ചെന്നൈ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ രാമനാഥപുരത്തുണ്ടായ സംഭവത്തിൽ വൈഗൈ നഗർ സ്വദേശിയായ ചെല്ലമുത്തു (31) ആണ് ഭാര്യ ശർമിള (28), ഭാര്യാമാതാവ് പത്മാവതി (58) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിന്നാലെ പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ദുബായിൽ ജോലി ചെയ്തിരുന്ന ചെല്ലമുത്തു അടുത്തിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഭാര്യ ശർമിളയും ഇയാളും കുറച്ചുകാലമായി അകന്നു കഴിയുകയായിരുന്നു.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ഇതിൽ പ്രകോപിതനായ ചെല്ലമുത്തു അരിവാൾ ഉപയോഗിച്ച് ഭാര്യയെയും തടയാൻ ശ്രമിച്ച ഭാര്യാമാതാവിനെയും വെട്ടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.