International
വാഷിംഗ്ടൺ: അമേരിക്കയുടെയും ഇസ്രയേലിന്റെയും നേതൃത്വത്തിൽ ഇറാനിൽ സംയുക്ത ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എട്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിലൂടെയാണ് ലോകത്തെ ഞെട്ടിച്ച ഈ സുപ്രധാന വിവരം അദ്ദേഹം പങ്കുവെച്ചത്.
അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും ഭീഷണികളെ പ്രതിരോധിക്കാനുമാണ് ഈ സൈനിക നീക്കം. ആക്രമണം അനിവാര്യമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇറാനിൽ അമേരിക്കൻ ഇസ്രയേൽ സൈന്യം വലിയ തോതിലുള്ള സംയുക്ത ആക്രമണം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ നാവികസേനയേയും മിസൈൽ കേന്ദ്രങ്ങളേയും തകർക്കും. യുഎസിനെ ലക്ഷ്യമിട്ട് ദീർഘദൂര മിസൈൽ ഇറാൻ നിർമിക്കാൻ ശ്രമിച്ചു. ചെയ്യരുതെന്ന് പലതവണ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം സ്വന്തമാക്കില്ലെന്ന് അമേരിക്ക ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ സായുധസേനയുടെ ശക്തിയെ ആരും വെല്ലുവിളിക്കരുതെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഈ നടപടി അനിവാര്യമായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
ആക്രമണങ്ങളിൽ ഭയമില്ലെന്നും ഇപ്പോഴത്തെ സംഭവങ്ങളുടെ അന്ത്യം ഇസ്രയേലിന്റെ കൈകളിലായിരിക്കില്ലെന്നും ഇറാന്റെ മുന്നറിയിപ്പിൽ പറയുന്നു.
NRI
വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ ആദ്യ വർഷം പൂർത്തിയാകുമ്പോൾ ഭൂരിഭാഗം ഇന്ത്യൻ വംശജരും ഭരണകൂടത്തിന്റെ നയങ്ങളിൽ അതൃപ്തരാണെന്ന് റിപ്പോർട്ട്.
കാർണഗി എൻഡോവ്മെന്റ് ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ "2026 ഇന്ത്യൻ അമേരിക്കൻ ആറ്റിറ്റ്യൂഡ് സർവേ' പ്രകാരമാണ് ഈ കണ്ടെത്തൽ.
29 ശതമാനം ഇന്ത്യൻ വംശജർ മാത്രമാണ് ട്രംപിന്റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തിയത്. കുടിയേറ്റ നയത്തെ 64 ശതമാനം പേരും സാമ്പത്തിക നയം 68 ശതമാനം പേരും വ്യാപാര തീരുവകൾ 70 ശതമാനം പേരും കടുത്ത വിയോജ് രേഖപ്പെടുത്തി.
ഭരണകൂടം ഉഭയകക്ഷി ബന്ധം കൈകാര്യം ചെയ്യുന്ന രീതിയെ 55 ശതമാനം പേർ എതിർക്കുന്നു. ഡെമോക്രാറ്റിക് പാർട്ടിയോടുള്ള ആഭിമുഖ്യം 46 ശതമാനമായി കുറഞ്ഞു. റിപ്പബ്ലിക്കൻ അനുഭാവം 19 ശതമാനമായും സ്വതന്ത്ര നിലപാടുകാർ 29 ശതമാനമായും ഉയർന്നു.
വിലക്കയറ്റം 21 ശതമാനം, തൊഴിലില്ലായ്മ 17 ശതമാനം എന്നിവയാണ് ഈ സമൂഹത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങൾ. പകുതിയോളം ഇന്ത്യൻ അമേരിക്കക്കാർ നിറത്തിന്റെയോ വംശത്തിന്റെയോ പേരിൽ വിവേചനം അനുഭവിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.
സോഷ്യൽ മീഡിയയിൽ ഇന്ത്യ വിരുദ്ധ ഉള്ളടക്കങ്ങൾ വർധിക്കുന്നത് മൂന്നിലൊന്ന് ആളുകളെയും രാഷ്ട്രീയ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നു. എങ്കിലും, ഭൂരിഭാഗം പേരും തൊഴിലിനായി ഇപ്പോഴും അമേരിക്കയെത്തന്നെയാണ് ശുപാർശ ചെയ്യുന്നത്.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ മതപരമായ പരാമർശങ്ങൾ ന്യൂനപക്ഷ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നതായും സർവേ ചൂണ്ടിക്കാട്ടുന്നു. 1,000 പേരിലായി നടത്തിയ ഈ പഠനത്തിൽ സുമിത്രാ ബദ്രിനാഥൻ, ദേവേഷ് കപൂർ തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
International
ടെൽഅവീവ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎസ് പടക്കപ്പലുകൾ അറബിക്കടലിൽ നങ്കൂരമിട്ടു. പശ്ചിമേഷ്യ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനിക്കപ്പലടങ്ങുന്ന വമ്പൻ സൈനിക വ്യൂഹം നീങ്ങുന്നതിന് പിന്നാലെയാണ് പുതിയ നീക്കം.
യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാന വാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ സുരക്ഷിതമാക്കാൻ നീക്കം ആരംഭിച്ചു. അമേരക്കയ്ക്ക് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.
ഇറാന്റെ സ്വന്തം ഡ്രോൺ കാരിയറായ ഷാഹിദ് ബഗേരി ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. അതേസമയം ഇറാന്റെ ആണവ നിലയങ്ങളിൽ കമാൻഡോ ഓപ്പറേഷൻ ഉൾപ്പെടെയുള്ള വിപുലമായ സൈനിക നീക്കങ്ങൾ യുഎസ് പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
International
ഒട്ടാവ: അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. കാനഡയും അമേരിക്കയും തമ്മിൽ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്.
എന്നാൽ അമേരിക്ക കാരണം മാത്രമല്ല കാനഡ നിലനിൽക്കുന്നത്. കാനഡ മുന്നേറുന്നത് ഞങ്ങൾ കാനഡക്കാരായതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യുബെക് സിറ്റിയിൽ പുതിയ സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ അഭിസംബോധനയിലാണ് കാർണി നിലപാട് വ്യക്തമാക്കിയത്.
ആഗോള തലത്തിൽ കാർണിയുടെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. പ്രസംഗത്തിൽ ട്രംപിനെ നേരിട്ട് പേരെടുത്ത് വിമർശിച്ചില്ലെങ്കിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ഭരണ സംവിധാനത്തിന് വലിയ ഭംഗം നേരിടുകയാണെന്ന് കാർണി ചൂണ്ടിക്കാട്ടിയിരുന്നു.
