Kerala
മൂന്നാർ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിനു സമീപമാണ് റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതാണത്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.
കഴിഞ്ഞ ശനിയാഴ്ച മാത്രം നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള പാതയിൽ വിവിധയിടങ്ങളിൽ മണ്ണിടിയുകയും അടിമാലി ടൗൺ വെള്ളക്കെട്ടിൽ മുങ്ങുകയും ചെയ്തിരുന്നു. തുടർച്ചയായ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ യാത്രക്കാരെയും പ്രദേശവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ദേശീയപാത നിർമാണവും പ്രദേശത്ത് പെയ്യുന്ന കനത്ത മഴയുമാണ് തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രീയമായ ദേശീയപാത നിർമാണം കാരണമാണ് പലതവണ ഈ പ്രദേശത്ത് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
National
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു. 250 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാനമായ പാതയിൽ ഉധംപുരിലെ ദേവാൽ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചയോടെ വൻ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് ഉധംപുരിനും ബേനിഹാളിനും ഇടയിലായി 1,700ഓളം ചരക്കുലോറികളും നിരവധി വാഹനങ്ങളും കുടുങ്ങി.
മണ്ണിടിച്ചിലിനു പുറമേ ദോഡ ജില്ലയിലെ പ്രധാനപാലത്തിൽ വിള്ളലുകൾ കണ്ടതിനെ തുടർന്ന് സൂരക്ഷപരിശോധനകളുടെ ഭാഗമായി് ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. പാതയിലെ മണ്ണും അവശിഷ്ടങ്ങളും ദേശീയ പാതാ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നീക്കം ചെയ്യുകയാണ്.
നിലവിൽ പാതയുടെ ഒരുവശത്തുകൂടി ഘട്ടംഘട്ടമായി വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നു പോലീസ് അറിയിച്ചു. റോഡിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ ജമ്മുവിൽനിന്ന് ശ്രീനഗർ, ദോഡ, രാംബൻ, പട്നിടോപ്പ് ഭാഗങ്ങളിലേക്കു വാഹനങ്ങളൊന്നും കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി– ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം മുതല് വാളറ വരെ ഭാഗം റവന്യു ഭൂമിയാണെന്നും അടിസ്ഥാന നികുതി രജിസ്റ്ററില് (ബിടിആര്) റോഡ് പുറമ്പോക്കായാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വ്യക്തത വരുത്തി സര്ക്കാര് ഉത്തരവ്.
വനേതര ആവശ്യത്തിനുള്ള ഉപയോഗം അംഗീകരിച്ച് 1927ലും 1932ലും ഉത്തരവുള്ളതിനാല് ഡീ ഫോറസ്റ്റ് സ്റ്റേഷന് വിജ്ഞാപനം ആവശ്യമില്ല. 1980ല് വനസംരക്ഷണ നിയമം വരുന്നതിന് മുമ്പ് സ്ഥലം പൊതുമരാമത്തിന് കൈമാറിയതിനാല് വനേതര ആവശ്യത്തിനുള്ള ഭൂമിയായി ഇതു കണക്കാക്കാമെന്നും ദേശീയപാത നിര്മാണ പ്രവര്ത്തനങ്ങള്ക്ക് തടസമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ പുറപ്പെടുവിച്ച ഉത്തരവില് പറയുന്നു. ഉത്തരവ് സര്ക്കാര് ഹൈക്കോടതിയില് ഹാജരാക്കി.
ഈ മേഖലയില് നിര്മാണം വിലക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എന്. ജയചന്ദ്രന് നല്കിയ ഹര്ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. സ്ഥലം റിസര്വ് വനം ആണെന്ന് 2025 മാര്ച്ചില് അറിയിച്ച സര്ക്കാര്, പിന്നീട് റവന്യു ഭൂമിയാണെന്ന് നിലപാട് മാറ്റിയ പശ്ചാത്തലത്തില് ബന്ധപ്പെട്ട രേഖകളും ഭൂപടങ്ങളും പരിശോധിച്ച് ചീഫ് സെക്രട്ടറി തീരുമാനമെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
റോഡ് ആവശ്യത്തിന് 1932ല് പൊതുമരാമത്തു വകുപ്പിന് റോഡ് നിര്മാണത്തിന് 100 മീറ്റര് വീതിയില് തിരുവിതാംകൂര് രാജ്യം സ്ഥലം കൈമാറുകയും വനംവകുപ്പിന്റെ അനുമതിയോടെ ഇതംഗീകരിച്ച് 1996ല് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തിട്ടുള്ളതുമാണെന്ന് ഉത്തരവില് പറയുന്നു. അന്നു മുതല് വനേതര ആവശ്യങ്ങള്ക്ക് ഉപയോഗിച്ചുവരുന്നതാണെന്നാണു കളക്ടറുടെ റിപ്പോര്ട്ട്.
