Kerala
തിരുവനന്തപുരം: സുദീർഘമായൊരു തെരഞ്ഞെടുപ്പു പ്രസംഗമായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ നിയമസഭയിൽ നടത്തിയത്. കേരളത്തിന്റെ ചരിത്രത്തിലെ നാലാമത്തെ നീളം കൂടിയ ബജറ്റ് പ്രസംഗത്തിലൂടെ ഇടതുഭരണത്തിന്റെ മേന്മകൾ ധനമന്ത്രി വിവരിച്ചു. കേന്ദ്ര സർക്കാർ സാന്പത്തികമായി ഞെരുക്കിയതിന്റെ വിശദാംശങ്ങൾ അവതരിപ്പിച്ചു. എന്നിട്ടും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ കേരളത്തെ സാന്പത്തികമായി കരകയറ്റിയതിന്റെ കഥയും പറഞ്ഞുവച്ചു. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ ബജറ്റ് പ്രസംഗത്തിൽ 15 പേജുകളിലാണു ധനമന്ത്രി വിശദീകരിച്ചിരിക്കുന്നത്.
ഇതിനിടയിലും രണ്ടു പ്രധാന വിഷയങ്ങളിൽ നയപരമായ വ്യക്തത മന്ത്രി വരുത്തി. ഒന്ന്, പങ്കാളിത്ത പെൻഷൻ സംബന്ധിച്ചാണ്. ഇത് ഉപേക്ഷിച്ച് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സന്പ്രദായത്തിലേക്കു തിരിച്ചു പോകുമെന്ന് 2016ൽ ഇടതുപക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ പ്രകടമായ മെല്ലെപ്പോക്ക് കാണിച്ചെങ്കിലും ഒടുവിൽ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. എന്നാൽ ഉറപ്പായ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷനിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടാമതായി കെ റെയിൽ ആണ്. പുതിയ അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കെ റെയിലിനോടുള്ള പ്രിയം അവസാനിച്ചിട്ടില്ല. ഏതു പേരിലായാലും അതിവേഗ റെയിൽ പദ്ധതി കൊണ്ടുവരും എന്നുള്ള നിശ്ചയദാർഢ്യം ധനമന്ത്രിയുടെ വാക്കുകളിലും കാണാം. കെ റെയിൽ പദ്ധതി വരും കേട്ടോ എന്നതാണു തങ്ങളുടെ നിലപാട് എന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ശന്പള കമ്മീഷനെ പ്രഖ്യാപിച്ചതൊഴിച്ചാൽ കാര്യമായ പുതിയ പ്രഖ്യാപനങ്ങളൊന്നുമില്ല. പ്രഖ്യാപിച്ചതിൽ തന്നെ ഒരു ഗഡു ഡിഎ മാത്രമാണ് ഈ സർക്കാരിന്റെ കാലത്ത് പ്രതീക്ഷിക്കാനുള്ളത്. ഡിഎ കുടിശിഖയുടെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഏതായാലും ശന്പള പരിഷ്കരണ പ്രഖ്യാപനം സർക്കാർ ജീവനക്കാരെ അത്രതന്നെ സന്തോഷിപ്പിക്കുമെന്നു കരുതാൻ വയ്യ.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തദ്ദേശതെരഞ്ഞെടുപ്പിനു തൊട്ടു മുന്പു വർധിപ്പിച്ചതിനാൽ വീണ്ടുമൊരു വർധന ഉണ്ടായില്ല. എന്നാൽ ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയവരുടെയൊക്കെ ആനുകൂല്യങ്ങളിൽ വർധന വരുത്തി. അസംഘടിത വിഭാഗക്കാർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളിൽ ഒരു കോടിയോളം പേർക്ക് ഏതെങ്കിലും സാമൂഹ്യ സുരക്ഷാ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടുന്നു. അതായത് കേരളത്തിന്റെ ജനസംഖ്യയുടെ 30 ശതമാനം പേർ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. ഇതിന്റെ രാഷ്ട്രീയം സർക്കാരിനും ഇടതുപക്ഷത്തിനും നന്നായി മനസിലാകുന്നുണ്ട്.