International
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന ബോർഡിൽ ചേരാൻ ഇന്ത്യയെ അമേരിക്ക ക്ഷണിച്ചതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇന്ത്യയ്ക്ക് ക്ഷണം കിട്ടിയ വിവരം റിപ്പോർട്ട് ചെയ്തത്.
ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കന് പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നിർണായകമായ ഘട്ടമെന്ന് വ്യക്തമാക്കിയായിരുന്നു ഡോണൾഡ് ട്രംപ് നേരത്തെ സമാധാന ബോർഡ് രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇന്ത്യയ്ക്ക് പുറമെ ജോർദാൻ, ഗ്രീസ്, സൈപ്രസ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെയും സമാധാന ബോർഡിൽ ചേരാനായി അമേരിക്ക ക്ഷണിച്ചതായി അസോയിയേറ്റഡ് പ്രസും റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, കാനഡ, തുർക്കി, ഈജിപ്ത്, പരാഗ്വേ, അർജന്റീന, അൽബേനിയ തുടങ്ങിയ രാജ്യങ്ങളെ ക്ഷണിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗാസയിലെ സമാധാന ബോർഡിൽ അംഗമാകാൻ എത്രരാജ്യങ്ങളെയാണ് ക്ഷണിച്ചിരിക്കുന്നതെന്നതിൽ വ്യക്തതയില്ല.
Kerala
വാഷിംഗ്ടൺ: സമാധാനപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തിയെന്ന് ആരോപിച്ച് ഇറാന്റെ ഉദ്യോഗസ്ഥർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ഇതോടൊപ്പം ഇറാനിലെ സാമ്പത്തിക ശൃംഖലകൾക്കുമെതിരെയും ഉപരോധം ഏർപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധങ്ങൾ അക്രമാസക്തമായ രീതിയിൽ അടിച്ചമർത്തുകയും കോടിക്കണക്കിന് എണ്ണ വരുമാനം വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടപടികൾ പ്രഖ്യാപിച്ചത്.
ഉപരോധം നേരിടുന്നവരിൽ ഇറാന്റെ ദേശീയ സുരക്ഷക്കായുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഉൾപ്പെടുന്നുണ്ട്. അടിച്ചമർത്തൽ ഏകോപിപ്പിച്ചതായും പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗത്തിന് ആഹ്വാനം ചെയ്തതുമായുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനുമേലുള്ളത്.
ലോറെസ്റ്റാൻ, ഫാർസ് പ്രവിശ്യകളിലെ അടിച്ചമർത്തലിൽ പങ്കെടുത്തതിന് ഇറാന്റെ ലോ എൻഫോഴ്സ്മെന്റ് ഫോഴ്സിന്റെയും റെവല്യൂഷണറി ഗാർഡിന്റെയും നാല് പ്രാദേശിക കമാൻഡർമാർക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി സമാധാന നൊബേൽ ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ. വൈറ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വെനസ്വലേൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം തട്ടിക്കൊണ്ടുവന്ന് ജയിലിലടച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച മികച്ചതായിരുന്നു എന്ന് മച്ചാഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ചർച്ച എന്തിനെ കുറിച്ചായിരുന്നുവെന്ന് മച്ചാഡോ പ്രതികരിച്ചില്ല.
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. മഡുറോയെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും മരിയ നേതൃത്വം നല്കുന്ന പ്രതിപക്ഷത്തെ വെനസ്വേലൻ ഭരണം ഏല്പിക്കാൻ ട്രംപ് തയാറായില്ല.
NRI
ന്യൂയോർക്ക്: അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ചതുരംഗക്കളത്തിൽ വാഷിംഗ്ടണിന്റെ തന്ത്രങ്ങൾ എപ്പോഴും കൃത്യമായ ലക്ഷ്യബോധത്തോടെയുള്ളതാണ്. എന്നാൽ, സമീപകാലത്ത് ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽ അമേരിക്കയ്ക്ക് നേരിടേണ്ടി വന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്.
ഒരു അമേരിക്കൻ നിരീക്ഷകൻ എന്ന നിലയിൽ ഈ സംഭവവികാസങ്ങളെ വിലയിരുത്തുമ്പോൾ, ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളിലെ അസാധാരണമായ ആർജവം എനിക്ക് ശ്രദ്ധയിൽ പെടുകയും ചെയ്തു.
ട്രംപ് ഭരണകൂടത്തിന്റെ യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് വെളിപ്പെടുത്തിയ "മൂന്ന് വെള്ളിയാഴ്ചകളുടെ ഡെഡ്ലൈൻ' നയതന്ത്രം വാഷിംഗ്ടണിന്റെ പതിവ് രീതിതന്നെയായിരുന്നു.
മറ്റ് പല രാജ്യങ്ങളും ഇത്തരം സമയപരിധികൾക്ക് മുന്നിൽ വഴങ്ങാറുണ്ടെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ അക്ഷരാർഥത്തിൽ അമേരിക്കയെ അമ്പരപ്പിക്കുകയാണുണ്ടായത്.
അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ സമ്മർദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ കാണിച്ച ആ ചങ്കൂറ്റം ആധുനിക നയതന്ത്രത്തിലെ അപൂർവമായ കാഴ്ചയാണ്.
പ്രസിഡന്റ് ട്രംപിനെ വിളിച്ച് കരാറിന് സമ്മതം മൂളണമെന്ന നിർദ്ദേശം അവഗണിച്ചതിലൂടെ, തങ്ങൾ ആരുടെയും ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു വിപണി മാത്രമല്ലെന്ന് ഇന്ത്യ തെളിയിച്ചു. ഇത് കേവലം ഒരു വാണിജ്യ തീരുമാനമായിരുന്നില്ല, മറിച്ച് ഒരു പുതിയ ലോകശക്തിയുടെ ഉദയമായിട്ടാണ് ഞാൻ കാണുന്നത്.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് നിയന്ത്രണമില്ലാത്ത പ്രവേശനം അനുവദിക്കുന്നത് ഇന്ത്യയിലെ കോടിക്കണക്കിന് കർഷകരെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവിൽ, തന്റെ ജനതയ്ക്ക് ചുറ്റും ഒരു "സംരക്ഷണ ഭിത്തി' തീർക്കാൻ മോദി തയാറായി.
