National
ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾക്ക് ആകർഷകമായ ഓഫറുകളും പുതിയ പഠന ഫീച്ചറുകളും പ്രഖ്യാപിച്ച് ഗൂഗിൾ. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് 12 മാസത്തേക്ക് ‘ഗൂഗിൾ എഐ പ്ലസ്’ സബ്സ്ക്രിപ്ഷൻ പൂർണമായും സൗജന്യമായി ലഭിക്കും. 2026 ഡിസംബർ 31 വരെ വിദ്യാർഥികൾക്ക് ഈ ഓഫർ സ്വന്തമാക്കാവുന്നതാണ്.
400 ജിബി സ്റ്റോറേജും വിപുലമായ ഫീച്ചറുകളും
പ്രതിമാസം പണം നൽകി ഉപയോഗിക്കേണ്ട ഗൂഗിൾ എഐ പ്ലസ് പ്ലാനിലൂടെ 400 ജിബി ക്ലൗഡ് സ്റ്റോറേജ്, ജെമിനിയുടെ ഉയർന്ന ഉപയോഗ പരിധി എന്നിവ വിദ്യാർഥികൾക്കു ലഭിക്കും. കൂടാതെ, എഐ അധിഷ്ഠിത ഇമേജ്-വീഡിയോ-സംഗീത നിർമാണ സൗകര്യങ്ങൾ, നോട്ട്ബുക്ക് എൽഎമ്മിന്റെ അധിക ഫീച്ചറുകൾ, കൂടുതൽ കരുത്തുറ്റ ജെമിനി എഐ മോഡലുകളുടെ ഉപയോഗം എന്നിവയും ഈ പ്ലാനിന്റെ ഭാഗമായി ലഭ്യമാകും.
പഠന സഹായിയായി ‘സ്റ്റഡി നോട്ട്ബുക്സ്’
വിദ്യാർഥികളുടെ പഠന പങ്കാളിയായി ജെമിനിയെ മാറ്റുന്നതിനായി ‘സ്റ്റഡി നോട്ട്ബുക്സ്’ എന്ന പുതിയ ഫീച്ചറും ഗൂഗിൾ അവതരിപ്പിച്ചു. ക്ലാസ് നോട്ടുകളും മറ്റു പഠന സാമഗ്രികളും അപ്ലോഡ് ചെയ്താൽ, വിദ്യാർഥികളുടെ ആവശ്യത്തിനനുസരിച്ച് വ്യക്തിഗത പഠന പദ്ധതികൾ ജെമിനി തയാറാക്കി നൽകും. ഇതിലൂടെ പഠന വിവരങ്ങൾ അടിസ്ഥാനമാക്കി ക്വിസുകൾ നടത്താനും കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ കണ്ടെത്തി ലഘുവായ ഇന്ററാക്ടീവ് പാഠങ്ങൾ നൽകാനും സാധിക്കും. ചോദ്യങ്ങൾക്കു നേരിട്ട് ഉത്തരം നൽകുന്നതിനു പകരം, പടിപടിയായുള്ള മാർഗനിർദേശങ്ങളിലൂടെ ആശയങ്ങൾ സ്വയം മനസിലാക്കാൻ സഹായിക്കുന്ന ‘ഗൈഡഡ് ലേണിംഗ്’ രീതിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
യോഗ്യതയും നേടേണ്ട വിധവും
കുറഞ്ഞത് 16 വയസ് പ്രായമുള്ള, അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ സൗജന്യ ആനുകൂല്യം ലഭിക്കുക. ഗൂഗിൾ വൺ സ്റ്റുഡന്റ് ഓഫർ പേജ് വഴി വിദ്യാർഥികൾക്ക് തങ്ങളുടെ വ്യക്തിഗത ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. തുടർന്ന് കോളജ് അല്ലെങ്കിൽ സ്കൂൾ ഇ-മെയിൽ ഐഡി നൽകി വിദ്യാർഥിയാണെന്നു സ്ഥിരീകരിച്ച് ഓഫർ ക്ലെയിം ചെയ്യാവുന്നതാണ്. ഇന്ത്യയിലെ വിദ്യാർഥികൾക്ക് എഐ സാങ്കേതികവിദ്യ പ്രാപ്യമാക്കുന്നതിനും പഠന നിലവാരമുയർത്തുന്നതിനും ഗൂഗിളിന്റെ ഈ നടപടി വലിയ സഹായമാകും.
National
ന്യൂഡൽഹി: കേന്ദ്ര മന്ത്രാലയങ്ങളും സർക്കാർ വകുപ്പുകളും തങ്ങളുടെ സൈബർ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ വിദേശ കമ്പനികളുടെ നിർമിതബുദ്ധി മോഡലുകൾ ഉപയോഗിക്കുന്നത് താത്കാലികമായി നിർത്തിവെക്കാൻ ഐടി മന്ത്രാലയത്തിന് കീഴിലുള്ള ഏജൻസി നിർദേശം നൽകി. സുരക്ഷാ ഭീഷണികളും ഡാറ്റാ സ്വകാര്യതയും കണക്കിലെടുത്താണ് ഈ സുപ്രധാന തീരുമാനം.
