ആലപ്പുഴ: കടൽക്ഷോഭം രൂക്ഷമായ അമ്പലപ്പുഴ താലൂക്കിലെ തീരദേശ മേഖലകളിൽ കെ.സി. വേണുഗോപാൽ എംപി, ജി. സുധാകരൻ എംഎൽഎ, ജില്ലാ കളക്ടർ ഷാജി വി. നായർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കടലാക്രമണം നേരിടുന്ന കാക്കാഴം തീരപ്രദേശത്തെ വീടുകൾ സന്ദർശിച്ച കെ.സി. വേണുഗോപാൽ എംപി, തീരവാസികൾക്ക് ആവശ്യമായ എല്ലാവിധ അടിയന്തര സഹായങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇന്നലെ രാവിലെ ജി. സുധാകരൻ എംഎൽഎയുടെ നേതൃത്വത്തിൽ കാക്കാഴം, പുറക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ സന്ദർശനം നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം. പുറക്കാട്, എഡിഎം സി. പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ്. ബിജു, തഹസിൽദാർ കെ.പി. സൂസി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തംഗം സിനിയ ഷിഹാബ്, ഗ്രാമപഞ്ചായത്തംഗം ശ്രീജ തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
കടൽക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ കുടുംബങ്ങൾക്കായി പായൽക്കുളങ്ങര ദേവീക്ഷേത്ര സദ്യാലയത്തിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 16 കുടുംബങ്ങളിലെ 56 അംഗങ്ങളാണ് ക്യാമ്പിൽ കഴിയുന്നത്.
ക്യാമ്പിലുള്ളവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, മറ്റ് അടിയന്തര വൈദ്യസഹായങ്ങൾ എന്നിവ ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.