ്ങൾ
► 1. യുവജനങ്ങൾ നാട്ടിൽനിന്നു പലായനം ചെയ്യുന്നത് തടയാൻ എന്താണു പരിഹാരം ?
► 2. റബർ, നെല്ല് കർഷകർക്ക് കാർഷിക മേഖലയിൽ നിലനിൽക്കുവാൻ എന്താണു വിഭാവനം ചെയ്യുന്നത് ?
►3. വനം-വന്യജീവി നിയമ ഭേദഗതിക്ക് തയാറാകാത്തത് എന്തുകൊണ്ട്?
► 4. 80:20 സംവരണത്തിൽ ജനസംഖ്യാനുപാതികമായ വിതരണം നടത്തപ്പെടുന്നതിനും ഇഡബ്ല്യുഎസ് കേരളത്തിലെ സാഹചര്യമനുസരിച്ച് ക്രമീകരിച്ചു നടപ്പാക്കുന്നതിനും എന്താണു തടസം?
► 5. വർഗീയശക്തികളുടെ നേതൃത്വത്തിൽ ന്യൂനപക്ഷ പീഡനങ്ങൾ നടക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾ പക്ഷം പിടിക്കുന്നത് എന്തുകൊണ്ട് ?
► 6. മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികൾ നടത്തുന്ന ഇരട്ടത്താപ്പും ജനവഞ്ചനയും നീതീകരിക്കാവുന്നതാണോ ?
► 7. ദളിത് ക്രൈസ്തവർക്ക് അർഹമായ സംവരണാനുകൂല്യങ്ങൾ നൽകുന്നതിന് എന്താണു തടസം?
► 8. ഭിന്നശേഷിസംവരണത്തിന്റെ മറവിൽ അധ്യാപക നിയമനം അട്ടിമറിക്കപ്പെടുന്നതിൽ എന്തു നിലപാടാണുള്ളത് ?
► 9. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു നടപ്പിലാക്കുന്നതിൽ നിലപാട് എന്താണ് ?
► 10. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തിന് അർഹമായ സ്ഥാനാർഥിത്വം നൽകുന്നതിന് രാഷ്ട്രീയപാർട്ടികൾ എത്രമാത്രം സന്നദ്ധമാണ്?
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ട്രഷറര് അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, കെ.പി. സാജു, ജോമി ഡൊമിനിക്, ജേക്കബ് നിക്കോളാസ്, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
District News
റാന്നി: 62-ാമത് റാന്നി കാത്തലിക് കണ്വന്ഷന് ഇന്നു മുതല് റാന്നി സെന്റ് മേരീസ് സെന്ട്രല് സ്കൂള് ഓഡിറ്റോറിയത്തിലെ പോപ്പ് ഫ്രാന്സിസ് നഗറില് നടക്കും. ഇന്നു വൈകുന്നേരം 5.30ന് ജപമാലയോടെ കണ്വന്ഷന് ആരംഭിക്കും. ആറിന് ആരാധനവര്ഷം പ്രദക്ഷിണം. 6.30ന് കണ്വന്ഷന് ഉദ്ഘാടനം തിരുവല്ല അതിരൂപതാധ്യക്ഷന് ആര്ച്ച് ബിഷപ് ഡോ.തോമസ് മാര് കറിലോസ് നിര്വഹിക്കും. ഫാ. ജോസഫ് പുത്തന്പുരയ്ക്കല് വചനപ്രഘോഷണം നടത്തും.
നാളെ വൈകുന്നേരം ഫാ. ഡോ. സിനോജ് അരിമറ്റവും 24ന് ഫാ. ഷോജി വെച്ചൂര് കരോട്ടും 25നു ഫാ.ദാനിയേല് കല്ലില് ഒഐസിയും വചനപ്രഘോഷണം നടത്തും. കൺവന്ഷനുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബസ് സര്വീസ് ക്രമീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.
സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.
ഉള്ളടക്കം വെളിപ്പെടുത്തിയില്ല
മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.
വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.
പിൻമാറണം
വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.