തന്റെ രാഷ്ട്രീയ പ്രതിച്ഛായയെപ്പോലും പണയപ്പെടുത്തിക്കൊണ്ട് ദേശീയ താത്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള അദ്ദേഹത്തിന്റെ തീരുമാനം ട്രംപിന്റെ അമേരിക്ക ഫസ്റ്റ് എന്നത് പോലെ തന്നെ ശക്തമായ ഒരു നിലപാട് തന്നെയാണ്
തന്ത്രപരമായ സ്വയംഭരണം എന്ന സിദ്ധാന്തം ഇന്ത്യ എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ജപ്പാനോ ബ്രിട്ടനോ വിയറ്റ്നാമോ പിന്തുടരുന്ന പാതയിലല്ല ഇന്ത്യ സഞ്ചരിക്കുന്നത് എന്ന് ലുട്നിക്കിന്റെ വാക്കുകൾ അടിവരയിടുന്നു.
അമേരിക്കയുമായി തർക്കം നിലനിൽക്കെത്തന്നെ ബ്രിട്ടനുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ട ഇന്ത്യയുടെ നീക്കം, അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങൾക്ക് ആഗോളതലത്തിൽ മറ്റ് പകരക്കാരുണ്ടെന്ന കൃത്യമായ സന്ദേശമാണ് വാഷിംഗ്ടണിന് നൽകിയത്.
ഇത്തരം നിലപാടുകൾ ഒരു ഉപഭോക്തൃ രാജ്യത്തിന്റെ നിസഹായതയല്ല, മറിച്ച് ഒരു സൂപ്പർ പവറിന്റെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. ആഭ്യന്തരമായ ഊർജ സുരക്ഷയും തദ്ദേശീയ വ്യവസായങ്ങളുടെ വളർച്ചയും മുൻനിർത്തി ഇന്ത്യ എടുത്ത ഈ കടുത്ത തീരുമാനങ്ങൾ, ആഗോള ക്രമത്തിൽ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിച്ചിരിക്കുകയാണ്.
അമേരിക്കൻ ഭരണകൂടം ഈ നിലപാടുകളെ തുടക്കത്തിൽ അതൃപ്തിയോടെ കണ്ടിട്ടുണ്ടാകാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബഹുമാനം വർധിപ്പിക്കുകയേയുള്ളൂ.
നിബന്ധനകൾ അടിച്ചേൽപ്പിക്കാവുന്ന ഒരു പങ്കാളിയല്ല, മറിച്ച് തുല്യനിലയിൽ ചർച്ച നടത്തേണ്ട ഒരു കരുത്തനായ സുഹൃത്താണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസിന് ഇപ്പോൾ വ്യക്തമായി മനസിലായി കാണും.
വാഷിംഗ്ടണിലെ അധികാര ഇടനാഴികളിൽ ഇന്ത്യയുടെ ഈ "ബോൾഡ്' നിലപാടുകൾ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സ്വന്തം രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ താത്പര്യവും സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയാറുള്ള ഒരു നേതൃത്വം ഇന്ത്യയെ നയിക്കുന്നത് ആ രാജ്യത്തിന് മാത്രമല്ല, ലോകക്രമത്തിന് തന്നെയും പുതിയൊരു പാഠമാണ് നൽകുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: ഡെന്മാർക്കിലെ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സൈനിക നടപടിയിലേക്കെന്ന് റിപ്പോർട്ട്. സൈനിക നടപടി ഉൾപ്പെടെയുള്ള നീക്കങ്ങൾ ട്രംപ് പരിഗണിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഗ്രീൻലാൻഡ് അനിവാര്യമാണെന്നും അറിയിപ്പിലുണ്ട്.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ട്രംപിന്റെ മോഹത്തിനെതിരേ യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണു വൈറ്റ്ഹൗസ് ഇക്കാര്യം പറഞ്ഞത്. ഉത്തരധ്രുവത്തിൽ തന്ത്രപ്രധാന സ്ഥാനത്ത് പ്രകൃതിവിഭവങ്ങളാൽ സന്പന്നമായ ഗ്രീൻലാൻഡിനെ അമേരിക്കയോടു കൂട്ടിച്ചേർക്കാനുള്ള ആഗ്രഹം ട്രംപ് പലവട്ടം പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാൽ, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയതിനു പിന്നാലെ അദ്ദേഹം ഗ്രീൻലാൻഡ് മോഹം ആവർത്തിച്ചത് യൂറോപ്യൻ നേതൃത്വത്തെ ഒന്നാകെ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഗ്രീൻലാൻഡിനായി അമേരിക്ക സൈന്യത്തെ ഇറക്കുന്നത് പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയുടെ തകർച്ചയ്ക്കു വഴിവയ്ക്കുമെന്നു ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെറഡിക്സൺ മുന്നറിയിപ്പു നല്കിയിരുന്നു.
അമേരിക്ക നേതൃത്വം നല്കുന്ന പാശ്ചാത്യ സൈനിക കൂട്ടായ്മയായ നാറ്റോയിലെ അംഗമാണു ഡെന്മാർക്ക്. ഏതെങ്കിലും അംഗരാജ്യം ആക്രമണം നേരിട്ടാൽ ഒത്തൊരുമിച്ചു പ്രതിരോധിക്കുക എന്ന തത്വത്തിലാണു നാറ്റോ നിലനിൽക്കുന്നത്.
ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പ്രധാന വിദേശനയ ലക്ഷ്യങ്ങളിൽ ഒന്നാണെന്നാണു വൈറ്റ് ഹൗസ് ചൊവ്വാഴ്ച അറിയിച്ചത്; അതിനായി ഡെന്മാർക്കിൽ സൈനിക നടപടിക്കു മടിക്കില്ലെന്നും.
അതേസമയം, ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങാനുള്ള പദ്ധതിയും ട്രംപിന്റെ പരിഗണനയിലുണ്ടെന്നാണു റിപ്പോർട്ട്. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞദിവസം ഇക്കാര്യം കോൺഗ്രസ് അംഗങ്ങളെ അറിയിച്ചതായി സൂചനയുണ്ട്.
International
വാഷിംഗ്ടൺ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സെലെൻസ്കിയുമായി ഡോണൾഡ് ട്രംപ് ഉടൻ കൂടിക്കാഴ്ച നടത്തും. ഫ്ലോറിഡയിലെ ട്രംപിന്റെ വസതിയിലാണ് ലോകം ഉറ്റുനോക്കുന്ന കൂടിക്കാഴ്ച നടക്കുക. ഇതിനുശേഷം യൂറോപ്യൻ നേതാക്കളുമായും സെലൻസ്കി ചർച്ച നടത്തും.