വിദേശ കമ്പനികളുടെ മോഡലുകളിൽ സർക്കാർ വിവരങ്ങൾ കൈമാറുമ്പോൾ അത്യാവശ്യമായ സുരക്ഷാ ഉറപ്പുകൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. തന്ത്രപ്രധാനമായ സർക്കാർ രേഖകൾ ഈ മോഡലുകൾ ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയേക്കാമെന്നും നിർണായകമായ സൈബർ സുരക്ഷാ സംവിധാനങ്ങൾ വിദേശ അൽഗോരിതങ്ങളെ ആശ്രയിക്കുന്നത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണിയാണെന്നും സർക്കാർ കരുതുന്നു.
എഐ മോഡലുകൾക്ക് പിഴവുകൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ, അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷാ മേഖലകളിൽ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദേശ മോഡലുകൾക്ക് പകരം തദ്ദേശീയമായി വികസിപ്പിച്ചെടുത്തതോ വിശ്വസനീയമായ സുരക്ഷാ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കാനാണ് വകുപ്പുകളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്.
സർക്കാർ ഡിജിറ്റൽ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള ഡിജിറ്റൽ ആക്രമണങ്ങളെ പ്രതിരോധിക്കാനുമാണ് മന്ത്രാലയം ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെതിരെയല്ല, മറിച്ച് അതിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗത്തിനെതിരെയാണ് ഈ ജാഗ്രതാ നിർദേശമെന്നും മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.
Kerala
കല്പ്പറ്റ: കഴിഞ്ഞ സര്ക്കാരില് മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തതില് തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ഐടി വകുപ്പ് താന് കൈവശം വച്ചത് ദുഃസൂചനയോടെ മുഖ്യമന്ത്രി പരാമര്ശിക്കുന്നതു കണ്ടുവെന്നും പ്രതിപക്ഷ നേതാവ് വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിതന്നെയാണ് ഐടി വകുപ്പ് ഏറ്റെടുക്കാറുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് യുഡിഎഫിന് ബാധകമായ കാര്യമാണ്. എല്ഡിഎഫിന് അതു ബാധകമല്ല. എല്ഡിഎഫ് സര്ക്കാരുകളിലെ മുഖ്യമന്ത്രിമാര് ഐടി വകുപ്പ് കൈാര്യം ചെയ്തത് കാണാന് സാധിക്കും.
2006ല് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയപ്പോള് ഐടി വകുപ്പ് കൈകാര്യം ചെയ്തു. 1996ല് മുഖ്യമന്ത്രിയായ ഇ.കെ. നായനാരായിരുന്നു ഐടി വകുപ്പിന്റെ മന്ത്രിയും. ഇപ്പോള് മുഖ്യമന്ത്രി സൂചിപ്പിക്കാന് ശ്രമിച്ചത് കഴിഞ്ഞ എല്ഡിഎഫ് സര്ക്കാരിന്റെ മുഖ്യമന്ത്രി ഐടി വകുപ്പ് കൈകാര്യം ചെയ്തത് ഒറ്റപ്പെട്ട സംഭവമാണെന്നാണ്.
ഇത് എല്ഡിഎഫ് സര്ക്കാരുകൾ സ്വീകരിച്ചുവന്ന രീതിയാണ്. ഇതൊന്നും അറിയാതെയല്ല മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും ഇത്തരം രീതികള് മുഖ്യമന്ത്രിക്ക് ചേര്ന്നതാണോയെന്ന് അദ്ദേഹം സ്വയം പരിശോധിക്കുന്നത് നന്നാകുമെന്നും പിണറായി വിജയന് പറഞ്ഞു.
വിഴിഞ്ഞം ഓഹരി കൈമാറ്റം സര്ക്കാരിന് ഒഴിഞ്ഞു മാറാനാകില്ല
വിഴിഞ്ഞം തുറമുഖ കമ്പനിയിലെ അദാനിയുടെ ഓഹരി കൈമാറ്റത്തില് തൊടുന്യായങ്ങള് പറഞ്ഞ് സര്ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്.
ദേശാഭിമാനിയെ പഴിചാരി സ്വന്തം വാദങ്ങള് ന്യായീകരിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നത്. ദേശാഭിമാനിക്ക് ഓഹരി കൈമാറ്റം മുന്കൂട്ടി അറിയാമായിരുന്നുവെന്നും ഈ വിവരം മുന്സര്ക്കാരില്നിന്നു ലഭിച്ചതാണെന്നും പറയുന്നു.