Kerala
കോട്ടയം: കത്തോലിക്കസഭയും മലങ്കര ഓര്ത്തഡോക്സ് സഭയും തമ്മിലുള്ള ചർച്ചകൾക്ക് അന്താരാഷ്ട്ര വേദശാസ്ത്ര കമ്മീഷന് യോഗം ചേര്ന്നു.
ദേവലോകം കാതോലിക്കേറ്റ് അരമനയില് വത്തിക്കാന് പ്രതിനിധി ഫാ. ഹയസിന്ത് ഡെസ്റ്റിവിലെ, ആര്ച്ച്ബിഷപ് മാര് മാത്യു മൂലക്കാട്ട്, ആര്ച്ച്ബിഷപ് തോമസ് മാര് കൂറിലോസ്, മാര് ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് ഡോ. സെല്വിസ്റ്റര് പൊന്നുമുത്തന്, റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്, റവ. ഡോ. ഫിലിപ്പ് നെല്പ്പുരപ്പറമ്പില്, റവ. ഡോ. ജേക്കബ് തെക്കേപ്പറമ്പില് എന്നിവര് കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ചു.
മലങ്കര ഓര്ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഡോ. യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, ഡോ. യൂഹാനോന് മാര് ദിമെത്രിയോസ്, ഡോ. ജോസഫ് മാര് ദിവന്നാസിയോസ്, ഡോ. ഗീവര്ഗീസ് മാര് ബര്ന്നബാസ്, റവ. ഡോ. ജോസ് ജോണ്, റവ. ഡോ. മാത്യു വര്ഗീസ്, റവ. ഡോ. കോശി വൈദ്യന് എന്നിവര് പങ്കെടുത്തു.
ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവയുമായും അംഗങ്ങള് കൂടിക്കാഴ്ച നടത്തി. നിഖ്യാ വിശ്വാസപ്രമാണത്തിന്റെ 1700-ാം വാര്ഷിക ഭാഗമായി വിശ്വാസപ്രമാണത്തിന്റെ ദൈവശാസ്ത്രപരമായ തലങ്ങള് യോഗത്തില് ചര്ച്ച ചെയ്തു. കാലംചെയ്ത ഫ്രാന്സിസ് മാര്പാപ്പയ്ക്ക് യോഗം ആദരാഞ്ജലികളര്പ്പിച്ചു. ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകള് നേര്ന്നു.
National
ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിലാണ് സീറോ മലബാർ ബിഷപ്പുമാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ടേക്കും.
District News
നെയ്യാറ്റിന്കര: നെയ്യാറ്റിന്കര ലത്തീന് രൂപതയില് മൂന്ന് വൈദികരെ ബിഷപ് ഡോ. ഡി. സെല്വരാജന് മോണ്സിഞ്ഞോർ പദവിയിലേക്ക് ഉയര്ത്തി.നെയ്യാറ്റിൻകര മൈനർ സെമിനാരി റെക്ടറായിരുന്ന റവ.ഡോ.ക്രിസ്തുദാസ് തോംസണ്, രൂപതയുടെ ചാന്സിലറായിരുന്ന റവ. ഡോ. ജോസ് റാഫേല്, വിദ്യാഭ്യാസ ശുശ്രൂഷാ സമിതി ഡയറക്ടറായിരുന്ന റവ. ഡോ.ജോണി കെ. ലോറന്സ് എന്നിവരാണ് പുതിയ മോണ്സിഞ്ഞോര്മാര്.
മോണ്സിഞ്ഞോര് പദവിയിലേക്ക് ഉയര്ത്തപ്പെട്ട രൂപതയുടെ മൈനർ സെമിനാരി റെക്ടറായിരുന്ന റവ. ഡോ.ക്രിസ്തുദാസ് തോംസണ് രൂപതയുടെ പുതിയ വികാരി ജനറലാവും. ചെട്ടിക്കുന്ന് തിരുഹൃദയ ദേവാലയാംഗവുമാണ് അദ്ദേഹം. നെടുമങ്ങാട് റീജിയന് കോ-ഓഡിനേറ്ററായിരുന്ന വിതുര ഡിവൈൻ പ്രൊവിഡൻസ് ദേവാലയാംഗമായ മോണ്. റൂഫസ് പയസ് ലിന് ആണ് പുതിയ ശുശ്രൂഷ കോ- ഓഡിനേറ്റര്.