മൂന്ന് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുത്തുനടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ഭാഗമാണ് സെലൻസ്കിയുമായുള്ള ചർച്ച. യുദ്ധം അവസാനിപ്പിക്കാൻ നിരവധി തവണ ചർച്ചകൾ നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.
സമാധാന പദ്ധതി ട്രംപ് മുന്നോട്ടുവച്ചെങ്കിലും യുക്രെയ്നും റഷ്യയും അംഗീകരിച്ചിരുന്നില്ല. റഷ്യ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി സെലെൻസ്കി പറഞ്ഞത്. വെള്ളിയാഴ്ച രാത്രി റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള നേതാവാണ് ട്രംപ്. അതുകൊണ്ടുതന്നെ ഇരുപക്ഷത്തെയും സമാധാനത്തിലേക്ക് കൊണ്ടുവരാൻ ട്രംപിന് കഴിയുമെന്ന് അദ്ദേഹത്തിന്റെ അനുയായികൾ അവകാശപ്പെടുന്നു. എന്നാൽ യുക്രെയ്ന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ള ഒരു പരിഹാരമാണ് സെലൻസ്കി ലക്ഷ്യമിടുന്നത്.
NRI
വാഷിംഗ്ടൺ ഡിസി: 20 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് സഹായകരമാകുന്ന ഒബാമകെയർ നികുതി ഇളവുകൾ (സബ്സിഡികൾ) ഡിസംബർ 31ന് കാലാവധി തീരുന്നതോടെ നീട്ടിനൽകേണ്ടതില്ലെന്ന നിലപാടിലേക്ക് റിപ്പബ്ലിക്കൻ നേതാക്കൾ നീങ്ങുന്നു.
ഇൻഷുറൻസ് കമ്പനികൾക്ക് പണം നൽകുന്നതിന് പകരം ജനങ്ങൾക്ക് പണം നൽകണം എന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട്. എന്നാൽ, സബ്സിഡി നിർത്തലാക്കുന്നത് രാഷ്ട്രീയപരമായി തിരിച്ചടിയാകുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആശങ്കപ്പെടുന്നു.
ഇക്കാര്യത്തിൽ ഒരു ആരോഗ്യ പരിപാലന നിയമനിർമാണം കൊണ്ടുവരാൻ സ്പീക്കർ മൈക്ക് ജോൺസൺ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തമായ ഒരു സമവായത്തിൽ എത്തിയിട്ടില്ല.
NRI
വാഷിംഗ്ടൺ ഡിസി: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുറത്താക്കാൻ ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ നിഷേധിച്ച് വൈറ്റ് ഹൗസ്. കാഷ് പട്ടേലിനെ ട്രംപ് പദവിയിൽ നീക്കം ചെയ്യാൻ ആലോചിക്കുന്നു എന്ന് അജ്ഞാത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് വന്നത്.
എന്നാൽ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വിവരം തികച്ചും തെറ്റാണ് എന്ന് പ്രതികരിച്ചു. കാഷ് പട്ടേലിനെ പുറത്താക്കാൻ ആലോചിക്കുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും ട്രംപ് വ്യക്തമാക്കി.
നേരത്തെ, കാഷ് പട്ടേലിന്റെ പ്രവർത്തനങ്ങൾ മുമ്പ് വിവാദമായിരുന്നു. സ്വകാര്യ യാത്രകൾക്ക് സർക്കാർ വിമാനം ഉപയോഗിച്ചതിനും കാമുകിക്ക് സുരക്ഷ നൽകാൻ എഫ്ബിഐ സ്വാറ്റ് ടീമിനെ ഉപയോഗിച്ചതിനും അദ്ദേഹം ചോദ്യം നേരിട്ടിരുന്നു.
കൂടാതെ, എഫ്ബിഐ ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി പിരിച്ചുവിട്ടുവെന്ന ആരോപണത്തിൽ കാഷ് പട്ടേൽ ഫെഡറൽ കേസും നേരിടുന്നുണ്ട്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിൽ റീഡിസ്ട്രിക്ടിംഗ് മാപ്പുകൾ നടപ്പിലാക്കി റിപ്പബ്ലിക്കനുകൾക്കു ഭൂരിപക്ഷം ഉറപ്പാക്കുന്ന ജനപ്രതിനിധി സഭകൾ കൂടുതൽ സൃഷ്ടിക്കുവാൻ നടക്കുന്ന ശ്രമം വിജയിക്കുവാൻ ഇടയില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിൽ സ്പീക്കർ മൈക്ക് ജോൺസണിന്റെ അവകാശവാദങ്ങൾ പൊളിയുകയാണെന്നു വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്പീക്കർ നടത്തുന്നത് പൊള്ളയായ അവകാശവാദങ്ങളാണെന്നു ഇവർ പറയുന്നു.
റിപ്പബ്ലിക്കനുകൾക്ക് സ്വാധീനമുള്ള "റെഡ്' ഡിസ്ട്രിക്ടുകളുടെ അതിർത്തിമാറ്റി വരച്ചാൽ ഇവരുടെ സ്വാധീനം കൂടുമെന്നാണ് നിഗമനം. ടെക്സസ് സംസ്ഥാനത്താണ് ഇതാദ്യം പരീക്ഷിച്ചു നോക്കിയത്. ഫലം എന്താകുമെന്ന് അറിയാൻ അടുത്ത വർഷം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾ വരെ കാത്തിരിക്കണം.
സ്പീക്കർ ജോൺസൻ സാധരണയായി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി "തനിക്കറിയില്ല' എന്ന ഒഴിഞ്ഞു മാറൽ നയത്തിലാണ് നൽകുന്നത് എന്ന് വിമർശകർ ആരോപിക്കാറുണ്ട്. ഇക്കാര്യത്തിലും ട്രംപ് നിയോജകമണ്ഡലങ്ങളുടെ അതിർത്തികൾ പുനഃ സൃഷ്ടിക്കുകയാണോ എന്ന ചോദ്യത്തിനും തനിക്കു അറിയില്ല, ഇക്കാര്യത്തിൽ താൻ നേരിട്ടു് ഇടപെടാറില്ല എന്ന മറുപടിയാണ് എന്ന മറുപടിയാണ് ജോൺസണ് ഉള്ളത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇപ്പോൾ ഇന്ത്യാനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റ് പ്രൊ ടെംപോർ റോഡ്രിക് ബ്രേയ്, ഒരു തുറന്നു പറച്ചിലിൽ തന്റെ സ്റ്റേറ്റിലെ പൊളിറ്റിക്കൽ മാപ്പുകൾ വളരെ വേഗം റീ ഡ്രാ ചെയ്യാൻ ജോൺസൺ ഇടപെട്ടു, തന്റെ മേൽ സമ്മർദം ചെലുത്തിയതായി പറഞ്ഞു. ഇയാൾ ഡെമോക്രറ്റാണ്. റിപ്പബ്ലിക്കന്മാർക്കു വേണ്ടി സ്പീക്കർ ഇടപെട്ടതായാണ് ഇയാളുടെ ആരോപണം.
