ചിത്രത്തിൽ പാർവതി തിരുവോത്ത്
പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ നാലാം വാരത്തിലേക്ക് കടക്കുന്നു. റിലീസ് ചെയ്ത നാൾ മുതൽ തിയേറ്ററുകളിൽ മികച്ച മുന്നേറ്റം കാഴ്ചവക്കുന്ന ചിത്രം, നാലാം വാരത്തിലും മികച്ച സ്ക്രീൻ കൗണ്ടോടെയാണ് പ്രദർശനം തുടരുന്നത്. ഇതിനകം തന്നെ ബോക്സ് ഓഫിസിൽ 50 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്ത് ആദ്യമായി പൊലിസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒരു പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ത്രില്ലറിന് പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്തും, കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം വിജയരാഘവനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമെന്ന നിലയിലും ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട്, ആർ. ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്.
11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേടൻ പാടിയ ചിത്രത്തിലെ തീം സോംഗ് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമായിരുന്നു. ഭാവന സ്റ്റുഡിയോസിനാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ്. റോബി രാജ് കാമറയും മുജീബ് മജീദ് സംഗീതവും നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ് ചെയ്തിരിക്കുന്നത്.
സംവിധാനം, തിരക്കഥ, സംഗീതം, എഡിറ്റിംഗ്, അഭിനേതാക്കളുടെ പ്രകടനം എന്നിവയെല്ലാം ഒത്തുവന്ന മികച്ച ഒരു തിയേറ്റർ അനുഭവമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഈ ബോക്സ് ഓഫീസ് വിജയം.
Tags : SuccessfulRun PrathamaDrishtyaKuttakar ParvathyThiruvothu