വാഷിംഗ്ടൺ: നിരുപാധികം കീഴടങ്ങുകയല്ലാതെ ഇറാന് മുന്നില്‍ മറ്റ് വഴികളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന് കീഴടങ്ങിക്കൊണ്ടുള്ള കരാറില്‍ മാത്രമെ ഇനി ഒപ്പുവയ്ക്കുകയുള്ളൂ. ചർച്ചയ്ക്കോ ഉപാധിക്കോ തയാറല്ല.
സംയുക്ത ആക്രമണം നിർത്തണമെങ്കിൽ ഇറാൻ കീഴടങ്ങണമെന്നും ട്രംപ് വ്യക്തമാക്കി. കീഴടങ്ങലിന് ശേഷം ഇറാനിൽ പുതിയ നേതൃത്വം വരികയാണെങ്കിൽ തകർന്നുപോയ സമ്പദ്വ്യവസ്ഥ പുനർനിർമിക്കും. ഇതിന് അമേരിക്കയും സഖ്യകക്ഷികളും സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു.
ഇറാനെ വീണ്ടും മഹത്തരമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതിനിടെ അമേരിക്ക യുദ്ധത്തിൽ വിജയം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ചില രാജ്യങ്ങൾ സമാധാനത്തിനായി മധ്യസ്ഥശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ അറിയിച്ചു. മേഖലയിൽ ശാശ്വതമായ സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ അന്തസും പരമാധികാരവും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Tags : iran conflict surrender donald trump