ട്രംപ് നടപ്പിലാക്കാൻ ആവശ്യപ്പെടുന്ന പദ്ധതിയിൽ ഇന്ത്യാന റിപ്പബ്ലിക്കനുകൾ സംസ്ഥാനത്തെ ഒൻപതു ജനപ്രതിനിധി മണ്ഡലങ്ങളും റീമാപ് ചെയ്തു അടുത്ത വർഷം രണ്ടു സീറ്റുകൾ കൂടി അധികം നേടണം. ഈ പദ്ധതിയുമായി മുന്നോട്ടു പോകാൻ തനിക്കു താത്പര്യമില്ലെന്ന് ബ്രേയ് പറയുന്നു.
ഇതിനർഥം ട്രംപിന് ഒരു എക്സ്ട്രാ സീറ്റും നൽകാതിരിക്കുക എന്നാണ്. റീഡിസ്ട്രിക്ടിങ് വളരെ മുൻപേ നടത്തിയ ടെക്സസിൽ പോലും റിപ്പബ്ലിക്കൻ പാർട്ടിക്ക് അധികം സീറ്റുകൾ ലഭിക്കുമോ എന്ന് സംശയമാണെന്നു ബ്രേയ് പറയുന്നു.
ഫെഡറൽ ജഡ്ജസിന്റെ ഒരു പാനൽ (ട്രംപ് നിയമിച്ച രണ്ടു പേർ ഉൾപ്പടെ) ടെക്സസിന്റെ സിഗ്നേചർ നിയമമായി അറിയപ്പെടുന്ന 'റിപ്പബ്ലിക്കൻ ഫ്രണ്ട്ലി മാപ്പുകൾ' നില നിൽക്കില്ലെന്നു വിധിച്ചു. ഇതിനു മണിക്കൂറുകൾക്കു ശേഷം തന്നെ ജോൺസൻ ഫോൺ ചെയ്തു എന്ന് ബ്രേയ് പറഞ്ഞു.
'തങ്ങൾ തമ്മിൽ നടത്തിയ സംഭാഷണം നന്നായിരുന്നു, സൃഷ്ടിപരവും ആയിരുന്നു' എന്ന് ബ്രേയ് 'പൊളിറ്റിക്ക'യോട് പറഞ്ഞു. എന്നാൽ പ്രതികരണം ആരാഞ്ഞു തന്നെ വിളിച്ച മാധ്യമങ്ങളോട് ജോൺസൻ സംസാരിക്കാൻ തയാറായായില്ല . ജോൺസൻ ബ്രെയുടെ അഭിപ്രായത്തോട് യോജിച്ചുവോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തർക്ക് മറുപടി ലഭിച്ചില്ല. പുതിയ മാപ് ഉണ്ടാക്കുന്നതിൽ ഇന്ത്യാനയ്ക്കുള്ള എതിർപ്പു ട്രംപ് ഓൺലൈനിൽ വിമർശിക്കാറുണ്ടെങ്കിലും ബ്രെയ് പ്രതികരിക്കാറില്ല.
ഒക്ടോബറിൽ ഇന്ത്യാന ഗവർണർ ഒരു പ്രത്യേക സെഷൻ വിളിച്ചു കൂട്ടിയിരുന്നു. ഉദ്ദേശം ട്രംപ് ആവശ്യപ്പെട്ടത് പോലെ സ്റ്റേറ്റ് മാപ്പുകൾ റീ ഡ്രാ ചെയ്യുന്ന വിഷയം ചർച്ച ചെയ്യുക ആയിരുന്നു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പല തവണ ഇന്ത്യാന സന്ദർശിച്ചതും ഇതിനു വേണ്ടി ആയിരുന്നു. 2024 ലെ തെരഞ്ഞെടുപ്പിൽ ട്രംപ് ഇന്ത്യാനയിൽ വിജയിച്ചത് 36 പോയിന്റുകൾക്കായിരുന്നു.
ബ്രേയ് നവംബർ 14നു ഈ പ്ലാനിന് വിജയിക്കുവാൻ ആവശ്യമായ വോട്ടുകൾ ലഭിച്ചില്ല എന്നറിയിച്ചു. എട്ട് റിപ്പബ്ലിക്കനുകൾ വോട്ടിംഗിൽ മറുകണ്ടം ചാടിയതാണ് കാരണം. ഒരു പ്രസ്താവനയിൽ ബ്രേയ് താനും തന്റെ കോക്കസും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കനുകൾ നിയന്ത്രിക്കുന്ന ഒരു സംസ്ഥാനമാണ് ആഗ്രഹിക്കുന്നത്, എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് ഒരു മാറ്റം അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞു.
താൻ ട്രാമ്പുമായി സംസാരിച്ചുവെന്നും പിന്തുണ അറിയിച്ചുവെന്നും എന്നാൽ അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് ഒരു മാറ്റം ഉണ്ടാകുന്നതിനോട് യോജിക്കുവാൻ കഴിയില്ല എന്നും പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസിലെ ഭരണ സ്തംപനം താത്കാലികമായി അവസാനിച്ചെങ്കിലും നിലച്ചു പോയ പല പദ്ധതികളും തുടർന്ന് നൽകാനുള്ള ചില ഫണ്ടിംഗുകളുടെ കാര്യത്തിൽ ഒരു തീരുമാനമാകുക എപ്പോഴാണെന്ന് പറയാനാവുന്നില്ല.
പ്രത്യേകിച്ച് സ്നാപ്പ് ഫണ്ടിംഗ് പോലെ കോടതിക്ക് മുൻപിലുള്ള പ്രശ്നങ്ങളിൽ തുടർന്നെന്താണ് എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. നാല് ബില്യൺ ഡോളർ ആവശ്യമായ സ്നാപ്പ് ഫണ്ടിംഗ് തുടർന്ന് നൽകുവാൻ സമയം വേണം എന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഫണ്ടിംഗ് താത്കാലികമായി മരവിപ്പിച്ചിരുന്നു.