ചുരുക്കത്തിൽ വലിയ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ഇടക്കാല ബജറ്റിന്റെ സ്പിരിറ്റിൽ ഒരു മുഴുവൻ ബജറ്റ് അവതരിപ്പിച്ചിരിക്കുകയാണു മന്ത്രി. തെരഞ്ഞെടുപ്പുകാലമായതിനാൽ ആരെയും കാര്യമായി നോവിക്കാനും പോയിട്ടില്ല.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പദ്ധതികള് പൂർത്തിയാകാത്തതിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയാണ് സതീശൻ വിമർശനം ഉന്നയിച്ചത്.
തുറമുഖത്തോടനുബന്ധിച്ചുള്ള റോഡ്, റെയിൽ ഔട്ട്റീച്ച് പദ്ധതികള് ഇതുവരെ പൂര്ത്തിയായിട്ടില്ല. 2019ൽ തന്നെ തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു. നിർമാണം തുടങ്ങി 11 വര്ഷം കഴിഞ്ഞിട്ടും വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റെയിൽ, റോഡ് ഔട്ട്റീച്ച് പൂർത്തിയാക്കാനായില്ല.
മത്സ്യത്തൊഴിലാളികള്ക്കുവേണ്ടിയുള്ള ഹാര്ബറും ഗ്രോത്ത് കോറിഡോർ തുടങ്ങാനായില്ല. എവിടെയാണ് കുറവ് സംഭവിച്ചതെന്ന് മനസിലാക്കണം. അത് കൂടി പരിഹരിച്ചുവേണം മുന്നോട്ടുപോകാൻ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിൽപ്പിയായ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, ഉമ്മൻ ചാണ്ടി തുടങ്ങി മുൻ മുഖ്യമന്ത്രിമാര് നടത്തിയ പ്രവര്ത്തനങ്ങളെയും ധനമന്ത്രി എടുത്തുപറഞ്ഞു.
Kerala
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ 21000 കോടി രൂപയുടെ പ്രത്യേക സാന്പത്തിക പാക്കേജ് നൽകണമെന്നു കേരളം. കേന്ദ്ര ബജറ്റിനു മുന്നോടിയായി സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരെ ഉൾപ്പെടുത്തി നടന്ന ബജറ്റ് കണ്സൾട്ടേഷൻ യോഗത്തിലാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ആവശ്യം ഉന്നയിച്ചത്.
ജിഎസ്ടി പുനഃക്രമീകരണവും അമേരിക്കൻ തീരുവയും സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതിയെ സാരമായി ബാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടി പുനഃക്രമീകരണം മൂലം 8,000 കോടി രൂപ വാർഷികനഷ്ടവും അമേരിക്കൻ തീരുവ മൂലം കയറ്റുമതി മേഖലയ്ക്ക് 2,500 കോടി രൂപയുടെ വാർഷികനഷ്ടവും സംഭവിച്ചു.
കടമെടുപ്പ് പരിധിയിൽ 17,000 കോടി രൂപ വെട്ടിക്കുറച്ചതും സംസ്ഥാനത്തിന്റെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന് എയിംസ്, റബറിന്റെ താങ്ങുവില 200 രൂപയിൽനിന്ന് 250 രൂപയാക്കി ഉയർത്തുക, നെല്ല് സംഭരണ പരിഷ്കരണത്തിന് 2000 കോടി രൂപ, പ്രവാസി ക്ഷേമ പദ്ധതി, വന്യമൃഗ ശല്യം പരിഹരിക്കാൻ 1000 കോടി രൂപ, ദേശീയപാത ഭൂമി ഏറ്റെടുക്കലിന് ചെലവായ 6000 കോടി രൂപ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളും കേരളം യോഗത്തിൽ ഉന്നയിച്ചു.
