തെലുങ്ക് സൂപ്പർ താരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും ഒന്നിക്കുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസ്' സിനിമയുടെ ടീസർ ഓഗസ്റ്റ് ആറിന് റിലീസ് ചെയ്യും. ഒരു മിനിറ്റും 35 സെക്കൻഡ് ദൈർഘ്യമുള്ള ഈ ടീസർ ഒരു കിടിലൻ മാസ് ആക്ഷൻ വിരുന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
സൂപ്പർഹിറ്റ് ചിത്രം ദസറയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിലാണ് നിർമാണം. ചിത്രത്തിൽ 'ജദാൽ' എന്ന മാസ് കഥാപാത്രമായാണ് നാനി എത്തുന്നത്. ഇതിനോടകം പുറത്തിറങ്ങിയ നാനിയുടെ ലുക്കുകളും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബോളിവുഡ് താരം രാഘവ് ജൂയാൽ ചിത്രത്തിൽ 'വിക്രം മാലിക്' എന്ന വില്ലൻ കഥാപാത്രമായെത്തുന്നു. രാഘവിന്റെ ക്യാരക്ടർ ഗ്ലിമ്പ്സ് വീഡിയോ പുറത്ത് വന്നിരുന്നു. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ചിത്രത്തിലെ ആദ്യ ഗാനമായ 'ആയാ ഷേർ' നേരത്തെ തന്നെ പുറത്തു വരികയും ആഗോള തലത്തിൽ തരംഗമായി മാറുകയും ചെയ്തിരുന്നു. ഈ ഗാനത്തിൽ നാനി കാഴ്ചവച്ച ഐക്കോണിക് ഹുക്ക് സ്റ്റെപ്പും ആഗോള തലത്തിൽ വൈറലായി മാറി. അനിരുദ്ധ് രവിചന്ദറാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്.
നാനിയുടെ കരിയറിലെ ഏറ്റവും വലിയ മുതൽമുടക്കിലും വിപുലമായുമാണ് ചിത്രം എത്തുന്നത്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലായാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.