ഇതിനെതിരേ സുപ്രീം കോടതിയുടെ വിധി ഉണ്ടായി. ഭരണകൂടത്തിന്റെ ഈ തീരുമാനം മരവിപ്പിച്ചു. മറ്റൊരു ഫെഡറൽ ഗവൺമെന്റ് അപ്പീലിൽ സുപ്രീം കോടതി ഈ വിധി തത്കാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഭരണസ്തംപനം അവസാനിച്ചപ്പോൾ ഉടനെ തന്നെ സ്നാപ്പ് തുടരുവാൻ കോടതി വിധിച്ചു.
തുടർന്ന് ഈ വർഷാവസാനം വരെയുള്ള മുഴുവൻ ഫണ്ടിംഗും വിതരണം ചെയ്യുവാൻ ഫെഡറൽ ഗവൺമെന്റിനോട് കോടതി നിർദേശിച്ചു. ഫുൾ ഫണ്ടിംഗ് ഇരു സഭകളും അംഗീകരിക്കുകയും പ്രസിഡന്റ് ഒപ്പു വയ്ക്കുകയും ചെയ്താൽ ഉടനെ തന്നെ വർഷാവസാനം വരെയുള്ള ഫണ്ടുകൾ വിതരണം ചെയ്യണം എന്ന് കോടതി വിധിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ വിഷയം ആദ്യമായി കോടതിയുടെ മുൻപാകെ എത്തിയത്. റോഡ് ഐലൻഡിലെ ഒരു സുപ്രീം കോടതി ജഡ്ജിയോട് ഈ വിഷയത്തിൽ വിധി ആരാഞ്ഞു ഫെഡറൽ ഗവൺമെന്റ് ഒരു ഹർജി ഫയൽ ചെയ്തതാണ് ആദ്യമായി ഉണ്ടായത്. യുഎസ് ഡിസ്ട്രിക്ട് ജഡ്ജ് ജോൺ ജെ. മെക്കോണേൽ ജൂനിയർ നൽകിയ വിധി നീതി ന്യായ വ്യവഹാര ചരിത്രത്തിൽ ആദ്യമായി ഉണ്ടായതാണ്.
ഇത് സെപറേഷൻ ഓഫ് പവേഴ്സിന്റെ ഒരു ഫലിതമായി ആണ് കാണേണ്ടത്. 38 ദിവസം നീണ്ട ഭരണസ്തംപനം വരുത്തി വച്ച ഫണ്ടിംഗ് ലാപ്സായിരുന്നു ഇത്. കോൺഗ്രസ് ഇടക്കിടെ വരുത്തുന്ന കൃത്യ വിലോപനത്തിന്റെ ഉദാഹരണമായിരുന്നു ഇത്. കോൺഗ്രസിന്റെ ഒരു നടപടിയിലൂടെ തിരുത്താവുന്ന കൃത്യ വിലോപമായിരുന്നു എന്ന് യുഎസ് സോളിസിറ്റർ ജനറൽ ജോൺ ജെ മെക്കോണേൽ എഴുതി.
കോൺഗ്രസാണ് സപ്പ്ളിമെന്റൽ ന്യൂട്രിഷൻ അസ്സിസ്റ്റൻസ് പ്രോഗ്രാമിന് (സ്നാപ്പ്) ഫണ്ടിംഗ് നൽകുന്നത്. ഇത് വർഷാവസാനം വിവിധ പദ്ധതികൾക്ക് ഫണ്ടിംഗ് നൽകുമ്പോൾ ചെയ്യുന്നതാണ്. പ്രോഗ്രാമിന് 2025 സെപ്റ്റംബർ 30 വരെ (സാമ്പത്തിക വർഷാവസാനം വരെ) പൂർണമായും ഫണ്ടിംഗ് ചെയ്തിരുന്നു. എന്നാൽ 2025 കോടോബർ ഒന്നിനു ആരംഭിച്ച 2026 സാമ്പത്തിക വർഷത്തേക്ക് ഫണ്ടിംഗ് നടത്തിയിരുന്നില്ല.
2025 ഒക്ടോബർ 26നു യു എസ് ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ (ഈ ഡിപ്പാർട്മെന്റാണ് ഈ പദ്ധതി നിർവഹിക്കുന്നത് ) നവംബർ മാസത്തിന്റെ ആനുകൂല്യങ്ങൾ ഭരണ സ്തംപനം മൂലം നൽകാനാവില്ലെന്ന് അറിയിച്ചു.
തുടർന്ന് ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും നഗരങ്ങളും റോഡ് ഐലൻഡിലെ ഫെഡറൽ കോടതിയെ സമീപിച്ചു. ആനുകൂല്യങ്ങൾ തടയുന്നതു ഫെഡറൽ നിയമങ്ങൾക്കു വിരുദ്ധമാണെന്നു വാദിച്ചു.
ജഡ്ജ് മക്കോണലിനോട് ഈ ആനുകൂല്യങ്ങൾ നൽകാതിരിക്കുന്നത് ഫെഡറൽ നിയമത്തിനു എതിരാണെന്നും ഈ ഏജൻസി എമർജൻസി ഫണ്ടുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ നല്കാൻ വിധിക്കണമെന്നും അഭ്യർഥിച്ചു. കേസ് തുടരുകയാണ്.
NRI
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഇനി വീസ നിഷേധിക്കാനുള്ള കാരണങ്ങളായി പരിഗണിക്കാം.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ നിർദേശം അനുസരിച്ച് അത്തരം രോഗാവസ്ഥകളുള്ള വിദേശ പൗരന്മാർ ഭാവിയിൽ പൊതുചാർജായി മാറാനുള്ള സാധ്യതയുണ്ടെന്ന നിലപാടിലാണ് അധികാരികൾ. ഇത് യുഎസിന്റെ ആരോഗ്യ വിഭവങ്ങൾക്ക് അധികഭാരമാകുമെന്ന് ഭരണകൂടം വാദിക്കുന്നു.
മുമ്പ് പ്രധാനമായും സാംക്രമിക രോഗങ്ങൾക്കും വാക്സിനേഷൻ ചരിത്രത്തിനുമായിരുന്നു വീസ സ്ക്രീനിംഗ്. എന്നാൽ പുതിയ നയം ശ്വസന, ഉപാപചയ, നാഡീ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ കൂടുതൽ രോഗാവസ്ഥകളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുന്നു.
