ചിത്രത്തിൽ നിന്നും
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ചിത്രം ഇതുവരെ ആഗോളതലത്തിൽ 167 കോടി രൂപയാണ് വാരിയത്. തെലുങ്കിൽ മാത്രം നെറ്റ് കളക്ഷൻ 99 കോടിയിലെത്തി. ഇനി ഒരു കോടി രൂപ കൂടി ലഭിച്ചാൽ തെലുങ്കിൽ 100 കോടി എന്ന മാന്ത്രിക സംഖ്യ പിടിക്കാൻ ചിത്രത്തിന് സാധിക്കും. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിലെത്തിച്ചിരിക്കുന്നത്.
വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകിയൊരുക്കിയ ഈ ചിത്രം ഒരു അമ്മ -മകൻ ബന്ധത്തിന്റെ ആഴമേറിയ വൈകാരിക കഥ കൂടിയാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. 'ദസറ' എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും സുധാകർ ചെറുകുറിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. 'ജേഴ്സി', 'ഗാംഗ് ലീഡർ' എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിക്കൊപ്പം അനിരുദ്ധ് രവിചന്ദർ സംഗീതസംവിധാനത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ "ആയാ ഷേർ", "യേഷാ നഗുല" എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിട്ടുണ്ട്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റായി ഒരുക്കിയ ചിത്രത്തിൽ 'ജദാൽ' എന്ന മാസ് കഥാപാത്രമായാണ് താരം എത്തുന്നത്. 'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ ചിത്രത്തിൽ വിക്രം മാലിക് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ എട്ട് ഭാഷകളിലാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്തിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് നിർമാണം. സി. എച്ച്. സായ് കാമറയും നവീൻ നൂലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു.
Tags : Nani BoxOffice TheParadise