നാവിക അക്കാദമി, കൊച്ചിൻ ഷിപ്പ്യാർഡ്, ബ്രഹ്മോസ് എയ്റോസ്പേസ് എന്നിവ ഉൾപ്പെടുത്തി കേരളത്തിൽ പ്രതിരോധ ഗവേഷണ ഇടനാഴി സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
District News
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയുടെ നിര്മാണം ഉടന്പൂര്ത്തീകരിക്കുമെന്നു മന്ത്രി കെ.എന്.ബാലഗോപാല്. വെളിയം പഞ്ചായത്തിലെ വാപ്പാല കുടുംബാരോഗ്യ കേന്ദ്രത്തില് നിര്മിച്ച ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക വികസനഫണ്ടില്നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ ഓഫീസ് ബ്ലോക്ക് ഒരുക്കിയത്.
വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആര്.പ്രശാന്ത് അധ്യക്ഷനായി. മുന് എംഎല്എ അയിഷ പോറ്റി മുഖ്യാതിഥിയായി.
Business
തിരുവനന്തപുരം: ലോകത്തിലെ ഉയർന്ന അൾട്രാമാരത്തൺ എന്നറിയപ്പെടുന്ന ഖാർദുംഗ് ലാ ചാലഞ്ച് പൂർത്തിയാക്കിയ ആദ്യ മലയാളി വനിതയായ സോജ സിയയെ അഭിനന്ദിച്ച് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ.
കെഎസ്എഫ്ഇ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റായ കോട്ടയം സ്വദേശിനി സോജ സിയ തന്റെ 47-ാം വയസിലാണ് 5,370 മീറ്റർ ഉയരത്തിലുള്ള ഖാർദുംഗ് ലാ ചലഞ്ച് പൂർത്തിയാക്കി ചരിത്രത്തിൽ ഇടം നേടിയത്. സോജയുടെ ഖാർദുംഗ് ലാ ചലഞ്ച് സ്പോൺസർ ചെയ്തത് കെഎസ്എഫ്ഇ ആണ്.
സോജയ്ക്കും ശ്രമങ്ങൾക്ക് പരിപൂർണ പിന്തുണ നൽകി ഒപ്പം നിന്ന കെഎസ്എഫ്ഇക്കും അഭിനന്ദനങ്ങൾ നേരുന്നതായി മന്ത്രി പറഞ്ഞു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സോജയെ പുരസ്കാരം നൽകി ആദരിച്ചു. കെഎസ്എഫ്ഇ ചെയർമാൻ കെ. വരദാരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ തുടങ്ങിയവർ പങ്കെടുത്തു.
കായിക ലോകത്തേക്കുള്ള സോജയുടെ ആദ്യ ചുവടുവയ്പ് അത്ലറ്റിക്സിന് പേരുകേട്ട കോരുത്തോട് സികെഎം സ്കൂളിൽ നിന്നായിരുന്നു. ദ്രോണാചാര്യ അവാർഡ് ജേതാവും പ്രശസ്ത അത്ലറ്റിക്സ് പരിശീലകനുമായ കെ.പി. തോമസ് മാഷിന്റെ ആദ്യകാല ശിഷ്യരിൽ ഒരാളാണ് സോജ.
നിലവിൽ കെഎസ്എഫ്ഇ പൂജപ്പുര ബ്രാഞ്ചിലെ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റും ഐ ടെൻ റണ്ണേഴ്സ് ക്ലബിലെ സജീവ അംഗവുമാണ് സോജ.
സിയാവുദ്ദീൻ - പരേതയായ ഹസീന ദമ്പതികളുടെ മകളാണ്. ഭർത്താവ് ഷാംനാദും മകൻ അസീം ഷായും സോജയുടെ സ്വപ്നങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.