അപേക്ഷകർക്ക് അവരുടെ രോഗചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക ശേഷി തെളിയിക്കേണ്ടതുണ്ടെന്നും കുടുംബാംഗങ്ങളുടെ ആരോഗ്യാവസ്ഥയും വിലയിരുത്തലിൽ ഉൾപ്പെടുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 40 ദിവസം നീണ്ട അടച്ചിടൽ അവസാനിപ്പിക്കാൻ സെനറ്റിൽ ധാരണ. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 30 വരെ സെനറ്റ് അംഗീകരിച്ചു. ഇതിനെ എട്ടു ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണച്ചു.
സർക്കാർ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ മരവിപ്പിക്കാനും ധാരണയായി. അടച്ചിടൽ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം. തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കണം.
ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് റിപ്പോർട്ട്. അടച്ചുപൂട്ടൽ ആറാം ആഴ്ചയിലേക്ക് കടന്നതോടെ വർധിച്ചുവരുന്ന സാമ്പത്തിക, രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലാണ് കരാർ വരുന്നത്.
സൈന്യം, കോസ്റ്റ് ഗാർഡ് അംഗങ്ങൾ, പോലീസ് ഓഫീസർമാർ, ബോർഡർ പട്രോൾ സേന, ടിഎസ്എ സ്ക്രീനർമാർ, എയർ-ട്രാഫിക് കൺട്രോളർമാർ എന്നിവരുൾപ്പെടെ എല്ലാ ഫെഡറൽ ജീവനക്കാർക്കും ഈ കരാർ പ്രകാരം അവരുടെ വേതനം ലഭിക്കുമെന്ന് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ അധ്യക്ഷയായ സെനറ്റർ സൂസൻ കോളിൻസ് പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ 40 ദിവസം നീണ്ട അടച്ചിടൽ അവസാനിപ്പിക്കാൻ സെനറ്റിൽ ഒത്തുതീർപ്പ്. സർക്കാർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ധന അനുമതി ബിൽ ജനുവരി 30 വരെ സെനറ്റ് അംഗീകരിച്ചു. ഇതിനെ എട്ടു ഡെമോക്രാറ്റ് അംഗങ്ങൾ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ മരവിപ്പാക്കാനും ധാരണയായി. അടച്ചിടൽ അവസാനിക്കാൻ ഇനി ജനപ്രതിനിധി സഭ അംഗീകരിക്കണം. തുടർന്ന് പ്രസിഡന്റ് ട്രംപ് ബില്ലിൽ ഒപ്പുവയ്ക്കണം. ഈ ആഴ്ച തന്നെ അതുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
അടച്ചുപൂട്ടൽ ആറാം ആഴ്ചയിലേക്ക് കടന്നതോടെ വർധിച്ചുവരുന്ന സാമ്പത്തിക, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കിടയിലാണ് ഈ കരാർ വരുന്നത്. സൈന്യം, കോസ്റ്റ് ഗാർഡ് അംഗങ്ങൾ, പോലീസ് ഓഫീസർമാർ, ബോർഡർ പട്രോൾ സേന, ടിഎസ്എ സ്ക്രീനർമാർ, എയർ-ട്രാഫിക് കൺട്രോളർമാർ എന്നിവരുൾപ്പെടെ എല്ലാ ഫെഡറൽ ജീവനക്കാർക്കും ഈ കരാർ പ്രകാരം അവരുടെ വേതനം ലഭിക്കുമെന്ന് സെനറ്റ് അപ്രോപ്രിയേഷൻസ് കമ്മിറ്റിയുടെ അധ്യക്ഷയായ സെനറ്റർ സൂസൻ കോളിൻസ് പറഞ്ഞു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശക്തമായ എതിർപ്പിനെ അതിജീവിച്ച് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിന്റെ മേയറായ സൊഹ്റാൻ മംദാനിക്ക് ഭീഷണിയുമായി ട്രംപ്. വാഷിംഗ്ടണുമായി സഹകരിച്ചില്ലെങ്കിൽ മംദാനിക്ക് ഏറെ നഷ്ടങ്ങളുണ്ടാവുമെന്നാണ് ബുധനാഴ്ച ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മംദാനിക്ക് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. വാഷിംഗ്ടണിനോട് ബഹുമാനം പുലർത്തിയാൽ മാത്രമാകും ന്യൂയോർക്ക് നഗരത്തിന് വിജയകരമായ രീതിയിൽ മുന്നോട്ട് പോകാൻ ആവശ്യമായ ധനസഹായം ഉണ്ടാവൂവെന്നാണ് ട്രംപിന്റെ ഭീഷണി.
ന്യൂയോർക്കുകാർ മംദാനിയെ തെരഞ്ഞെടുത്തതോടെ അമേരിക്കയ്ക്ക് പരമാധികാരം നഷ്ടമായെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അത് നമുക്ക് കൈകാര്യം ചെയ്യാമെന്നായിരുന്നു ട്രംപ് കൂട്ടിച്ചേർത്തത്. എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിരുന്നില്ല.
NRI
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരേ ശക്തമായ വിമർശനം നടത്തി യുഎസ് സുപ്രീംകോടതി. വിവിധ ലോക രാജ്യങ്ങൾക്ക് മേൽ പകരം തീരുവ ഏർപ്പെടുത്തിയ നടപടിക്കെതിരെയാണ് കോടതി വിമർശനം ഉന്നയിച്ചത്.
പകരം തീരുവ ഏർപ്പെടുത്തിയതിന് കാരണമായി യുഎസ് ഭരണകൂടം ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാവുന്നതാണോ എന്നതിൽ സംശയമുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യ താത്പര്യം സംരക്ഷിക്കാനും അമേരിക്കയുടെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് പോകാതിരിക്കാനുമാണ് പകരം തീരുവ വിവിധ രാജ്യങ്ങൾക്ക് മേൽ ഏർപ്പെടുത്തിയത് എന്നായിരുന്നു പ്രസിഡന്റ് അഡ്മിസ്ട്രേഷന് വേണ്ടി ഹാജരായ യുഎസ് സോളിസിറ്റർ ജനറൽ ജോൺ സൗവറിന്റെ വാദം. കേസിൽ ഇപ്പോഴും കോടതിയിൽ വാദം തുടരുകയാണ്.
നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യുഎസ് കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു.
സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.