പാലപ്പൂർ വിശുദ്ധ കുരിശിന്റെ ദേവാലയാംഗമായ റവ.ഡോ.ജോണി കെ. ലോറന്സിനെയാണ് രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോർപ്പറേറ്റ് സ്കൂളുകളുടെയും മാനേജര് പദവിയിലേക്ക് ഉയര്ത്തിയത്. രൂപതയുടെ ചാന്സിലറായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയാംഗമായ റവ. ഡോ.ജോസ് റാഫേലാണ് പുതിയ ജൂഡിഷ്യല് വികാറും നെടുമങ്ങാട് റീജന്-കോ ഓഡിനേറ്ററും. രൂപതയുടെ പുതിയ ചാന്സിലറായി ഫാ. അനുരാജ് നിയമിതനായി. ഡോ.അലോഷ്യസ് സത്യനേശനാണ് പുതിയ സെമിനാരി റെക്ടര്.
Leader Page
രാജ്യത്താദ്യമായി ഒരു കത്തോലിക്കാ ബിഷപ്പിന് സർക്കാരിന്റെ സ്മാരകം ഉയർന്നിരിക്കുന്നു. തലശേരി രൂപതയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിക്കാണ് കേരള സർക്കാർ മ്യൂസിയം ഒരുക്കി സ്മാരകം തീർത്തിരിക്കുന്നത്. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ മലബാർ കുടിയേറ്റത്തിന്റെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുന്നതിനും വരുംതലമുറയ്ക്കു കൈമാറുന്നതിനുമായി തയാറാക്കിയ കുടിയേറ്റ മ്യൂസിയമാണ് ബിഷപ് വള്ളോപ്പിള്ളി സ്മാരകം.
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട കുടിയേറ്റ പ്രദേശമായ ചെമ്പന്തൊട്ടിയിൽ കേരള പുരാവസ്തു വകുപ്പ് നിർമിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരകം കുടിയേറ്റ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ചെമ്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന ഇടവക ലഭ്യമാക്കിയ ഒരേക്കറിലാണ് 2.6 കോടി മുടക്കി സർക്കാർ മ്യൂസിയം നിർമിച്ചിരിക്കുന്നത്. ഐക്യകേരളത്തിന് ഊടും പാവും നെയ്യുന്നതിൽ നിർണായകമായിരുന്നു മലബാർ കുടിയേറ്റം. അതിസാഹസികമായി കുടിയേറ്റജനത മലബാറിനെ പുനർനിർമിച്ചു. നാനാജാതി മതസ്ഥരായ കുടിയേറ്റ ജനതയുടെ നേതാവും നായകനും ഉപദേശകനും ശുശ്രൂഷകനുമായി അവരോടൊപ്പം നിലകൊണ്ട മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി എന്തുകൊണ്ടും ഇത്തരമൊരു സ്മാരകത്തിന് അർഹനാണ്. തലശേരി രൂപതതന്നെ ഈ കുടിയേറ്റത്തിന്റെ സദ്ഫലമാണ്.
മലബാറിന്റെ വികസനത്തിലും വളർച്ചയിലും തലശേരി അതിരൂപതയുടെ പങ്ക് ആർക്കും നിഷേധിക്കാനാവില്ല. സർവരാലും ആദരിക്കപ്പെട്ടിരുന്ന മാർ വള്ളോപ്പിള്ളി കേരളത്തിലെ മദ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികൂടിയായിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കെ.സി. ജോസഫാണ് മ്യൂസിയത്തിന്റെ സ്ഥാപനത്തിന് മുൻകൈയെടുത്തത്. ഇപ്പോഴത്തെ എംഎൽഎ സജീവ് ജോസഫും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മ്യൂസിയം പൂർത്തിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു.