ഹൃദയപൂർവ്വം സിനിമയിൽ മോഹൻലാൽ
2025ലെ മലയാള സിനിമയിലെ മികച്ച നേട്ടങ്ങൾക്കുള്ള 49-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ വിതരണം ചെയ്തു. എക്കോയാണ് മികച്ച ചിത്രം. 'തുടരും', 'ഹൃദയപൂർവ്വം' എന്നീ ചിത്രങ്ങളിലെ തകർപ്പൻ പ്രകടനത്തിലൂടെ മോഹൻലാൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കല്യാണി പ്രിയദർശൻ (ലോക), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.
എറണാകുളം ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അവാർഡുകൾ ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങളാണ് ഇക്കുറി അവാർഡിനായി അപേക്ഷിച്ചത്.
പ്രധാന പുരസ്കാര ജേതാക്കൾ:
മികച്ച ചിത്രം: എക്കോ
മികച്ച നടൻ: മോഹൻലാൽ (തുടരും, ഹൃദയപൂർവ്വം)
മികച്ച നടി: കല്യാണി പ്രിയദർശൻ (ലോക), അനശ്വര രാജൻ (രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ)
രണ്ടാമത്തെ മികച്ച ചിത്രം: രേഖാചിത്രം (സംവിധാനം: ജോഫിൻ ടി. ചാക്കോ)
രണ്ടാമത്തെ നടൻ: പ്രകാശ് വർമ്മ (തുടരും), ദിലീഷ് പോത്തൻ (റോന്ത്)
രണ്ടാമത്തെ നടി: ഹണി റോസ് (റേച്ചൽ), ശുഭ വയനാട് (ശാന്തി ദ് റിഫ്ളക്ഷൻ ഓഫ് ട്രൂത്ത്)
മികച്ച ജനപ്രിയ ചിത്രം: സർവം മായ (സംവിധാനം: അഖിൽ സത്യൻ)
പ്രത്യേക പുരസ്കാരങ്ങൾ:
മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എം.ജി. ശ്രീകുമാറിന് 'ചലച്ചിത്ര രത്നം' പുരസ്കാരം സമ്മാനിച്ചു. മലയാളത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ എത്തിച്ച സംവിധായകൻ പ്രിയദർശന് 'ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡും' നൽകി ആദരിച്ചു.
കൂടാതെ ടി.ജി. രവി, ഇന്ദ്രൻസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കല്ലിയൂർ ശശി, ഊർമിള ഉണ്ണി, ബി. അരുന്ധതി എന്നിവർ ചലച്ചിത്ര പ്രതിഭാ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
Tags : FilmCriticsAward Echo BestFilm Mohanlal BestActor