International
ന്യൂയോർക്ക്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഇന്തോ-അമേരിക്കൻ മുസ്ലിം ന്യൂയോർക്ക് സിറ്റിയുടെ മേയറായപ്പോൾ കനത്ത ക്ഷീണമായത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്.
മേയർ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ട്രംപ് മംദാനിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. മംദാനി ജയിച്ചാൽ വലിയ ദുരന്തമായിരിക്കുമെന്ന് മുന്നറിയിപ്പിന്റെ രീതിയിൽ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ ജനതയോടു പറഞ്ഞു. എന്നാൽ, ട്രംപിന്റെ വാക്കുകൾ തിരിച്ചടിച്ചപ്പോൾ സൊഹ്റാൻ മംദാനി വലിയ ജയമാണു കരസ്ഥമാക്കിയത്.
പ്രായം കുറഞ്ഞ മേയർ
34 കാരനായ മംദാനി, ന്യൂയോർക്ക് സിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും. ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തെരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. മംദാനിയുടെ വിജയം ട്രംപിന്റെ പല നടപടികളോടുമുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി
പ്രതിഫലിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. രണ്ടു ദശലക്ഷത്തിലധികം പേർ വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് ബോർഡ് അറിയിച്ചു.
സൊഹ്റാൻ മംദാനി
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി, ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരി മീര നായരുടെയും മകനാണ്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങൾ ഉഗാണ്ടയിലായിരുന്നു. പിന്നീട്, ദക്ഷിണാഫ്രിക്കയിലേക്കും തുടർന്ന് ന്യൂയോർക്ക് സിറ്റിയിലേക്കും കുടിയേറി.
ബാങ്ക് സ്ട്രീറ്റ് സ്കൂൾ ഫോർ ചിൽഡ്രനിലും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിലും പഠിച്ചു. 2014ൽ ബൗഡോയിൻ കോളജിൽനിന്ന് ആഫ്രിക്കാന സ്റ്റഡീസിൽ ബിരുദം നേടി. അവിടെ അദ്ദേഹം സ്റ്റുഡന്റസ് ഫോർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.
ആകാംക്ഷയോടെ നഗരം
മംദാനിയുടെ സ്ഥാനാർഥിത്വം പ്രത്യയശാസ്ത്രപരമായ ഭിന്നതയ്ക്കു കാരണമായി. പലസതീൻ അനുകൂല സംഘടനയുടെ വക്താവായ മംദാനി ന്യൂയോർക്കിന്റെ മേയറാകുന്നതിൽ ട്രംപ് ഉൾപ്പെടെയുള്ള വലിയ വിമർശനം ഉന്നയിച്ചിരുന്നു. ട്രംപ് ഉൾപ്പെടെയുള്ളവർ മംദാനി അമേരിക്കു വലിയ ഭീഷണിയാകുമെന്ന പ്രചാരണവും നടത്തിയിരുന്നു.
വിജയിച്ചാൽ നഗരം ഏറ്റെടുക്കുമെന്നും മംദാനിയെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയ ട്രംപിനെ, മംദാനി എങ്ങനെ നേരിടും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
International
ന്യൂഡൽഹി: പാക്കിസ്ഥാന് എയർ ടു എയർ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്-പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയൊരു ഘട്ടം കുറിക്കുന്നതിന് പിന്നാലെ പാകിസ്ഥാന് അമേരിക്കയിൽനിന്ന് എഐഎം-120 അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ ടു എയർ മിസൈലുകൾ ലഭിക്കുമെന്ന് യുഎസ് യുദ്ധ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പാകിസ്ഥാനു നൽകുന്ന മിസൈലുകളുടെ കൃത്യമായ എണ്ണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
യുഎസ് യുദ്ധവകുപ്പ് പുറപ്പെടുവിച്ച പുതിയ ആയുധക്കരാറിൽ, റേതിയോൺ നിർമിച്ച മിസൈൽ വാങ്ങുന്നവരുടെ പട്ടികയിൽ പാക്കിസ്ഥാനെയും ഉൾപ്പെടുത്തുകയായിരുന്നു. യുകെ, ജർമിനി, ഓസ്ട്രേലിയ, ജപ്പാൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കും അമേരിക്ക മിസൈൽ നൽകും. 2030 മേയിൽ മിസൈൽ കൈമാറുമെന്നാണ് റിപ്പോർട്ട്.
യുഎസ്-പാക്കിസ്ഥാൻ ബന്ധത്തിൽ ഉണ്ടായ ശ്രദ്ധേയമായ പുരോഗതിയെത്തുടർന്നാണ് മിസൈൽ നൽകാൻ ധാരണ. കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡിസിയിൽ, പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായും അസിം മുനീറുമായും യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
International
വാഷിംഗ്ടൺ : ഗാസയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയാറായെന്നാണ് കരുതുന്നു.
ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല.
ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വീഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപ് മുന്നോട്ടുവച്ച ചില ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു.
International
ന്യൂഡൽഹി: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇരുപതിന നിർദേശങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയിലെ സുസ്ഥിരമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള പ്രായോഗിക പാത എന്നാണ് നിർദേശങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
"പ്രസിഡന്റ് ട്രംപിന്റെ നിർദേശങ്ങളിൽ ബന്ധപ്പെട്ട എല്ലാവരും ഒത്തുചേരുമെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള ശ്രമത്തെ പിന്തുണയ്ക്കുമെന്നും പ്രത്യാശിക്കുന്നു' പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ഗാസയിൽ അമേരിക്ക മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അംഗീകരിച്ചിരുന്നു. ഹമാസും സമാധാന പദ്ധതി അംഗീകരിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. യുഎസിന്റെ നിർദേശം തള്ളിയാൽ ഹമാസിനെ ഇല്ലാതാക്കാൻ ഇസ്രായേലിന് പൂർണ പിന്തുണ നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിലാണ് ഗാസയിലെ വെടിനിർത്തലിനായി സമാധാന പദ്ധതി ചർച്ചയായത്.
National
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ കർഷകരുടെ താത്പര്യമാണ് മുൻഗണനയെന്നും ഇന്ത്യ ഒരിക്കലും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് നമ്മൾ വലിയ വില നൽകേണ്ടിവരുമെന്ന് തനിക്കറിയാം, താൻ അതിന് തയാറാണ്, ഇന്ത്യ അതിന് തയാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, യുഎസിന്റെയും ട്രംപിന്റെയോ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പ്രസ്താവന.
അന്തരിച്ച പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ത്രിദിന ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.