തൊടുപുഴ: ഭാരത് ഗ്യാസ് ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ നേരിടുന്ന കടുത്ത വിതരണ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് ഡീന്‍ കുര്യാക്കോസ് എംപി കത്തയച്ചു.
നിലവില്‍ ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ക്ക് ഒരു സിലിണ്ടര്‍ ലഭിച്ചതിനു ശേഷം അടുത്ത സിലിണ്ടര്‍ അനുവദിക്കുന്നതിന് 45 ദിവസത്തെ കര്‍ശന നിയന്ത്രണമാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ കുടുംബങ്ങളില്‍ 14.2 കിലോയുടെ ഒരു ഗാര്‍ഹിക സിലിണ്ടര്‍ പരമാവധി 28 ദിവസത്തിനപ്പുറം ഉപയോഗിക്കാനാകില്ല.
ഈ സാഹചര്യത്തില്‍ കമ്പനിയുടെ ദീര്‍ഘകാലത്തെ വിതരണചക്രം കാരണം ഭൂരിഭാഗം കുടുംബങ്ങളും രണ്ടാഴ്ചയിലധികം സമയം പാചകവാതകം ഇല്ലാതെ കടുത്ത പ്രതിസന്ധിയിലാവുകയാണെന്ന് എംപി ചൂണ്ടിക്കാട്ടി.
മറ്റ് പൊതുമേഖലാ എല്‍പിജി വിതരണ കമ്പനികളെല്ലാം ഉപയോക്താക്കള്‍ക്ക് 28 ദിവസത്തെ കൃത്യമായ ഇടവേളകളില്‍ റീഫില്‍ സിലിണ്ടറുകള്‍ തടസമില്ലാതെ എത്തിച്ചുനല്കുമ്പോഴാണ് ഭാരത് ഗ്യാസ് ഉപയോക്താക്കള്‍ക്ക് മാത്രം ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ഒരേ പ്രദേശത്ത് രണ്ട് കമ്പനികള്‍ രണ്ട് തരത്തില്‍ വിതരണം നടത്തുന്നത് ഉപയോക്താക്കള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
പ്രാദേശിക ബോട്ട്ലിംഗ് പ്ലാന്റുകളിലെ വിതരണ തടസങ്ങളും ഏജന്‍സികളിലെ ലോജിസ്റ്റിക്സ് പ്രശ്നങ്ങളും അടിയന്തരമായി അവലോകനം ചെയ്യണമെന്നും, ഭാരത് ഗ്യാസിന്റെ റീഫില്‍ കാലാവധി മറ്റ് കമ്പനികള്‍ക്ക് സമാനമായി 28 ദിവസമായി കുറയ്ക്കാന്‍ ഭാരത് പെട്രോളിയം കോര്പറേഷന് ലിമിറ്റഡ് മാനേജ്മെന്റിന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു.