തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ് പാരഡൈസ്’ ടീസർ പുറത്ത്. ഒരു മിനിറ്റും 42 സെക്കൻഡും ദൈർഘ്യമുള്ള ഒരു മാസ്സ് ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.
2026 സെപ്റ്റംബർ 24 ന് ചിത്രം ആഗോള റിലീസായി എത്തും. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് ദസറയുടെ നിർമാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ആണ് അദ്ദേഹം ഈ ചിത്രം നിർമ്മിക്കുന്നത്.
ജദാൽ എന്ന കഥാപാത്രമായി, തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് നാനി ഈ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ നാനിയുടെ ലുക്ക് നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലും വ്യത്യസ്തമായ ഗംഭീര ലുക്കിലാണ് ചിത്രത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രമായാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. രാഘവിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സ് വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. കീര്‍ത്തി സുരേഷിന്റെ ഐറ്റം ഡാൻസും ചിത്രത്തിലുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.