Viral
ഉത്തർപ്രദേശിലെ അംറോഹയിലെ ദേശീയപാതയിൽ കരിമ്പ് കയറ്റി വന്ന ട്രക്ക് മറിഞ്ഞുണ്ടായ അപകടം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി. ജോയയിലെ ഇഖ്ബാൽ നഗറിന് സമീപം ഞായറാഴ്ച രാത്രിയിലായിരുന്നു ഈ സംഭവം.
അമിതഭാരം കയറ്റി അപകടകരമായ രീതിയിൽ ചരിഞ്ഞു നീങ്ങിയ ട്രക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ ദൃശ്യങ്ങൾ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവർ മൊബൈൽ ക്യാമറയിൽ പകർത്തുകയും അത് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് സമീപത്തെത്തിയപ്പോഴാണ് ട്രക്കിന്റെ ബാലൻസ് പൂർണമായും നഷ്ടപ്പെട്ടത്. തങ്ങൾ സഞ്ചരിക്കുന്ന വാഹനത്തിന് മുകളിലേക്ക് ട്രക്ക് മറിയുമോ എന്ന ഭീതിയിലായിരുന്നു ദൃശ്യങ്ങൾ പകർത്തിയവർ.
ട്രക്ക് മറിഞ്ഞതോടെ ടൺ കണക്കിന് കരിമ്പ് റോഡിലേക്ക് ചിതറി വീഴുകയും ദേശീയപാതയിലെ ഗതാഗതം പൂർണമായും സ്തംഭിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
വിവരമറിഞ്ഞ് ഡിദൗലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉടനടി സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. റോഡിൽ വീണ കരിമ്പ് നീക്കം ചെയ്യുന്നതിനായി മറ്റൊരു ട്രക്ക് പോലീസ് സ്ഥലത്തെത്തിച്ചു.
വലിയൊരു അപകടമാണ് നടന്നതെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായി. നിലവിൽ പോലീസ് ഇടപെട്ട് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Viral
സോഷ്യൽ മീഡിയയിലെ താൽക്കാലിക പ്രശസ്തിക്കായി സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയും പണയപ്പെടുത്തുന്ന വിചിത്രമായൊരു പ്രവണത ഇന്ത്യയിലെ ദേശീയപാതകളിൽ വർധിച്ചുവരികയാണ്.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമെന്നോണം, തിരക്കേറിയ ഹൈവേയുടെ നടുവിലിരുന്ന് സെൽഫി എടുത്ത ദമ്പതികളുടെ ദൃശ്യങ്ങൾ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിരിക്കുന്നു.
അതിവേഗത്തിൽ വാഹനങ്ങൾ പാഞ്ഞുപോകുന്ന പാതയുടെ നടുവിൽ യാതൊരു ഭയവുമില്ലാതെ വിശ്രമിക്കുന്ന രീതിയിൽ ഇരുന്നായിരുന്നു ഇവരുടെ സെൽഫിയെടുപ്പ്.
ഈ സമയത്ത് പാഞ്ഞുവന്ന ഒരു കാർ ദമ്പതികളുടെ തൊട്ടടുത്തെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
മരണത്തെ മുഖാമുഖം കണ്ടിട്ടും തങ്ങളുടെ തെറ്റ് തിരുത്തുന്നതിന് പകരം, വാഹനം നിർത്തിയ ഡ്രൈവറോട് തട്ടിക്കയറാനാണ് ഇവർ ശ്രമിച്ചത് എന്നതാണ് ഏറെ ഞെട്ടിക്കുന്ന വസ്തുത. ഇത്രയും വലിയ റോഡിൽ തങ്ങളെ കാണാൻ സാധിച്ചില്ലേ എന്നായിരുന്നു ഇവരുടെ വിചിത്രമായ ചോദ്യം.
ഈ വീഡിയോ വൈറലായതോടെ സൈബർ ലോകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരം സാഹസികതകൾ കാട്ടുന്നവർക്കെതിരെ വെറും പിഴ മാത്രമല്ല, തടവുശിക്ഷ ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും ആവശ്യം.
പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ അപകടമുണ്ടായാൽ യാതൊരു തെറ്റും ചെയ്യാത്ത ഡ്രൈവർമാർ പ്രതിക്കൂട്ടിലാകുന്നത് പതിവാണെന്നും കമന്റുകൾ ഉയരുന്നുണ്ട്.
ഹൈവേകളും എക്സ്പ്രസ് വേകളും അതിവേഗ ഗതാഗതത്തിനായി രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും അവിടെ ഫോട്ടോഗ്രഫിക്ക് വേണ്ടി സമയം ചെലവഴിക്കുന്നത് നിയമവിരുദ്ധമാണെന്നും അധികൃതർ ആവർത്തിച്ചു വ്യക്തമാക്കുന്നു.
ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നിയമങ്ങൾ നിലവിലുണ്ടായിട്ടും നിയമത്തെ പുച്ഛിച്ചുതള്ളുന്ന ഇത്തരം ആളുകൾ സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ഗതാഗത സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.